- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ പ്രചരിച്ചത് മുഖം മറച്ച് ഷർട്ട് ധരിക്കാതെ പിറകിൽ ഒരു ബാഗും കയ്യിൽ മാരകായുധവുമായി നടക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ; മലപ്പുറത്ത് വിവിധ പ്രദേശങ്ങളെ ഭീതിയിലാഴ്‌ത്തി മോഷണവും; പൊലീസിനെ വെല്ലുവിളിച്ച് മോഷണം നടത്തിയ പ്രതിയെ സാഹസികമായി പിടികൂടി
മലപ്പുറം: പൊലീസിനെ വെല്ലുവിളിച്ച് മോഷണം നടത്തിയ പ്രതിയെ അതിസാഹസികമായി പിടികൂടി. താനൂർ ഒഴൂർ കുട്ട്യാമാക്കാനകത്ത് ഷാജഹാനെ(55)യാണ് പിടികൂടിയത് ഏർവാടിയിൽവെച്ച്. നാല് മാസത്തോളമായി ഒരു പ്രദേശത്തെ ഭീതിയിലാഴ്‌ത്തി മോഷണം നടത്തിവരുകയും രാത്രിയിൽ ഭീതി പരത്തി അക്രമണത്തിലൂടെ വീടിന്റെ ഗ്രില്ലും മറ്റും തകർത്ത് മോഷണം നടത്തുകയും ചെയ്തു വരികയായിരുന്നു പ്രതി. മൂച്ചിക്കൽ, പത്തമ്പാട് പ്രദേശങ്ങളിൽ ദിവസങ്ങളോളം നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയിരുന്ന മോഷ്ടാവാണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ മുതൽ തുടർച്ചയായി വട്ടത്താണി, മഞ്ഞളംപടി, പത്തമ്പാട്, മൂച്ചിക്കൽ, മീനടത്തൂർ, താനാളൂർ തുടങ്ങിയ ഭാഗങ്ങളിലെ സിസിടിവി ക്യാമറകളിലാണ് ഇയാളുടെ ദൃശ്യം പതിഞ്ഞത്. മുഖം മറച്ച്, ഷർട്ട് ധരിക്കാതെ പിറകിൽ ഒരു ബാഗും, കയ്യിൽ മാരകായുധവുമായി നടക്കുന്ന തരത്തിലുള്ള സിസിടിവി വീഡിയോ ദൃശ്യങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. ഇതോടെ പ്രദേശത്തുകാർ തീർത്തും ഭീതിയിലായിരുന്നു. വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകൾ ഇയാൾ തകർത്തിരുന്നു.
ഒക്ടോബർ 15ന് പുലർച്ചെ പത്തമ്പാട് റഹീന ക്വാർട്ടേഴ്സിന്റെ ഗ്രിൽ, വാതിൽ എന്നിവ പൊളിച്ച് ബെഡ്‌റൂമിൽ കയറി പാനാട്ടു മുഹമ്മദ് കുട്ടിയുടെ ഭാര്യയുടെ കഴുത്തിൽ നിന്നും ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും 2 മൊബൈൽ ഫോണുകളും ഉൾപ്പടെ 51000 രൂപയുടെ സാധനങ്ങൾ മോഷണം പോയി.
അടുത്ത ദിവസം പുലർച്ചെ മൂച്ചിക്കൽ താമസിക്കുന്ന കറ്റത്തിൽ അനൂപിന്റെ വീടിന്റെ പിറകുവശത്തെ ഗ്രിൽസും, ഡോറും പൊളിച്ച് അകത്തു കയറി ബെഡ്‌റൂമിൽ ഷെൽഫിനകത്തു ബാഗിൽ സൂക്ഷിച്ചിരുന്ന 170000 രൂപയും പേഴ്സിലുണ്ടായിരുന്ന 6000രൂപയും മോഷണം പോയി. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ മോഷ്ടാവിന്റെ മുഖം വ്യക്തമായില്ല. ഇതോടെ ആളെ തിരിച്ചറിയാനായില്ല.
ഒക്ടോബർ 15മുതൽ പൊലീസ്, നാട്ടുകാർ, ട്രോമകെയർ, പൊലീസ് വളണ്ടിയർമാർ എന്നിവർ ദിവസവും രാത്രിയിൽ കള്ളൻ ഇറങ്ങുന്ന പ്രദേശങ്ങളിൽ പല സ്ഥലത്തായി രാവിലെ വരെ ഒളിച്ചിരിക്കുകയും, പൊലീസ് സംഘം മഫ്തിയിലും യൂണിഫോമിലുമായി പട്രോളിങ് നടത്തുകയും ചെയ്തു. പല സ്ഥലത്തുവച്ചും കള്ളനെ കണ്ടുവെങ്കിലും പിടികൂടാനായില്ല.
മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിൽ കുറ്റമറ്റ അന്വേഷണത്തിലൂടെയും സഹസികമായും തമിഴ്‌നാട്ടിലെ ഏർവാടിയിൽ നിന്നുമാണ് മോഷ്ടാവിനെ പിടികൂടിയത്. സിഐ പി പ്രമോദ്, എസ്ഐമാരായ എൻ ശ്രീജിത്ത്, ഗിരീഷ്, രാജേഷ് കുമാർ, സീനിയർ സിപിഒമാരായ കെ സലേഷ്, ഷംസാദ്, സിപിഒ സബറുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ നിരവധി കേസുകളിലെ പ്രതിയാണ് ഷാജഹാൻ. ചെറുപ്പം മുതൽ മോഷണവുമായി നടക്കുന്ന പ്രൊഫഷണൽ കള്ളനാണ് ഇയാൾ. 27 വർഷം വിവിധ ജയിലുകളിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്.