- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂർ പീഡന കേസിൽ വീണ്ടും ട്വിസ്റ്റ്! റോബിൻ വടക്കുംചേരിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ പെൺകുട്ടി സുപ്രീംകോടതിയിൽ; വിവാഹത്തിനായി ജാമ്യം അനുവദിക്കാൻ ഹർജി; പെൺകുട്ടിക്ക് പിന്നിൽ സഭയിലെ ഉന്നതരെന്ന് ആരോപണം
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇരയായ പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെൺകുട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.
ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇരയായ പെൺകുട്ടി നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് റോബിൻ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കും കുഞ്ഞിനും റോബിൻ വടക്കുംചേരിക്ക് ഒപ്പം താമസിക്കാൻ അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹർജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകൻ അലക്സ് ജോസഫാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സുപ്രീംകോടതിയുടെ മുൻവിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമക്കേസുകളിൽ ഒത്തുതീർപ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് റോബിൻ വടക്കുംചേരിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. വിവാഹത്തിന് നിയമപരമായ പവിത്രത നൽകുന്നത് കേസിലെ പ്രധാനവിഷയത്തിൽ മുൻകൂർ തീരുമാനം എടുത്തതിന് തുല്യമാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
ഹൈക്കോടതി വിധി മറികടക്കുന്നതിന് വേണ്ടി പെൺകുട്ടിയെ കൊണ്ട് മറ്റുചില ഉന്നതർ ഹർജി കൊടുപ്പിക്കുകയായിരുന്നെന്ന ആരോപണവും ഉയർന്നുവന്നിട്ടുണ്ട്. സഭയിൽ ഉന്നതസ്ഥാനം വഹിക്കുന്ന പലരുമായും അടുത്തബന്ധം പുലർത്തിയിരുന്ന റോബിന് സഭയിൽ ശക്തമായ സ്വാധീനമാണുള്ളത്. റോബിനെ പുറത്തിറക്കാനുള്ള തന്ത്രമായാണ് ഈ ഹർജിയെ പ്രോസിക്യൂഷൻ കാണുന്നത്.
കൊട്ടിയൂർ പീഡന കേസിൽ റോബിൻ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കോടതി വിധിച്ചത്. എന്നാൽ മൂന്നുശിക്ഷയും ഒരുമിച്ച് 20 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ശിക്ഷ വിധിച്ചപ്പോൾ കോടതി നിരീക്ഷിച്ചത് ഇങ്ങനെ:
'സംരക്ഷകനാകേണ്ടയാൾ ഇങ്ങനെ പീഡകനാവുന്നത് ഞെട്ടിപ്പിക്കുന്നതാണ്. അധികാരസ്ഥാനമുപയോഗിച്ച് വൈദികൻ പെൺകുട്ടിയോട് കാണിച്ചത് പീഡനം തന്നെയാണ്. ഇത് അനുവദിക്കാനാകില്ല. അതിനാലാണ് കടുത്ത ശിക്ഷ വിധിക്കുന്നത്.' പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഉഭയസമ്മതപ്രകാരമാണെങ്കിലും സൂക്ഷിച്ച ബന്ധം ബലാത്സംഗമാണെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് കോടതിവിധി.
പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ മാനേജരായിരുന്നു ഫാദർ റോബിൻ വടക്കുംചേരി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആദ്ധ്യാത്മികകാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും വേദപാഠം പഠിപ്പിക്കുകയും കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകുകയും ചെയ്തിരുന്ന ഫാദർ റോബിൻ വടക്കുംചേരി, ആ വഴിയാണ് പെൺകുട്ടിയുമായി അടുക്കുന്നത്. പള്ളിമേടയിൽ സ്ഥിരമായി എത്തുമായിരുന്ന പെൺകുട്ടിയെ വൈദികൻ അധികാരസ്ഥാനമുപയോഗിച്ചാണ് ബലാത്സംഗം ചെയ്യുന്നത്. പെൺകുട്ടി ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി. പെൺകുട്ടിയുടെ മാതാപിതാക്കൾ പോലും വൈദികനെ സംരക്ഷിക്കുന്ന മൊഴിയാണ് നൽകിയത്.
വൈദികനെയും, കുഞ്ഞിനെ ഒളിപ്പിക്കാൻ ശ്രമിച്ച വയനാട് ശിശുക്ഷേമ സമിതിയിലെയും അനാഥാലയത്തിലെയും കന്യാസ്ത്രീകളെയും, രക്ഷിക്കാൻ പ്രതിഭാഗം എല്ലാ ശ്രമങ്ങളും നടത്തിയ കേസിലാണ് റോബിൻ വടക്കുംചേരിക്ക് ശിക്ഷ ലഭിച്ചത്. വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീം കോടതി വരെ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