പത്തനംതിട്ട: കവർച്ചക്കാരുടെ രാജാവാണ് റോബിൻഹുഡ്. കാഞ്ഞ ബുദ്ധിയും കൃത്യമായ ആസൂത്രണവും. ഏതാണ്ടിതേ പോലെ റോബിൻഹുഡ് ബുദ്ധിയുള്ള ചിലരാണ് തിരുവല്ലയ്ക്ക് സമീപം തുകലശേരിയിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് കൊള്ളയടിച്ചത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മാസം 25 ന്. ചുമ്മാതിരിക്കുന്നവർക്ക് പോലും കൊള്ളയടിക്കാൻ തോന്നുന്ന വിധത്തിലാണ് ബാങ്ക് പ്രവർത്തിച്ചിരുന്നതെന്നതാണ് സത്യം.

എന്തായാലും തികച്ചും ആസൂത്രിതമായി നടത്തിയ കൊള്ളയിൽ മോഷ്ടാക്കളെ കുറിച്ച് ഒരു ചെറിയ സൂചന പോലും പൊലീസിന് ലഭിച്ചിട്ടില്ല.  ബാങ്കിന്റെ ലോക്കർ പൊളിച്ച് ഇരുപത്തിയേഴ് ലക്ഷം രൂപയാണ് കവർന്നത്. റദ്ദാക്കിയ 500 ന്റെയും 1000 ന്റെയും കറൻസികൾ ഉൾപ്പെട്ട പതിനൊന്നു ലക്ഷം രൂപയും പുതിയ രണ്ടായിരം രൂപ കൂടി ഉൾപ്പെട്ട പതിനാറു ലക്ഷത്തി ഇരുപത്തിയേഴായിരത്തി അറുനൂറ്റിപതിമൂന്നു രൂപയുമുൾപ്പെടെ 27, 27,613 രൂപയാണ് മോഷ്ടിക്കപ്പെട്ടത്.

കുറഞ്ഞത് രണ്ടു പേരെങ്കിലും കവർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എംസി റോഡരികിലായി സ്ഥിതി ചെയ്യുന്ന ബാങ്കിന്റെ പുറകുവശത്തെ ജനാലയും ചേർന്നുള്ള ഇരുമ്പ് ഗ്രില്ലും ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു പ്രവേശിച്ചത്. ലോക്കർ റൂമും അവിടെയുണ്ടായിരുന്ന ലോക്കറും ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് തുറക്കുകയായിരുന്നു.എന്നാൽ സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കർ മോഷ്ടാക്കൾ തുറന്നില്ല. ബാങ്കിനുള്ളിൽ പ്രവർത്തിപ്പിച്ചിരുന്ന സിസിടിവി ക്യാമറ യൂണിറ്റ് മുഴുവനായും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. ഡിസംബർ 24 ന് രാത്രി രണ്ടു മണിയോടെ ബാങ്കിനു സമീപം വച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കണ്ടതായി നാട്ടിലെ ഒരു കരോൾ സംഘത്തിലുൾപ്പെട്ടവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. നാല് വർഷം മുമ്പ് ഈ ബാങ്കിന്റെ പുറകൂവശം ജനാല പൊളിച്ച് മോഷണം നടത്തുന്നതിന് ശ്രമം നടന്നിരുന്നു.

ബാങ്കിന്റെ പുറകുവശം വ്യക്തിയുടെ വാഴത്തോപ്പ് ആണെന്നത് മോഷ്ടാക്കൾക്ക് ഒരു മറവു കൂടിയായി. ബാങ്കിനു മുൻവശം എംസി റോഡ് നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ കടുത്ത പൊടിശല്യമാണ്. അതിനാൽ റോഡരികിലെ വീടുകളുടെ ജനാലകളോ കതകുകളോ പകൽ പോലും തുറന്നിടാറില്ല .ഇതും മോഷ്ടാക്കൾക്ക് അനുകൂലമായി. കവർച്ചയുടെ അന്വേഷണം സമാന സംഭവങ്ങൾ മുൻനിർത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ബി. അശോകൻ പറഞ്ഞു. ഇതിനായി മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന തിരുവല്ല സിഐ വിദ്യാധരന് സ്ഥാനക്കയറ്റം ലഭിച്ച് പത്തനംതിട്ടയിൽ ഡിവൈ.എസ്‌പിയായെങ്കിലും അന്വേഷണത്തിന് തുടർന്നും ഉണ്ടാകും. തിരുവല്ല സ്വദേശി ഉദയകുമാർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

