ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനായ റോബർട്ട് വാദ്ര 2008ൽ ഹരിയാനയിൽ നടത്തിയ ഭൂമി ഇടപാടിൽ നയാപൈസ മുടക്കാതെ 50.5 കോടി രൂപയുടെ അനധികൃതലാഭം ഉണ്ടാക്കിയെന്ന് റിപ്പോർട്ട്. ഗുർഗാവിലെ ഭൂമിയിടപാടുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എസ്.എൻ. ധിൻഗ്ര കമ്മീഷന്റേതാണ് കണ്ടെത്തൽ. റിപ്പോർട്ട് മുദ്രവെച്ച കവറിൽ ഹരിയാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. 2015ൽ മനോഹർലാലിന്റെ ബിജെപി സർക്കാരാണ് കമ്മീഷൻ രൂപീകരിച്ചത്.

ഗുർഗാവിലെ നാല് ഗ്രാമങ്ങളിൽ നടന്ന ഭൂമി ഇടപാടുകളെ പററി അന്വേഷിക്കാനാണ് കമ്മീഷൻ രൂപീകരിച്ചത്. 2008 ൽ നടന്ന ഇടപാടിൽ ഒരു രൂപ പോലും ചെലവാക്കാതെ 50 കോടി രൂപ റോബർട്ട് വാദ്ര തട്ടിയെടുത്തുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.
വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്ക് അനധികൃതമായി ലാഭമുണ്ടാക്കുന്നതിനായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഓംകാരേശ്വർ പ്രോപ്പർട്ടീസ് എന്ന കമ്പനിയും വധേരയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയും തമ്മിൽ നടന്ന ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് വാങ്ങിയശേഷം ഭൂമിയുടെ ഉപയോഗ ലൈസൻസ് മാറ്റി വലിയ തുകയ്ക്ക് ഡിഎൽഎഫിനു വിറ്റാണ് വാദ്ര അനധികൃത ലാഭമുണ്ടാക്കിയത്. ഭൂമിയുടെ തീറാധാര പ്രകാരം ഭൂമിക്കായി ഓംകാരേശ്വർ പ്രോപ്പർട്ടീസിന് വാദ്ര ഒരു രൂപ പോലും നൽകിയിട്ടില്ല.

വധേര നടത്തിയ ഇരുപത് ഭൂമി ഇടപാടുകൾ കമ്മീഷൻ അന്വേഷിച്ചിട്ടുണ്ട്. അമിപൂർ ഗ്രാമത്തിൽ 2010 ൽ പ്രിയങ്ക ഗാന്ധി നടത്തിയ ഭൂമി ഇടപാടും കമ്മീഷൻ പരിശോധിച്ചിരുന്നു. എന്നാൽ തന്റെ സാമ്പത്തിക ഇടപാടുകൾക്ക് റോബർട്ട് വധേരയുമായി ബന്ധമില്ലെന്നാണ് ഇതു സംബന്ധിച്ച് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.

2016 ഓഗസ്റ്റ് 31 നാണ് കമ്മീഷൻ റിപ്പോർട്ട് ഹരിയാണ സർക്കാരിന് സമർപ്പിച്ചത്. കമ്മീഷന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത്് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കമ്മീഷൻ റിപ്പോർട്ട് വിവരങ്ങൾ പുറത്തുവിടില്ലെന്ന് സർക്കാർ കോടതിക്ക് രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപെട്ട മറ്റൊരു കേസിലാണ് റിപ്പോർട്ട് സർക്കാർ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയിൽ സമർപിച്ചത്.