പാമ്പാടി: വൈദികൻ പള്ളിയിൽ പോയ സമയത്ത് വീട്ടിൽ കയറി സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ അദ്ദേഹത്തിന്റെ മകൻ അറസ്റ്റിലാകുന്നത് പൊലീസിന്റെ കരുതലോടെയുള്ള നീക്കത്തിന്റെ ഫളം. കൂരോപ്പട പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിൽ നിന്നാണ് 48 പവൻ സ്വർണവും 80,000 രൂപയും മോഷ്ടിച്ചത്. ഇതിൽ 21 പവൻ വീടിനു സമീപത്തെ വഴിയിൽ നിന്നു തിരിച്ചു കിട്ടിയിരുന്നു. മകൻ ഷിനോ നൈനാൻ ജേക്കബിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഷിനോയും ഇതേ വീട്ടിലാണു താമസം.

വീടിനു സമീപം ഇൻഷുറൻസ് ഏജൻസി ഓഫിസ് നടത്തുകയാണ് ഷിനോ. ഫാ. നൈനാനും ഭാര്യയും സന്ധ്യാപ്രാർത്ഥനയ്ക്കായി പള്ളിയിലേക്കു പോയപ്പോഴായിരുന്നു മകൻ എത്തിയത്. പ്രൊഫഷണൽ കള്ളനെ പോലെ പ്രവർത്തിച്ചു. വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തു കയറി. മുറിയിൽ മുളകുപൊടി വിതറുകയും ചെയ്തു. തിരിച്ചു പോകുന്നതിനിടെ കുറച്ചു സ്വർണം ഇടവഴിയിൽ ഉപേക്ഷിച്ചു. ഇതെല്ലാം മോഷ്ടാവ് പണിയറിയാവുന്നവനാണെന്ന് വരുത്താനായിരുന്നു. എന്നാൽ പൊലീസ് കൃത്യമായി തന്നെ ആളിലേക്ക് എത്തി.

സ്വന്തം സ്ഥാപനത്തിനു സമീപത്തുള്ള പലചരക്ക് കടയുടെ ഗോഡൗണിലാണു മോഷ്ടിച്ച പണം ഒളിപ്പിച്ചത്. കടയുടെ പിന്നിലെ കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് ഡപ്പിയിലാക്കി സ്വർണം ഒളിപ്പിച്ചു. തുടർന്ന് കാറെടുത്ത് പുറത്തു പോയ ഷിനോ ട്യൂഷനു പോയ മകനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തി. ഒന്നും അറിയാത്തതു പോലെ നിന്നു. എന്നാൽ ഈ മകന്റെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നി. അതാണ് നിർണ്ണായകമായത്.

ഷിനോയ്ക്കു വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. വീട്ടിൽ നിന്നു കടം വാങ്ങിയതിൽ 35,000 രൂപ ഷിനോ മോഷണം നടന്ന ദിവസം തിരികെ നൽകിയിരുന്നു. മോഷണം നടന്ന സമയത്ത് ഇയാൾ ഫോൺ ഓഫ് ചെയ്തതും പൊലീസ് തിരിച്ചറിഞ്ഞു. വീട്ടിലെ എല്ലാ അംഗങ്ങളുടെയും വിരലടയാളം ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. ഇതും നിർണ്ണായകമായി. മകനെ കുറിച്ചുള്ള സംശയമായിരുന്നു ഈ വേറിട്ട ചിന്തയ്ക്കുള്ള കാരണം.

വൈദികന്റെ മൂത്തമകനാണ് അറസ്റ്റിലായത്. സാമ്പത്തികബാധ്യതകൾ തീർക്കാനാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വൻതോതിൽ ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാൽ വലിയ സാമ്പത്തികബാധ്യത ഉണ്ടായിരുന്നു.വീടിനെക്കുറിച്ചും വൈദികൻ പോയിവരുന്ന സമയവും സംബന്ധിച്ച് വ്യക്തമായ വിവരമുള്ളവരാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. കട്ടിലിലെ മെത്തക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാരതുറന്ന് മോഷണംനടത്തിയതും മോഷ്ടിച്ച സ്വർണത്തിൽ കുറേഭാഗം വഴിയിൽകിടന്ന് കിട്ടിയതും കവർച്ചക്കുപിന്നിൽ വീടുമായി വളരെ അടുപ്പമുള്ളവരാണെന്നും പരിചിതരായ മോഷ്ടാക്കളല്ലന്നുമുള്ള നിഗമനത്തിൽ അന്വേഷണസംഘം എത്തുന്നതിനു കാരണമായി.

ശാസ്ത്രീയ അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ആറ് വിരലടയാളങ്ങൾ ലഭിച്ചെങ്കിലും പുറത്തുനിന്നുള്ള ആളുകളുടെ വിരലടയാളങ്ങൾ ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കവർച്ചനടന്ന ദിവസം അപരിചിതരായ ആളുകളെ സമീപ പ്രദേശങ്ങളിലൊന്നും കണ്ടിരുന്നില്ലെന്ന് നാട്ടുകാരും പൊലീസിന് മൊഴിനൽകി. അടുക്കളഭാഗത്തുനിന്ന് മണംപിടിച്ച് ഓടിയ പൊലീസ് നായ പോയവഴിയെ മകൻ അന്നേദിവസം സഞ്ചരിച്ചിരുന്നതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. ചില സാമ്പത്തിക ബാധ്യതകളുണ്ടെന്ന സൂചനകൂടി ലഭിച്ചതോടെ മകനെ നിരീക്ഷണത്തിലാക്കി. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എൻ.ബാബുക്കുട്ടൻ, പാമ്പാടി എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ, പള്ളിക്കത്തോട് എസ്എച്ച്ഒ എസ്.പ്രദീപ്, എസ്‌ഐമാരായ കെ.എസ്.ലെബി മോൻ, കെ.ആർ.ശ്രീരംഗൻ, ജോമോൻ എം.തോമസ്, എം.എ.ബിനോയ്, ജി.രാജേഷ്, എഎസ്‌ഐ പ്രദീപ് കുമാർ, സിപിഒമാരായ ജയകൃഷ്ണൻ, ഫെർണാണ്ടസ്, സാജു പി.മാത്യു, ജിബിൻ ലോബോ, പി.സി.സുനിൽ, ജസ്റ്റിൻ, ജി.രഞ്ജിത്, ടി.ജി.സതീഷ്, സരുൺ രാജ്, അനൂപ് എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.