ട്ടാള അട്ടിമറിയിലൂടെ തടവിലാക്കപ്പെട്ട സിംബാബ്‌വെ പ്രസിഡന്റ് റോബർട്ട് മുഗാബെയ്ക്ക് ഒരാഴ്ച മുമ്പ് താൻ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്‌സൺ മനാംഗാഗ്‌വയെ പ്രസിഡന്റ് സ്ഥാനം ഏൽപിക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. പുറത്താക്കപ്പെട്ടതിനെത്തുടർന്ന് രാജ്യം വിട്ട 75-കാരനായ എമേഴ്‌സൺ, മുഗാബെ തടവിലാക്കപ്പെട്ടതോടെ സിംബാബ്‌വെയിൽ തിരിച്ചെത്തിയിട്ടുണ്ട്. അതിനിടെ, അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഗാബെയുടെ ഭാര്യ നമീബിയയിലേക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്.

93-കാരനായ മുഗാബെയെ രക്തം ചീന്താതെ സൈന്യം നടത്തിയ ഓപ്പറേഷനിലൂടെയാണ് തടവിലാക്കിയത്. 36 വർഷം സിംബാബ്‌വെയെ ഭരിച്ച മുഗാബെയ്ക്ക് ഇനിയുള്ള നാളുകൾ തടവറയിൽ കഴിയാമെന്നാണ് സൂചന. എമേഴ്‌സണെ മുഗാബെ പുറത്താക്കിയതോടെ അടുത്ത പ്രസിഡന്റായി മുഗാബെയുടെ ഭാര്യ ഗ്രേസ് മുഗാബി ചുമതലയേൽക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, പട്ടാള അട്ടിമറിയെത്തുടർന്ന് ഒളിവിലായിരുന്ന ഗ്രേസിനെ കഴിഞ്ഞ രാത്രി നമീബിയയിലേക്ക് പോകാൻ അനുവദിച്ചുവെന്ന് പ്രതിപക്ഷ എംപിയായ എഡ്ഡി ക്രോസ് പറഞ്ഞു.

നിലവിൽ അധികാരം പട്ടാളത്തിനാണ്. മുഗാബെയുമായും എമേഴ്‌സണുമായും പട്ടാളം ചർച്ച നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എമേഴ്‌സണെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് പുനർനിയമിച്ചശേഷം മുഗാബെ സ്ഥാനത്തുനിന്ന് വിരമിക്കുകയെന്നതാകും സൈന്യം മുന്നോട്ടുവെക്കുന്ന ഉപാധി. അങ്ങനെ വന്നാൽ, ഭരണപ്രതിസന്ധിയില്ലാതെ എമേഴ്‌സണ് അധികാരമേൽക്കാനുമാവും. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാൽ, ഫസ്റ്റ് വൈസ് പ്രസിഡന്റിന് 90 ദിവസത്തേക്ക് ആക്ടിങ് പ്രസിഡന്റായി തുടരാമെന്നാണ് ഭരണഘടനാവ്യവസ്ഥ.

താൻ വീട്ടുതടങ്കലിലാണെന്ന കാര്യം മുഗാബെ സ്ഥിരീകരിച്ചതായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. ഹരാരെയിലെ പാർലമെന്റ് മന്ദിരത്തിലേക്കും ഔദ്യോഗിക വസതികളിലേക്കുമുള്ള റോഡുകൾ സൈന്യം തടഞ്ഞിരിക്കുകയാണ്. മുതിർന്ന സൈനികരാണ് ഇപ്പോൾ സ്ഥിതിഗതികൾ സംബന്ധിച്ച് ടെലിവിഷനിലൂടെ അറിയിപ്പുകൾ നൽകുന്നത്.

മൂന്നര പതിറ്റാണ്ടിലേറെയായി സിംബാബ്‌വെയെ ഭരിച്ച മുഗാബെയുടെ ശക്തികേന്ദ്രങ്ങളെന്നും തന്റെ ഭാര്യമാരായിരുന്നു. 1958-ൽ ഘാനയിൽ കോളേജ് അദ്ധ്യാപകനായിരിക്കെ പരിചയപ്പെട്ട സാലി ഹെയ്‌ഫ്രോണാണ് മുഗാബെയുടെ ആദ്യഭാര്യ. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ മുഗാബെ തടവിലാക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് പ്രചാരണം നൽകിയത് സാലിയായിരുന്നു.

1992-ൽ മരിക്കുന്നതുവരെ അവർ മുഗാബെയുടെ ശക്തിസ്രോതസ്സായി നിന്നു. പിന്നീടാണ് ഗ്രേസിനെ മുഗാബെ വിവാഹം കഴിക്കുന്നത്. ഗുച്ചി ഗ്രേസ് എന്ന് പ്രശസ്തയായ അവർ, അഡംബരഭ്രമക്കാരിയായിരുന്നു. ഗ്രേസിനോടുള്ള എതിർപ്പാണ് സിംബാബ്‌വെ അധികാരത്തിൽ മുഗാബയ്‌ക്കെതിരായ വികാരം ശക്തമായി വളരാനിടയാക്കിയത്.