കോതമംഗലം: സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ കെണിയിൽപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയിൽ ഗുണ്ട സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അടിമലി സ്വദേശി സുനിൽകുമാറിന്റെ പരാതിയിയെത്തുടർന്ന് കോതമംഗലം പേലീസ് ചാർജ്ജ് ചെയ്ത കേസ് ഇപ്പോൾ കുട്ടംപുഴ പൊലീസാണ് അന്വേഷണം നടത്തുന്നത്.

മൂന്നാറിൽ സ്വന്തമായുണ്ടായിരുന്ന സ്ഥലം വിറ്റുകിട്ടിയ പണം കൈവശമുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘം സുനിൽകുമാറിനെ കെണിയിൽ വീഴ്‌ത്തി പണം തട്ടാൻ ശ്രമിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.ഇതിനായി രണ്ടു യുവതികളെ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം കർമ്മപദ്ധതി തയ്യാറാക്കിയത്. കൊച്ചിയിലും കിഴക്കൻ മേഖലയിലും നിരവധി കേസുകളിൽ പ്രതികളായ കുപ്രസിദ്ധ ഗുണ്ടകൾ തന്നെ കെണിയിൽ വീഴ്‌ത്തി പണംതട്ടിയെന്നാണ് സുനിൽകുമാറിന്റെ പരാതി.

ഇയാൾക്ക് സ്ത്രീവിഷയത്തിൽ താൽപര്യമുണ്ടെന്ന് മനസ്സിലാക്കിയ സംഘം ദുർനടപ്പുകാരികളായ രണ്ടുസ്ത്രീകളെ ഇതിനായി ചുമതലപ്പെടുത്തി. ഫോണിൽ പരിചയപ്പെട്ട സ്ത്രീകളിൽ ഒരാൾ സുനിലുമായി ചങ്ങാത്തത്തിലായ ശേഷം കോതമംഗലത്തെത്തി നേരിൽ കാണാമെന്നയറിയിച്ചു.ഇതുപ്രകാരം കോതംമംഗലത്തെത്തിയ കായംകുളം സ്വദേശിനിയായ യുവതി സുനിൽ കുമാറുമൊന്നിച്ച് വാഹനത്തിൽ കയറി. രാത്രി വടാട്ടുപാറ ഭാഗത്തേക്കായിരുന്നു യാത്ര. ഭൂതത്താൻകെട്ടിലെത്തിയപ്പോൾ ഗുണ്ടാസംഘം ചുമതലപ്പെടുത്തിയിരുന്നവർ സുനിൽ കുമാറിന്റെ വാഹനം തടഞ്ഞു. ഇവിടെ വച്ച് ഉന്തും തള്ളുമുണ്ടാവുകയും പിന്നിട് അക്രമിസംഘമെത്തിയ വാഹനത്തിൽ സുനിലിനെയും സ്ത്രീയെയും കറ്റി വടാട്ടുപാറ ഭാഗത്തേക്ക് പോവുകയുമായിരുന്നു.

വാടാട്ടുപാറയിലെത്തിയ അവസരത്തിൽ തന്റെ മൊബൈൽ ഫോണും കൈവശമുണ്ടായിരുന്ന പണവും സ്വർണ്ണമോതിരവും ഗുണ്ടാസംഘം കൈക്കലാക്കിയെന്നും ഇതിന് ശേഷം സ്ത്രീക്കൊപ്പം നിർത്തി നഗ്നഫോട്ടോ പകർത്തിയെന്നും പിന്നീട് ഈ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്നും ഇന്റർനെറ്റിൽ ഇടുമെന്നും മറ്റും ഭീഷിണിപ്പെടുത്തി സംഘം പലവട്ടം തന്റെ പക്കൽ നിന്നും വൻതുക തട്ടിയെന്നുമാണ് സുനിൽ പരാതിയിൽ ചൂണ്ടികാണിച്ചിട്ടുള്ളത്. ഇവരുടെ ശല്യം കൂടി വന്നതോടെയാണ് സുനിൽ പൊലീസിനെ സമീപിച്ചത്. കേസിൽ പ്രതിയായ സ്ത്രീയിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഭർത്താവ് രോഗിയാണെന്നും ചികത്സക്ക് പണം സംഘടിപ്പിക്കാനാണ് താൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നുമാണ് കൊച്ചിയിൽ തയ്യൽ ജോലിയുമായിക്കഴിയുന്ന യുവതി പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

വിവരങ്ങൾ വെളിപ്പെടുത്തുന്നത് കേസ്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ഇതു സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ സാധ്യമല്ലന്നുമാണ് കുട്ടംപുഴപൊലീസിന്റെ നിലപാട്.