കവർച്ച നടന്ന ദിവസം മുതൽ ഇയാളെ കാണാനില്ല. ഇയാൾക്ക് കവർച്ചയുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. സംഭവത്തിൽ ഉൾപ്പെട്ട ഒരു പ്രതിയുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇത് ചെന്നൈ, ബംഗളൂരു, മുംബൈ പൊലീസ് സേനകളിലെ ക്രൈം റെക്കോഡ്‌സ് ബ്യൂറോകൾക്ക് കൈമാറിയിട്ടുണ്ട്. അവരുടെ കൈവശമുള്ള വിരലടയാളങ്ങളുമായി ഒത്തു നോക്കുന്നതിനാണിത്. കവർച്ചയ്ക്ക് മുൻപ് ബാങ്കിൽ പണം നിക്ഷേപിച്ചവരുടെ വിശദ വിവരങ്ങളും പരിശോധിക്കും.

പഴയതും പുതിയതുമായ നോട്ടുകളാണ് കവർന്നതിൽ ഏറെയും. കണ്ണൂർ ജില്ലയിലെ പൊന്ന്യം, കാസർകോഡ് ജില്ലയിലെ പേര്യ ബാങ്ക് കവർച്ചകളുടേതിന് സമാനമായ രീതിയിലാണ് ഇവിടെയും മോഷ്ടാക്കൾ അകത്തു കടന്നത്. തുടർച്ചയായ രണ്ടു അവധി ദിനങ്ങൾ വരുന്നതു നോക്കിയാണ് കവർച്ച ആസൂത്രണം ചെയ്തതും. ഈ കേസുകൾ അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും തന്റെ നേതൃത്വത്തിലായിരുന്നുവെന്ന് എസ്‌പി പറഞ്ഞു. അതു കൊണ്ടു തന്നെ ഈ കേസിലെ പ്രതികളും അന്വേഷണത്തിന്റെ പരിധിയിൽ വരും. മംഗലാപുരം മുൾക്കി പൊലീസ് സ്റ്റേഷനിൽ 2013 ൽ സമാനരീതിയിലുള്ള കവർച്ച നടന്നു. പ്രതികളെ പിടികൂടാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. ചെറുവത്തൂർ വിജയാ ബാങ്കിലും ഇതേ രീതിയിലാണ് മോഷണം നടന്നത്.

തിരുവല്ല ഡിവൈ.എസ്‌പി ആർ ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അടൂർ സിഐ ആയിരുന്ന ആർ ബിനു, തിരുവല്ല സിഐയായിരുന്ന കെഎ വിദ്യാധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവർക്ക് രണ്ടുപേർക്കും ഡിവൈ.എസ്‌പിയായി സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ട്. വിദ്യാധരൻ സംഘത്തിൽ തുടരുമെങ്കിലും ബിനുവിനെ മാറ്റും. പകരം വരുന്ന അടൂർ സിഐയെ സംഘത്തിൽ ഉൾപ്പെടുത്തും. സൈബർ സെല്ലിൽ നിന്നുള്ള എട്ടു പൊലീസുകാരും അന്വേഷണസംഘത്തിലുണ്ട്. ഇതിന് പുറമേ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസുമുണ്ടാകും. അന്വേഷണത്തിന് വേഗമുണ്ടെന്ന് എസ്‌പി പറഞ്ഞു.