ന്യൂഡൽഹി: ഭർത്താവ് റോബർട്ട് വധേരയുടെയോ അദ്ദേഹത്തിന്റെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയുടെയോ സാമ്പത്തിക ഇടപാടുകളുമായി തനിക്ക് ബന്ധമില്ലെന്ന് പ്രിയങ്ക ഗാന്ധി. റോബർട്ട് വധേരയ്ക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച തുക ഫരീദാബാദിൽ സ്ഥലം വാങ്ങാൻ പ്രിയങ്ക ഉപയോഗിച്ചെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് പ്രസ്താവനയിറക്കിയത്.

റോബർട്ട് വധേരയ്ക്ക് ഭൂമിയിടപാടിൽ നിന്ന് ലഭിച്ച തുക ഏതെങ്കിലും തരത്തിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന മാധ്യമ അന്വേഷണം നിരന്തരം വധേരയുടെ ഓഫീസിലേക്ക് വന്നിരുന്നു. ഡിഎൽഎഫുമായുള്ള ഭൂമിയിടപാടിൽ വധേരയുടെ കമ്പനിക്ക് ലഭിച്ച തുക ഉപയോഗിച്ചാണോ പ്രിയങ്ക ഗാന്ധി ഫരീദാബാദിൽ അഞ്ച് ഏക്കർ ഭൂമി വാങ്ങിയതെന്ന തരത്തിലുള്ള അന്വേഷമാണ് ഓഫീസിൽ വന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട വിശദീകരണ കുറിപ്പ് ഇറക്കിയത്.

പ്രിയങ്ക 15 ലക്ഷം രൂപ നൽകിയാണ് ഫരീദാബാദിൽ സ്ഥലം വാങ്ങിയതെന്നും ഇത് റോബർട്ട് വധേരയും ഡിഎൽഎഫുമായുള്ള കരാറിന് ആറു വർഷം മുമ്പാണെന്നും പ്രസ്താവനിയിൽ വ്യക്തമാക്കുന്നു. സ്ഥലം 2010 ഫെബ്രുവരിയിൽ ആദ്യത്തെ ഉടമസ്ഥന് തന്നെ അന്നത്തെ വിപണിമൂല്യമായ 80 ലക്ഷത്തിന് മറിച്ചു വിറ്റെന്നും പ്രസ്താവനയിൽ പറയുന്നു. ഇതിനായുള്ള പണം ഭർത്താവ് വധേരയിൽ നിന്നല്ല ഇന്ദിര ഗാന്ധിയിൽ നിന്ന് ലഭിച്ച കുടുംബ സ്വത്തിൽ നിന്നാണ് ലഭിച്ചതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.