കണ്ണൂർ: സഭ നൽകുന്ന ആഡംബരങ്ങളും സുഖങ്ങളും ആവോളം നുകർന്ന ആളാണ് കൊട്ടിയൂർ പീഡനക്കേസിലെ മുഖ്യപ്രതി റോബിൻ. ഒരു ചെറിയ രോഗം ബാധിച്ചാൽ പോലും സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ തന്നെ സൗജന്യ ചികിത്സയുൾപ്പെടെ ലഭ്യമാകുമായിരുന്ന സുവർണകാലം ഇനി റോബിന് ഓർമ്മ മാത്രം.

ഇതിന് തെളിവെന്ന വണ്ണം പള്ളിമേടയിൽ വ്ച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി റോബിൻ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ ക്യൂ നിന്നു. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി റോബിൻ വടക്കുംചേരിയെ ഹെർണിയ ചികിത്സയ്ക്കായാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തടവുകാരുടെ വാർഡിൽ പൊലീസ് കാവലിലാണ് പ്രതി. പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് റോബിൻ എന്ന വൈദികൻ തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതോടെ ഈ കേസിൽ ഒരു ഇളവിനും സ്ഥാനമില്ലാത്തവിധം പ്രതി അകപ്പെട്ടു കഴിഞ്ഞു.

പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച കേസിൽ ഫാദർ റോബിൻ വടക്കുഞ്ചേരി തന്നെയാണ് നവജാതശിശുവിന്റെ പിതാവെന്നു ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞിരിക്കെ പൊലീസ് വൈകാതെ കുറ്റപത്രം സമർപ്പിക്കും. പേരാവൂർ സി.ഐ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ ദിശയിൽ ശ്രമം തുടങ്ങിക്കഴിഞ്ഞു.

പ്രസവം നടന്ന കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിയിൽ നിന്നു കുഞ്ഞിനെ പെട്ടെന്നു വയനാട്ടിൽ വൈത്തിരിയിലെ ശിശുമന്ദിരത്തിലേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം തുടരുന്നതിനിടെയാണ് ഡി.എൻ.എ പരിശോധനാഫലം പുറത്തുവന്നത്. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലായിരുന്നു പരിശോധന.

പെൺകുട്ടിയുടെയും ഫാദർ റോബിൻ വടക്കുഞ്ചേരിയുടെയും കുഞ്ഞിന്റെയും രക്തസാമ്പിൾ നേരത്തെ ശേഖരിച്ചിരുന്നു. ഡി.എൻ.എ ഫലം അന്വേഷണസംഘം മേധാവിക്ക് കൈമാറിയതിനൊപ്പം തലശ്ശേരി അഡിഷണൽ സെഷൻസ് കോടതിക്കും സമർപ്പിച്ചിട്ടുണ്ട്.

രണ്ടു കന്യാസ്ത്രികൾ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങിയതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതാണ്. കൂട്ടുപ്രതികളുടെ പങ്കുമായി ബന്ധപ്പെട്ട് ഫോൺ കാൾ വിവരങ്ങളടക്കം വിശദമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നവജാതശിശുവിനെ വൈത്തിരിയിലേക്ക് മാറ്റാനും ഫാദർ റോബിൻ വടക്കുഞ്ചേരിയെ കേസിൽ നിന്നു രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കു കൂട്ടുനിന്നതിനുമാണ് മറ്റൊരു വൈദികനും കന്യാസ്ത്രീകളും ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസെടുത്തത്. കോടതി നിർദ്ദേശപ്രകാരം കീഴടങ്ങിയ ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു

ഫാദർ റോബിൻ കണ്ണൂർ സ്‌പെഷൽ സബ് ജയിലിൽ റിമാൻഡിലാണ്. നവജാതശിശുവിനെ പൊലീസ് വൈത്തിരിയിൽ നിന്നു തളിപ്പറമ്പ് പട്ടുവത്തെ അനാഥമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ചികിത്സയ്ക്കായി റോബിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.