കോഴിക്കോട്: ഫ്രാൻസിസ് ആലുക്കാസ് ജൂവലറിയുടെ 40 ലക്ഷത്തോളം രൂപ വിലവരുന്ന ഒന്നേകാൽ കിലോഗ്രാം സ്വർണാഭരണങ്ങൾ പട്ടാപ്പകൽ കൊള്ളയടിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറെ. ഹാൾമാർക്ക് ചെയ്തു ജൂവലറിയിലേക്കു കൊണ്ടുപോകുകയായിരുന്ന ആഭരണങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എന്ന് പറഞ്ഞെത്തിയവർ തട്ടിയെടുത്തത്. ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് മോഷണം നടത്തിയത്. പൊലീസിന് കിട്ടിയ മൊഴിയിൽ തന്നെ ഏറെ പ്രശ്‌നങ്ങളുണ്ട്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ജൂവലറിയിലെ ജീവനക്കാരൻ ഹാൾമാർക്കിങ് സെന്ററിൽ നിന്ന് ആഭരണങ്ങളുമായി സ്‌കൂട്ടറിൽ മടങ്ങവെ എംഎം അലി റോഡിലാണ് കൊള്ള നടന്നത്. പിന്നിൽ നിന്നു വന്ന ഇന്നോവ കാർ സ്‌കൂട്ടറിനെ റോഡരികിലേക്കു അടുപ്പിച്ചു നിർത്തി. അതിൽ നിന്നിറങ്ങിയവർ തങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞു സ്‌കൂട്ടറിന്റെ താക്കോൽ പിടിച്ചെടുത്ത് സ്‌കൂട്ടർ തുറന്ന് ആഭരണങ്ങളെടുത്തു കാറിലിട്ടു. ജീവനക്കാരനെയും പിടിച്ചു കയറ്റി. ചാലപ്പുറത്തെ ഓഫിസിലേക്കു പോകുകയാണെന്നു പറഞ്ഞു കാർ കുതിച്ചു. എന്നാൽ എൻഫോഴ്‌സുമെന്റുകാർ ഇത്തരത്തിൽ പ്രവർത്തിക്കില്ലെന്ന പ്രാഥമിക ബോധ്യം എല്ലാവർക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് സംശയം.

ചാലപ്പുറത്തെത്തിയപ്പോൾ മാങ്കാവിലെ ഓഫിസിലേക്കാണെന്നു പറഞ്ഞു കാർ പിന്നെയും ഓടി. മാങ്കാവിലെത്തിയ കാർ അവിടെ നിർത്താതെ പിന്നെയും ഓടിയപ്പോൾ സംശയം തോന്നിയെന്നാണ് ജീവനക്കാരന്റെ മൊഴി. ഈ സാഹചര്യത്തിൽ ജീവനക്കാരൻ ഒച്ച വെയ്ക്കാൻ തുനിഞ്ഞപ്പോൾ കാറിലുള്ളവർ വായ പൊത്തിപ്പിടിച്ചു. പിന്നീട് തല സീറ്റിനടിയിലേക്കു അമർത്തി വച്ചു. കാർ കുറെ നേരം ഓടിയശേഷം മെഡിക്കൽ കോളജ് ദേവഗിരിക്കു സമീപം ജീവനക്കാരനെ പുറത്തേക്കെറിഞ്ഞു കൊള്ള സംഘം കടന്നു കളഞ്ഞുവെന്നാണ് പൊലീസിനോട് ഫറയുന്നത്.

കെഎൽ10 റജിസ്‌ട്രേഷനുള്ള വെള്ള ഇന്നോവ കാറിലാണ് സംഘമെത്തിയത്. ജീവനക്കാരന്റെ ഫോൺ കൊള്ളസംഘം പിടിച്ചു വാങ്ങിയിരുന്നു. എത്തേണ്ട സമയം കഴിഞ്ഞും ജീവനക്കാരനെ കാണാഞ്ഞപ്പോൾ ജൂവലറിയിൽ നിന്നു മൊബൈൽ ഫോണിലേക്കു വിളിച്ചെങ്കിലും എടുത്തില്ല. വൈകിട്ട് നാലരയോടെയാണ് കൊള്ള നടന്ന വിവരം ജൂവലറിയിൽ അറിഞ്ഞത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. ജീവനക്കാരനെ കൊണ്ടു പോയ വഴിയിലെല്ലാം പൊലീസ് സംഘം പോയി തെളിവു ശേഖരിച്ചു. എന്നാൽ ഒന്നും കിട്ടിയില്ല.

ഇന്നോവകാറും എൻഫോഴ്‌സുമെന്റെ കാറിലെ കറക്കവുമൊന്നും പൊലീസിന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പട്ടാപ്പകൽ കോഴിക്കോട് പോലൊരു സ്ഥലത്ത് ഇതൊക്കെ എങ്ങനെ നടക്കുമെന്നതാണ് ഉയരുന്ന ചോദ്യം.