- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തക്കംപാർത്തിരുന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്ന സി.സി.ടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ; ആകെ നാണക്കേടായതോടെ അങ്കലാപ്പായി; മലപ്പുറം ചങ്ങരംകുളത്ത് വർക്ക് ഷോപ്പുടമ പൊലീസിൽ പരാതി നൽകിയതോടെ യുവമോഷ്ടാവ് പ്രയോഗിച്ച സൂത്രം ഇങ്ങനെ
മലപ്പുറം: തക്കംപാർത്തിരുന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്നതിനിടെ ദൃശ്യം സിസി ടി.വി ക്യാമറയിൽ പതിഞ്ഞതോടെ മോഷ്ടിച്ച ബൈക്ക് തിരികെ ഏൽപിച്ച് മോഷ്ടാവ്. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ബൈക്കുമായി പോകുന്ന സി.സി.ടി.വി ദൃശ്യം സോഷ്യൽ മീഡിയയിൽ കൂടി വൈറലായതോടെയാണ് മോഷ്ടാവ് വെട്ടിലായത്. ചങ്ങരംകുളത്ത് നിന്ന് കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ടിച്ചു കടന്നുകളയുന്ന സി.സി.ടി.വി ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെയാണ് ദൃശ്യത്തിൽ മുഖം വ്യക്തമല്ലാത്ത മോഷ്ടാവായ അജ്ഞാതൻ മോഷ്ടിച്ച ബൈക്ക് തിരിച്ചെത്തിച്ച് മുങ്ങിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചിയ്യാനൂർ പാടത്തെ അജ്മലിന്റെ ഉടമസ്ഥതയിലുള്ള വർക്ഷോപ്പിൽ അറ്റകുറ്റപണികൾക്കായി പള്ളിക്കര സ്വദേശി നൽകിയ ബൈക്കാണ് വർക്ഷോപ്പ് ഉടമ പുറത്ത് പോയ തക്കം നോക്കി യുവാവ് മോഷ്ടിച്ച് കടന്നത്. സമീപത്തെ സ്ഥാപനത്തിൽ നിന്ന് ലഭിച്ച സി.സിടി.വിസി ക്യാമറ ദൃശ്യം സഹിതം ബൈക്ക് ഉടമയും വർക്ഷോപ്പ് ഉടമയും ചങ്ങരംകുളം പൊലീസിന് പരാതി നൽകി. യുവാവായ മോഷ്ടാവ് തുണിയെടുത്ത് മുഖം മറിച്ച് റോഡ് മുറിച്ച് കടന്ന് ബൈക്ക് എടുത്തുകൊണ്ടുപോകുന്നത് സി.സി.ടി.വിയിൽ വ്യക്തമാണ്. എന്നാൽ ദൂരെ നിന്നുള്ള ദൃശ്യമായതിനാലാണ് മുഖം വ്യക്തമാകാതിരുന്നത്.
സംഭവ ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ ഇന്ന് പുലർച്ചെ ബൈക്ക് ചങ്ങരംകുളത്ത് എത്തിച്ച് സമീപത്തെ മരുന്ന് കടയിൽ കീ ഏൽപിച്ചു ഉടമ വന്ന് വാങ്ങുമെന്ന് പറഞ്ഞു. പിന്നെ ചങ്ങരംകുളത്ത് നിന്ന് ഓട്ടോ വിളിച്ച് ചിറവല്ലൂരിൽ ഇറങ്ങി കോൾ ചെയ്യാനെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറുടെ മൊബൈൽ വാങ്ങി വർക് ഷോപ്പ് ഉടമക്ക് വിളിച്ചു ബൈക്ക് ചങ്ങരംകുളത്ത് ഉണ്ടെന്നും കീ അവിടെ കൊടുത്ത് ഏൽപിച്ചിട്ടുണ്ടെന്നും അബദ്ധം പറ്റിയതാണെന്നും പറഞ്ഞ് കോൾ കട്ടാക്കുകയായിരുന്നു. ചങ്ങരംകുളം പൊലീസ് ഓട്ടോ ഡ്രൈവറെ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഓട്ടോ വാടകക്ക് വിളിച്ച കള്ളൻ ഓട്ടോ ഡ്രൈവറുടെ മൊബൈലിൽ നിന്നാണ് വർക്ഷോപ്പ് ഉടമക്ക് കോൾ ചെയ്തതെന്ന് മനസിലായത്.കള്ളനെ തിരിച്ചറിഞ്ഞില്ലെങ്കിലുംനഷ്ടപ്പെട്ട ബൈക്ക് തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് വർക്ഷോപ്പ് ഉടമയും,ബൈക്ക് ഉടമയും.
മറുനാടന് മലയാളി ബ്യൂറോ