കൊച്ചി: എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന നക്ഷത്ര ഹോട്ടലിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ കൂടി എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കൊറ്റങ്കര വില്ലേജ് കരിക്കോട് പുത്തൻപുര വീട്ടിൽ മുഹമ്മദ് ശരീഫ് (44), കടവന്ത്ര ചിലവന്നൂർ കാഞ്ഞിക്കൽ വീട്ടിൽസെബാസ്റ്റ്യൻ @ ജസ്റ്റിൻ (43), എറണാകുളം കരിത്തല, മണികണ്ഠൻ തുരുത്ത് വീട്ടിൽ പ്രസാദ് രാജു (43)എന്നിവരാണ് അറസ്റ്റിലായത്.

കണയന്നൂർ തഹസിൽദാർ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ബ്യൂമോണ്ട് ഹോട്ടലിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് മുഹമ്മദ് ശരീഫ് പിടിയിൽ ആയത്.
സെബാസ്റ്റ്യൻ ഹോട്ടലിൽ നിന്നും മോഷണ സംഘത്തിൽ ഉൾപ്പെട്ട ആളാണ്. മോഷണ മുതൽ ആണെന്ന അറിവോടെ ഇയാളിൽ നിന്നും ടെലിവിഷൻ ഉൾപ്പടെയുള്ള ഉപകരണങ്ങൾ വാങ്ങിയ കടയുടമയാണ് പ്രസാദ് രാജു. ഹോട്ടലിൽ നിന്നും മോഷണം നടത്തി എടുത്ത കൂടുതൽ മുതലുകൾ പൊലീസ് കണ്ടെടുത്തു.

എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ് വിജയശങ്കർ, എസ് ഐ മാരായ വിപിൻ കുമാർ, തോമസ് പള്ളൻ, അരുൾ, എ എസ് ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ്, ഇസഹാക് തുടങ്ങിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു