മെൽബൺ: മെൽബണിലെ മലയാളി സമൂഹത്തെ ഭീതിയിലാക്കി വീണ്ടും മലയാളിയുടെ വീട്ടിൽ മോഷണം. വാഗാ വാഗായ്ക്ക് സമീപം താമസിക്കുന്ന വയനാട് സ്വദേശിനിയായ നഴ്‌സിന്റെ വീട്ടിൽ ആണ് വാതിൽ പൂട്ട് തുറന്ന് മോഷ്ടാക്കൾ അകത്ത് കയറി സാധനങ്ങളുമായി കടന്ന് കളഞ്ഞത്. എന്നാൽ സമയോചിതമായ ഇടപെടൽ മൂലം കള്ളന്മാരെ പിടികൂടാനായ സന്തോഷത്തിലാണ് മലയാളി സമൂഹം ഒന്നടങ്കം. മലയാളി സമൂഹത്തെ കേന്ദ്രീകരിച്ച് നടന്ന വന്ന മോഷണങ്ങൾക്ക് ഇതോടെ അറുതിയായേക്കുമെന്ന ആശ്വാസത്തിലാണ് ഇവർ.

വാഗാ വാഗിയിൽ താമസിക്കുന്ന മലയാളി നഴ്‌സിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടത്ത്. വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി കള്ളന്മാർ അകത്ത് കടക്കുകയായിരുന്നു. എന്നാൽ ഡ്യൂട്ടിക്കായി പോയ മലയാളി നഴ്‌സ് അത്യാവശ്യ സാധനം മറന്നത് തിരികെ എടുക്കാൻ എത്തിയപ്പോൾ മോഷണം നടന്ന വിവരം അറിഞ്ഞു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചതിന്റെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്ക്, മോഷ്ടാക്കൾ മലയാളി നഴ്‌സിന്റെ ബാങ്ക് കാർഡ് ഉപയോഗിച്ച് പട്രോൾ അടിച്ചതായി കണ്ടെത്തി. തുടർന്ന് അടുത്ത സ്ഥലത്തും ഇതേ കാർഡ് ഉപയോഗിച്ചതോടെ കള്ളന്മാരുടെ ഒളി സങ്കേതം കണ്ടെത്താൻ പൊലീസിന് എളുപ്പം സാധിച്ചതോടെ കള്ളന്മാർ വലയിലാവുകായായിരുന്നു.

ലാപ് ടോപ്, പഴ്‌സ്, ബാങ്ക് കാർഡുകൾ, പാസ്‌പോർട്ട്, അടുത്ത മാസം പോകാനിരുന്ന വിമാന ടിക്കറ്റ് തുടങ്ങിയവ അടങ്ങിയ ബാഗ് എന്നിവയും കുറച്ച് സ്വർണ്ണവുമാണ് മോഷ്ടാക്കൾ കൊണ്ട് പോയത്. അടുത്ത മാസം വിവാഹത്തിനായി നാട്ടിലേക്ക് പോകാനായി കരുതിയിരുന്ന രേഖകളും സാധനങ്ങളും തിരികെ ലഭിച്ച സന്തോഷത്തിലാണ് നഴ്‌സും കുടുംബവും..