സലാല: സലാലയിൽ മലയാളി കുടുംബത്തെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. സലാല അഞ്ചാം നമ്പറിലെ താമസക്കാരായ തൃശൂർ മാള സ്വദേശി വാമദേവനെയും കുടുംബത്തെയും ഒന്നര ദിവസത്തോളം കെട്ടിയിട്ടാണ് കവർച്ച നടത്തിയത്. സംഭവത്തിൽ പിടിയിലായ പ്രതികളും മലയാളികൾ തന്നെയാണെന്ന കണ്ടത്തലും മലയാളി സമൂഹത്തിനിടിയിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

പ്രതികളിൽ ഒരാളായ തിരുവനന്തപുരം സ്വദേശി അനിൽകുമാറിനെ വെള്ളിയാഴ്ച ഉച്ചയോടെ എയർപോർട്ടിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു. മറ്റൊരു പ്രതിയായ സമീർ താമസസ്ഥലത്തുനിന്ന് പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കവെ തലയിടിച്ചുവീണ് മരിക്കുകയും ചെയ്തു. കൊച്ചി സ്വദേശി സമീറാണ് (32) മരിച്ചത്.

ഒന്നര ദിവസത്തോളമാണ് സംഘം വാമദേവനെയും ഭാര്യ ശുഭയെയും 13കാരനായ മകനെയും ബന്ദികളാക്കിയത്. ഗുരുതര പരിക്കേറ്റ വാമദേവന്റെ ഭാര്യ ശുഭ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു. മറ്റൊരാൾ വാങ്ങിയ തുക തരാനെന്ന വ്യാജേന വ്യാഴാഴ്ച രാവിലെ എട്ടിനാണ് ഇരുവരും വാമദേവന്റെ താമസസ്ഥലത്ത് എത്തിയത്. വീട്ടിൽ കടന്ന ഉടൻ വാമദേവനെയും മകനെയും കയറുപയോഗിച്ച് ബന്ദിയാക്കി. നിലവിളിക്കാൻ ശ്രമിച്ച ശുഭയെ അക്രമികൾ തൊണ്ടക്ക് പൈപ്പുവച്ച് അടിച്ചു. മുഖം ടേപ് ഉപയോഗിച്ച് വരിഞ്ഞുകെട്ടി.

വീട്ടിലുണ്ടായിരുന്ന റിയാലും സ്വർണവും ലാപ്‌ടോപ്പും കൈക്കലാക്കിയ സംഘം വ്യാഴാഴ്ച രാത്രി അവിടെ കഴിച്ചുകൂട്ടി. വെള്ളിയാഴ്ച ഉച്ചയോടെ കൊള്ളയടിച്ച സാധനങ്ങളുമായി എയർ ഇന്ത്യ എക്സ്‌പ്രസിൽ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു സനൽകുമാറിന്റെ ലക്ഷ്യം. ഏറെനേരം മുഖം വലിച്ചുകെട്ടിയതിനാൽ ശുഭ അവശയായി. അക്രമികൾ പുറത്തുകടന്ന സമയം എങ്ങനെയോ കെട്ടഴിച്ച വാമദേവൻ സഹോദരങ്ങളെ ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. ഇവരത്തെി ഫ്‌ളാറ്റ് ബലം പ്രയോഗിച്ച് തുറന്ന് അകത്തുകയറി മൂവരെയും രക്ഷപ്പെടുത്തി. ഉടൻ പൊലീസ് സ്റ്റേഷനിലത്തെി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സനൽകുമാറിനെ അറസ്റ്റ് ചെയ്തത്.

സനൽകുമാർ വഴി പൊലീസ് സംഘം മറ്റൊരു പ്രതിയായ സമീർ തങ്ങിയ മുറിയിലുമത്തെി. പൊലീസ് എത്തിയതറിഞ്ഞ് പിൻവശത്തെ ജനാലയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ തലയടിച്ച് സംഭവസ്ഥലത്ത് മരിക്കുകയായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സമീറിന്റെ ഭാര്യ നേരത്തേ അഞ്ചാം നമ്പറിലെ ഒരു സ്വകാര്യ ക്‌ളിനിക്കിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ നാട്ടിലാണുള്ളത്.

കവർന്ന എല്ലാ സാധനങ്ങളും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം അഞ്ചാം നമ്പർ ഭാഗത്ത് നടന്ന മോഷണശ്രമവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. സനൽകുമാറിനെ ജയിലിലേക്ക് മാറ്റിയ പൊലീസ് അന്വേഷണം ഊർജിതമാക്കി. മലയാളികളാണ് കവർച്ചക്കു പിന്നിൽ എന്ന് വാർത്തയുടെ ഞെട്ടലാണ് മലയാളി പ്രവാസി സമൂഹം ഇപ്പോൾ.