കേന്ദ്രത്തിൽ കോൺഗ്രസ്സിന് അധികാരം നഷ്ടമായതോടെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് റോബർട്ട് വധേരയ്ക്കാണ്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവിനെ കാത്തിരിക്കുന്നത് രണ്ടുവർഷത്തെ തടവുശിക്ഷയാണെന്നതാണ് ഏറ്റവും ഒടുവിലത്തെ വിശേഷം. അനധികൃത ഭൂമി ഇടപാടുകൾ വധേരയെ കുടുക്കുമെന്നുതന്നെയാണ് രേഖകൾ തെളിയിക്കുന്നത്.

ഹരിയാനയിലെ ഗുഡ്ഗാവ്, ഫരീദാബാദ്, മീവത്ത്, പൽവാൽ ജില്ലകളിലായി 146.755 ഏക്കർ ഭൂമി സ്വന്തമാക്കിയതിലെ ഇടപാടുകളാണ് വധേരയെ കുടുക്കാൻ പോകുന്നത്. അനുവദിക്കപ്പെട്ടതിലും കൂടുതൽ ഭൂമി വധേര കൈക്കലാക്കിയിരുന്നുവെന്നത് അദ്ദേഹത്തിനെതിരെ കുരുക്കുകൾ ശക്തമാക്കുന്നു. ഹരിയാനയിലെ നിയമപ്രകാരം ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശംവെക്കാവുന്ന പരമാവധി ഭൂമി 53.8 ഏക്കറാണ്.

ഭൂപരിധി ലംഘിച്ച വധേര തനിക്ക് ഓഹരികളുള്ള വിവിധ കമ്പനികളുടെ പേരിൽ ഒട്ടാകെ സ്വന്തമാക്കിയത് 147 ഏക്കർ ഭൂമിയാണ്. 2005 മുതൽ 2009 വരെ നടത്തിയ ഇടപാടുകളാണിത്. തന്റെ പക്കലുള്ള ഭൂമിയുടെ യഥാർഥ വിവരം മറച്ചുവച്ചുകൊണ്ട് പരിധിയിൽക്കൂടുതൽ ഭൂമി വാങ്ങിക്കൂട്ടിയതിലൂടെ രണ്ടുവർഷം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് വധേര ചെയ്തിരിക്കുന്നത്.

വധേരയുടെ ഭൂമിയിടപാടുകൾക്കെതിരെ ശബ്ദമുയർത്തിയ അശോക് ഖേംകയെന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഈ ഇടപാടുകളുടെ കൃത്യമായ ചിത്രം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഫിനാൻസ് കമ്മീഷണർക്കും ലാൻഡ് റെക്കോഡ് ഡയറക്ടറേറ്റിനും ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-നാണ് ഖേംക തന്റെ റിപ്പോർട്ട് സമർപ്പിച്ചത്. റോബർട്ട് വധേരയുടെയും ഭാര്യയുടെയും പേരിലുള്ള കമ്പനികളിലൂടെ സംസ്ഥാനത്തെ നിയമം അനുവദിക്കുന്നതിനെക്കാളും ഭൂമി വധേര സ്വന്തമാക്കിയതായി തെളിഞ്ഞിരിക്കുന്നുവെന്ന് ഖേംകയുടെ റിപ്പോർട്ടിലുണ്ട്.

ഭൂമി സ്വന്തമാക്കുന്നതിനുള്ള പരിധി നിർണയിക്കുന്ന ഹരിയാണ നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനമാണ് വധേര നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. 2008 ജനുവകി ഒമ്പതിന് ആകെ ഭൂമി 56.75 ഏക്കറായതോടെ തന്നെ വധേര ഈ നിയമം ലംഘിച്ചു. 2009 ഡിസംബർ ഏഴ് ആയപ്പോഴേക്കും വധേരയുടെ കൈവശമുള്ള ഭൂമി 146.755 ഏക്കറായെന്നും ഖേംക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.