- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണച്ചെലവു വർധിച്ചതോടെ റോഡുകൾക്ക് ശനിദശ; പണമില്ലാത്തതിനാൽ റോഡ് നിർമ്മാണം ഇനി അഴുക്കുചാൽ ഇല്ലാതെ; അഴുക്കുചാൽ നിർബന്ധമാക്കിയാൽ പണിയാനാകുന്നത് വെറും 20 ശതമാനം റോഡ്
പാലക്കാട്: സംസ്ഥാനത്ത് ഇനി അഴുക്കുചാൽ ഇല്ലാത്ത റോഡുകൾ. പുതിയതായി നിർമ്മിക്കുന്ന റോഡുകൾക്കും നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും അഴുക്കുചാൽ നിർമ്മിക്കേണ്ടെന്നു തീരുമാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇതു മറികടക്കാൻ അഴുക്കുചാലില്ലാത്ത റോഡുകൾക്ക് മുൻഗണന നൽകാനാണ് തീരുമാനം. ഒഴിവാക്കാൻ കഴിയാത്തിട
പാലക്കാട്: സംസ്ഥാനത്ത് ഇനി അഴുക്കുചാൽ ഇല്ലാത്ത റോഡുകൾ. പുതിയതായി നിർമ്മിക്കുന്ന റോഡുകൾക്കും നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും അഴുക്കുചാൽ നിർമ്മിക്കേണ്ടെന്നു തീരുമാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇതു മറികടക്കാൻ അഴുക്കുചാലില്ലാത്ത റോഡുകൾക്ക് മുൻഗണന നൽകാനാണ് തീരുമാനം. ഒഴിവാക്കാൻ കഴിയാത്തിടത്തു മാത്രമേ ഇനി അഴുക്കുചാൽ നിർമ്മിക്കൂ. പൊതുമരാമത്ത് നിർമ്മിക്കുന്ന റോഡുകൾക്ക് ഇനി അഴുക്കുചാൽ ഉണ്ടാകില്ല.
അഴുക്കുചാൽ ഉൾപ്പെടെ ഒരു കിലോമീറ്റർ റോഡിന് ഒന്നരക്കോടി രൂപയാണ് ചെലവ് വരിക. ഇത്രയും വലിയ തുകയിൽ അഴുക്കുചാൽ ഉൾപ്പടെ റോഡുകൾ നിർമ്മിച്ചാൽ സംസ്ഥാനത്ത് ഇരുപതു ശതമാനം റോഡിനു മാത്രമേ വികസനം സാദ്ധ്യമാകൂ എന്നാണു വിലയിരുത്തൽ. നിർമ്മാണച്ചെലവിൽ വന്ന വലിയ വർദ്ധനയാണ് റോഡുകൾക്ക് ശനിദശയായി മാറിയത്.
നിലവാരമുള്ള സാധാരണ റോഡുകൾ നിർമ്മിക്കാൻ വരെ വലിയ തുകയുടെ വർദ്ധനയാണു വന്നിട്ടുള്ളത്. റബറൈസ്ഡ് റോഡുകളുടെ കാര്യം ഇതിനു പുറമേയാണ്. നിർമ്മാണച്ചെലവിൽ വലിയ തോതിൽ വർദ്ധന വന്നത് ഈ റോഡുകൾക്കൊപ്പം നിർമ്മിക്കുന്ന അഴുക്കുചാലുകളും ഭാവിയിൽ ഇല്ലാതാക്കും. അഴുക്കുചാൽ സഹിതം നിർമ്മിച്ചാലോ അറ്റകുറ്റപ്പണികൾ നടത്തിയാലോ ഇനി സംസ്ഥാനത്ത് പുതിയ റോഡുകൾ ഉണ്ടാക്കാൻ കഴിയില്ലെന്നാണ് വിശദീകരണം. റോഡ് വികസനം ഇരുപതു ശതമാനം മാത്രം നടപ്പിലാക്കുന്നതിലും ഭേദം അഴുക്കുചാലില്ലാതെ കൂടുതൽ റോഡുകൾ നിർമ്മിക്കാൻ നീക്കം നടത്തുമ്പോഴും നേരത്തേയുള്ള റോഡ് നിർമ്മാണത്തിനുള്ള ഫണ്ട് കുറയുന്നില്ലെന്നതാണ് വാസ്തവം.
പുതിയ റോഡുകൾ നിർമ്മിക്കുമ്പോൾ അഴുക്കുചാൽ നിർമ്മാണത്തിനുള്ള തുകയും വകയിരുത്താറുണ്ട്. റോഡുപണിക്ക് തുക അനുവദിക്കുന്നതിന്റെ കൂടെ 30 ശതമാനമോ അതിലധികമോ തുക അഴുക്കുചാലിനും അനുവദിക്കാറുണ്ട്. റോഡിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ നോക്കിയാണ് ഈ തുകയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നത്. എന്നാൽ റോഡ് നിർമ്മാണച്ചെലവിൽ വന്ന വർദ്ധനയെന്ന നിലയിൽ ഈ തുക റോഡ് നിർമ്മാണത്തിലേക്ക് ഇറങ്ങിയതായി കണക്കുകൾ വരുന്നതായി ആരോപണമുണ്ട്. സംസ്ഥാനത്ത് അടുത്തിടെ നടന്ന റോഡ് നിർമ്മാണങ്ങളിലാണ് ഇത് നടന്നതായി ആരോപണമുള്ളത്.
അതേസമയം നിർമ്മാണം കഴിഞ്ഞ് കരാറുകാർ മടങ്ങും മുമ്പേ റോഡ് തകരുന്നത് പതിവുകാഴ്‌ച്ചയാണ്. ശക്തമായ ഒരു മഴക്കാലം കഴിഞ്ഞാൽ പിന്നെ പലയിടത്തും റോഡില്ലാത്ത അവസ്ഥയാണ്. മഴവെള്ളം ഒഴുകിപ്പോകാനുള്ള അഴുക്കുചാൽ ഇല്ലാത്തതാണ് റോഡ് തകർച്ചക്ക് ഒരു പ്രധാന കാരണമാകുന്നതെന്നതു വ്യക്തമായ കാര്യമാണ്. കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ അഴുക്കുചാൽ ഇല്ലാതെ റോഡ് നിർമ്മിക്കുന്നത് വലിയ പ്രയോജനം ചെയ്യില്ലെന്ന് അഭിപ്രായമുണ്ട്. ഇങ്ങനെ നിർമ്മിക്കുന്ന റോഡുകൾക്ക് പരമാവധി രണ്ടുവർഷത്തിലധികം ആയുസ്സ് ഉണ്ടാകില്ല. അഴുക്കുചാൽ നിർമ്മാണത്തിലൂടെ ലാഭിക്കുന്ന തുക ഉടൻ തന്നെ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് വിനിയോഗിക്കേണ്ടി വരും. കോടികൾ മുടക്കി നടത്തുന്ന റോഡ് നിർമ്മാണം ചിലരുടെ കീശ വീർപ്പിക്കാൻ അല്ലാതെ മറ്റൊന്നിനും ഗുണം ഇല്ലാത്ത അവസ്ഥയാകും ഉണ്ടാകുന്നത്.