- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്റ്റ്യാനൊയുടെ റെക്കോർഡിനൊപ്പം ഇനി ലെവൻഡോവ്‌സ്‌കിയും ; റോബർട്ട് ലെവൻഡോവ്‌സ്‌കി ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരം;നേട്ടം കൈവരിക്കുന്നത് തുടർച്ചയായ രണ്ടാം തവണ; മറികടന്നത് സലായെയും ലയണൽ മെസ്സിയെയും; വനിതകളിൽ അലക്‌സിയ പുത്തേയസ്
സൂറിച്ച്: 2021 സീസണിലെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി റോബർട്ട് ലെവൻഡോസ്‌കി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ തവണയാണ് ലെവൻഡോസ്‌കി പുരസ്‌കാരം നേടുന്നത്. അലക്‌സിയ പുത്തേയസാണ് മികച്ച വനിതാ താരം. പുരസ്‌കാരം നേടുന്ന ആദ്യ സ്പാനിഷ് വനിതാ താരമാണ് പുത്തേയസ്.അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പുരുഷ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ക്രിസ്റ്റ്യാനൊ റൊണാൾഡോയെ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു.
സലായെയും ലയണൽ മെസ്സിയെയും മറികടന്നാണ് ലെവൻഡോവ്‌സ്‌കി ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇതോടെ റൊണാൾഡോയുടെ രണ്ട് പുരസ്‌കാര നേട്ടത്തിനൊപ്പമെത്തിയിരുക്കുകയാണ് ലെവൻഡോവ്‌സ്‌കിയും. അതേസമയം ബാഴ്‌സലോണയുടെ അലക്‌സിയ പുതിയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ചെൽസിയെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ച തോമസ് തോമസ് തുഷലാണ് മികച്ച പുരുഷ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്.മികച്ച വനിതാ പരിശീലകയായ എമ്മ ഹെയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയെയാണ് എമ്മ പരിശീലിപ്പിക്കുന്നത്. ചെൽസിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ എമ്മയ്ക്ക് കഴിഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒരു ടീമിനെ എത്തിച്ച ആദ്യ വനിതാ പരിശീലകയും എമ്മയാണ്.
ഫെയർ പ്ലെ പുരസ്‌കാരം ഡെന്മാർക്കിനാണ്. 2021 യൂറോ കപ്പിനിടെ ക്രിസ്റ്റ്യൻ എറിക്‌സണ് ഹൃദയാഘാതം സംഭവിച്ചപ്പോഴത്തെ ടീമിന്റെ പ്രതികരണമാണ് അവാർഡ് നേടിക്കൊടുത്തത്.പോയ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം എറിക്ക് ലമേലയ്ക്ക് ലഭിച്ചു. ടോട്ടനത്തിനായി ആഴ്‌സണലിനെതിരെ നേടിയ ഉജ്വല ഗോളാണ് എറിക്കിന് പുരസ്‌കാരം നേടിക്കൊടുത്തത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസിയുടെ എഡ്വേർഡ് മെൻഡിയാണ് മികച്ച പുരുഷ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രകടനമാണ് താരത്തിനെ അവാർഡിനർഹനാക്കിയത്.മികച്ച വനിതാ ഗോൾ കീപ്പറിനുള്ള പുരസ്‌കാരം ക്രിസ്റ്റ്യൻ എൻഡ്‌ലറിനാണ്. ചിലിയൻ താരമായ ക്രിസ്റ്റ്യൻ ഫ്രഞ്ച് ലീഗിൽ ഒളിമ്പിക് ലിയോണൈസിനായാണ് കളിക്കുന്നത്.
ഫിഫ പ്രത്യേക പുരസ്‌കാരം കാനഡയുടെ വനിതാ താരം ക്രിസ്റ്റീൻ സിൻക്ലെയറിന് ലഭിച്ചു. അന്താരാഷ്ട്ര ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടിയതിനാണ് അംഗീകാരം. കാനഡയ്ക്കായി 300 മത്സരങ്ങളിൽ നിന്ന് 188 ഗോളുകളാണ് താരം നേടിയത്.
ഫിഫ പുരുഷ ടീം: ഡോണാറുമ്മ (ഗോൾ കീപ്പർ), ഡേവിഡ് അലാബ, റൂബൻ ഡയാസ്, ലിയണാർഡൊ ബൊനൂച്ചി (പ്രതിരോധം), എൻഗൊളൊ കാന്റെ, ജോർജിൻഹൊ, കെവിൻ ഡീബ്രൂയിൻ (മധ്യനിര), ക്രിസ്റ്റ്യാനൊ റൊണാൾഡൊ, ലയണൽ മെസി, റോബർട്ട് ലെവൻഡോസ്‌കി, എർലിങ് ഹാളണ്ട് (മുന്നേറ്റനിര).
ഫിഫ വനിതാ ടീം: എൻഡ്‌ലർ (ഗോൾകീപ്പർ), ബ്രോൺസ്, ബ്രൈറ്റ്, റെനാർഡ്, എറിക്‌സൺ (പ്രതിരോധം), ബാനിനി, ലോയ്ഡ്, ബോണസേറ (മധ്യനിര), മാർട്ട, മോർഗൻ, മിഡെമ (മുന്നേറ്റനിര).
സ്പോർട്സ് ഡെസ്ക്