കാസർകോട്: സ്വർണ ഇടപാടുകാരനെ തട്ടിക്കൊണ്ടു പോയി 65 ലക്ഷം കൊള്ളയടിച്ചെന്ന കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വിട്ടു. കണ്ണൂരിലെ ആളൊഴിഞ്ഞ പ്രദേശത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ പ്രദേശവാസി സ്ഥാപിച്ച സി സി ടി വി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

ഏതാനും പ്രതികളുടെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന മറ്റൊരു സി സി ടി വിയിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അഞ്ചു പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.



ഇവരെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ കാസർകോട് ഡി വൈ എസ് പിയുടെ 9497990147 എന്ന നമ്പറിലോ, കാസർകോട് ഇൻസ്പെക്ടറുടെ 9497987217 എന്ന നമ്പറിലോ അറിയിക്കണമെന്ന് അന്വേഷണസംഘം പറഞ്ഞു.

കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെയും കാസർകോട് ഇൻസ്‌പെക്ടർ അജിത് കുമാറിന്റെയും നേത്യത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസന്വേഷിക്കുന്നത്. പ്രതികൾ തലശേരി ഭാഗത്തുള്ളവരാണെന്ന സംശയമാണ് ഉയർന്നിട്ടുള്ളത്.



മൊഗ്രാൽ പുത്തൂരിൽ പാലത്തിന് സമീപത്ത് നിന്നും ബുധനാഴ്ച ഉച്ചയോടെയാണ് തലശേരിയിലേക്ക് കാറിൽ പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാഹുലിനെ (35) വഴി തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയത്.

കെ എ 19 എം ഡി 9200 നമ്പർ ഇന്നോവ കാറിൽ വരുമ്പോൾ മൂന്ന് കാറുകളിലെത്തിയ സംഘം രാഹൂലിനെ തട്ടിക്കൊണ്ടു പോയി വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിച്ചെന്നാണ് കേസ്.

തന്നെ പിടിച്ചു കയറ്റിയ ഇന്നോവ കാറിൽ അഞ്ചുപേരും മറ്റൊരു ഇന്നോവയിൽ മൂന്നുപേരും ഉണ്ടായിരുന്നതായാണ് യുവാവ് വെളിപ്പെടുത്തിയത്. എന്നാൽ മറ്റൊരു കാറിലും ചിലർ സംഘത്തിൽ ഉണ്ടായിരുന്നതായി സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.



പണം കൊള്ളയടിച്ച ശേഷം പയ്യന്നൂരിൽ ഇറക്കിവിടുകയായിരുന്നുവെന്നാണ് രാഹുൽ പറയുന്നത്. കാർ പയ്യന്നൂർ ഏച്ചിലാം വയൽ കരിങ്കുഴിയിൽ സീറ്റുകളും മറ്റും കുത്തി കീറിയ നിലയിൽ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ രണ്ട് സ്വർണ വ്യാപാരികളുടെ സഹായിയാണ് താനെന്നാണ് രാഹുൽ പൊലിസിനോട് പറഞ്ഞത്. തലശേരിയിലേക്ക് പഴയതും ഉരുക്കിയതുമായ സ്വർണം വാങ്ങാൻ പണവുമായി പോവുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയതെന്നും രാഹുൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ടി പി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയുടെ സംഘത്തിൽ പെട്ടവരാണ് സ്വർണ ഇടപാടുകാരനെ റാഞ്ചിയതിന് പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഏതാനും വർഷം മുമ്പ് വിദ്യാനഗർ ചെക്കള ബേവിഞ്ച വളവിൽ വെച്ച് മാർവാടിയെ ആക്രമിച്ച് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതുകൊടി സുനിയുടെ സഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.



അന്ന് മാർവാടിയെയും സഹായിയെയും അക്രമിച്ച് കോടികൾ കൊള്ളയടിച്ച സംഭവത്തിൽ തലശേരി, മട്ടന്നൂർ ഭാഗത്തെ പാർട്ടിക്കാരായ ഏതാനും പേർ അറസ്റ്റിലായിരുന്നു.മൊഗ്രാൽ പുത്തൂരിൽ പട്ടാപ്പകൽ നടന്ന തട്ടിക്കൊണ്ടുപോകലിന് പ്രദേശവാസിയായ മീൻപിടുത്ത തൊഴിലാളി ദൃക്‌സാക്ഷിയായിരുന്നു. സംഘം എത്തിയ രണ്ട് ഇന്നോവ കാറിന്റെ നമ്പർ രാഹുൽ പൊലീസിന് നൽകിയിരുന്നുവെങ്കലും നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. സംഘത്തെ കണ്ടെത്താനായി ദേശീയപാതയിലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.