സോഫിയയുടെ ഓരോ നീക്കവും ചരിത്രത്തിലേക്കുള്ള പിച്ചവെപ്പുകളാണ്. ആദ്യമായി പൗരത്വം ലഭിച്ച, മനുഷ്യരെപ്പോലെ അഭിമുഖങ്ങളിൽ പങ്കെടുത്ത റോബോട്ടാണ് സോഫിയ. സൗദി അറേബ്യ പൗരത്വം നൽകിയ സോഫിയക്ക് ഇപ്പോൾ കാലുകളുമായി. വേദികളിലേക്ക് സ്വന്തം കാലുകളുപയോഗിച്ച് നടന്നെത്തി മനുഷ്യരുമായി സംവദിക്കാൻ ഇനി സോഫിയക്കാവും. മനുഷ്യകുലത്തിന് പ്രതീക്ഷകളും അതേസമയം തന്നെ ആശങ്കകളും സമ്മാനിക്കുന്ന യന്ത്രമനുഷ്യയുഗത്തിലെ നിർണായക വഴിത്തിരിവായി മാറുകയാണ് സോഫിയ.

രണ്ടുവർഷം മുമ്പാണ് സോഫിയ രംഗത്തെത്തുന്നത്. മനുഷ്യസദൃശ്യമായ തലയും മുഖവുമുള്ള റോബോട്ടായിരുന്നു ഇത്. വശങ്ങളിലേക്ക് നോക്കാനും സംസാരത്തിലേർപ്പെടാനും കഴിയുന്ന ഈ റോബോട്ടിന് രൂപം നൽകിയത് ഹോങ്കോങ്ങിലെ ഹാൻസൺ റോബോട്ടിക്‌സാണ്. സൗദി അറേബ്യയിലെത്തിയ സോഫിയക്ക് നിയമപരമായി പൗരത്വം ലഭിച്ചതോടെയാണ് ഈ റോബോട്ട് ചരിത്രത്തിന്റെ ഭാഗമായി മാറിയത്.

ലാസ് വേഗസിൽ ഇക്കൊല്ലം നടന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിൽ സോഫിയക്ക് കാലുകൾ നൽകുമെന്ന് ഹാൻസൺ റോബോട്ടിക്‌സ് പ്രഖ്യാപിച്ചിരുന്നു. അറുപതോളം മുഖഭാവങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള റോബോട്ടാണിത്. മുഖങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരുടെ കണ്ണിൽ നോക്കി സംസാരിക്കാനും സോഫിയക്കാവും. സോഫിയയെക്കാൾ മനുഷ്യസദൃശ്യമായ റോബോട്ടുകളെ ഏതാനും വർഷങ്ങൾക്കുള്ളിൽ സൃഷ്ടിക്കാനാകുമെന്നാണ് ഹാൻസൺ പ്രഖ്യാപിച്ചിട്ടുള്ളത്.

മനുഷ്യന്റെ ബുദ്ധിയെക്കാൾ ബുദ്ധിയുള്ള യന്ത്രങ്ങളാണ് ലക്ഷ്യമെന്ന് സോഫിയയുടെ സ്രഷടാവായ ഡേവിഡ് ഹാൻസൺ പറയുന്നു. ഇതിന് പുറമെ, ആർ്ട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകൾ പുറത്തുകൊണ്ടുവരുന്ന റോബോട്ടുകളാണ് ഇനി ലക്ഷ്യം. ലോകത്ത് മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ അനായാസമായി പരിഹരിക്കാൻ ശേഷിയുള്ള സൂപ്പർ ഇന്റലിജന്റ് മെഷിനുകളായിരിക്കും ഈ റോബോട്ടുകളെന്നും ഹാൻസൺ പറയുന്നു.

ഇത്തരം റോബോട്ടുകളുടെ വരവ് യന്ത്രമനുഷ്യർ മനുഷ്യവംശത്തെ ഇല്ലാതാക്കുമന്ന ആശങ്കയ്ക്കും വഴിമരുന്നിട്ടുണ്ട്. ടെർമിനേറ്ററും ഐ റോബോട്ടും ബ്ലേഡ് റണ്ണറും പോലുള്ള ഹോളിവുഡ് ഫിക്ഷനുകൾ അത്തരം സംശയാലുക്കളിൽ കൂടുതൽ ഭീതി വിടർത്തുന്നതാണ്. എന്നാൽ, മനുഷ്യരെ സഹായിക്കുന്നതിനാണ് മനുഷ്യസദൃശ്യമായ റോബോട്ടുകൾ നിർമ്മിക്കുന്നതെന്നാണ് ഹാൻസണിന്റെ വിശദീകരണം.