ന്യൂഡൽഹി: കർണാടക വിഷയത്തിൽ ബിജെപിയും കോൺഗ്രസ്-ജെഡിഎസ് സഖ്യവും ഏറ്റുമുട്ടിയപ്പോൾ സുപ്രീം കോടതിയിൽ നടന്നത് സമാനതകളില്ലാത്ത വാദപ്രതിവാദങ്ങൾക്ക്. മുതിർന്ന അഭിഭാഷകനിര ശക്തമായി വാദപ്രതിവാദങ്ങളുമായി നിരന്നപ്പോൾ തങ്ങൾ ചെകുത്താനും കടലിനും ഇടയിലായല്ലോ എന്നു പോലും കോടതി വിശേഷിപ്പിക്കുന്ന അവസ്ഥയുണ്ടായി. വാട്‌സാപ്പ് താമശകളും ജഡ്ജി പറഞ്ഞു. മുകുൾ റോത്തഗി തെറ്റു പറഞ്ഞപ്പോൾ കൂട്ടച്ചിരിയും. അങ്ങനെ അമ്പത് മിനിറ്റ് നീണ്ട വാദപ്രതിവാദങ്ങൾ. ഇതിനൊടുവിൽ നാളെ നാലു മണിക്ക് ഭൂരിപക്ഷം തെളിയിച്ചേ മതിയാകൂവെന്ന സുപ്രീംകോടതിയുടെ നിലപാടും.

ജസ്റ്റിസുമാരായ ഏ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഹർജി പരിഗണിച്ചത്. വാദിഭാഗത്തിനായി മനു അഭിഷേക് സിങ്വി ഹാജരായപ്പോൾ മുകുൾ റോത്തഗിയാണ് ബിജെപിക്കായി കോടതിയിലെത്തിയത്. തുടക്കം മുതൽ തന്നെ സിങ്വിയുടെ മേൽക്കൈ വാദങ്ങളിൽ പ്രകടമായിരുന്നു. ഇത് തന്നെയാണ് കോടതിയും അംഗീകരിച്ചത്. ഏവരേയും ഞെട്ടിച്ച് നാളെ വിശ്വാസവോട്ട് നടത്തണമെന്ന വാദത്തെ റോത്തഗി എതിർത്തതും രഹസ്യബാലറ്റിന് വേണ്ടി കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ വേണുഗോപാൽ വാദിച്ചതുമെല്ലാം ശ്രദ്ധേയമായി. എന്നാൽ ഇതൊന്നും കോടതി തീരുമാനത്തെ ബാധിച്ചില്ല. കുതിരക്കച്ചവടത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു.

നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താമോ എന്ന ചോദ്യത്തിന് തയ്യാറെന്ന് ഉടനടി സിങ്വി മറുപടി നല്കിയപ്പോൾ ഒരാഴ്‌ച്ചയെങ്കിലും സമയം അനുവദിക്കണമെന്നതു മുതൽ തിങ്കളാഴ്‌ച്ച വരെയെങ്കിലും സമയം നീട്ടാമോ എന്നതുവരെയായിരുന്നു റോത്തഗിയുടെ മറുപടി. സമയം നീട്ടിനൽകാനാവില്ലെന്നും നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് എന്ന കോടതി നിർദ്ദേശം വന്നപ്പോഴും ആത്മവിശ്വാസം നിറഞ്ഞതായിരുന്നു സിങ്വിയുടെ ശരീരഭാഷ. റോത്തഗിയാവട്ടെ ഈ ഘട്ടത്തിൽ നിരാശനുമായി. ഇതിനെല്ലാം ഉപരി ശ്രദ്ധേയമായത് സിക്രിയുടെ വാട്‌സാപ്പ് സന്ദേശം വായിക്കലായിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിനിടെയാണ് ഏവരേയും പൊട്ടിച്ചിരിപ്പിച്ച് ജസ്റ്റീസ് വാട്‌സാപ്പ് സന്ദേശം വായിച്ചത്. ഇതും കോടതിയിൽ പുതുമയേറിയ സംഭവമായി.

ഞാൻ ഈഗിൾ ടെൺ റിസോർട്ട് മതുലാളി. കർണ്ണാടകയിൽ എനിക്ക് സർക്കാരുണ്ടാക്കാൻ കഴിയും. 117 എംഎൽഎമാർ എനിക്കൊപ്പമുണ്ടെന്ന വാട്‌സാപ്പ് സന്ദേശമാണ് ജസ്്റ്റീസ് വായിച്ചത്. കർണ്ണാടകയിലെ റിസോർട്ട് പൊളിട്ടിക്‌സിനെതിരായ ട്രോളായിരുന്നു ജസ്റ്റീസ് വായിച്ചത്. എംഎൽഎമാരെ റിസോർട്ടിൽ പൂട്ടിയെടുന്നതിലെ ധാർമികതയാണ് പരോക്ഷമായി ജഡ്ജി ഉയർത്തിയത്. എന്നാൽ അതിലേക്ക് വാദപ്രതിവാദങ്ങൾ കടന്നതുമില്ല. മറിച്ച് സഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന നിലപാടിലേക്ക് വാദങ്ങൾ എത്തിക്കുകയായിരുന്നു. ഈ കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. എന്നാൽ എന്ന് വേണമെന്നതിൽ ബിജെപി ആശങ്കയുയർത്തി. അങ്ങനെ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണർ വാജുഭായ് വാലയുടെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച കോൺഗ്രസ്‌ജെഡിഎസ് സഖ്യത്തിന് താൽക്കാലിക ആശ്വാസവുമാണ് കോടതി വിധി.

'ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥ'യെന്ന് വിശേഷിപ്പിച്ചാണ് ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരുന്ന വാദത്തിന് രാവിലെ 10.30 ഓടെ സുപ്രീംകോടതി തുടക്കമിട്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചതിലെ സാംഗത്യത്തെക്കുറിച്ച് ആദ്യമേ സുപ്രീംകോടതി സംശയം രേഖപ്പെടുത്തി. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് യെഡിയൂരപ്പ ഗവർണർക്കു നൽകിയ രണ്ടു കത്തുകളും സുപ്രീംകോടതി പരിശോധിച്ചു. കർണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവാണ് യെദൂരിയപ്പയെന്നും ഈ മാനദണ്ഡം വച്ചാണ് അദ്ദേഹത്തെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്നും റോത്തഗി വാദിച്ചു. യെദൂരിയപ്പയ്ക്ക് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അതു സഭയിൽ തെളിയിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇതേക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും റോത്തഗി നിലപാടെടുത്തു. കോൺഗ്രസ്‌ജെഡിഎസ് സഖ്യം ഒപ്പമുണ്ടെന്ന് പറയുന്ന ചില എംഎൽഎമാർ രേഖാ മൂലം പിന്തുണ ഉറപ്പു നൽകിയിട്ടില്ലെന്ന് തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ രൂപീകരണം നമ്പരുകളുടെ കളിയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഭൂരിപക്ഷമുള്ളവരെയാണ് സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കേണ്ടതെന്ന നിരീക്ഷണം നടത്തി. ഇതിനിടെ, ഭൂരിപക്ഷം തെളിയിക്കാൻ തങ്ങൾക്ക് അവസരം നൽകണമെന്ന് കോൺഗ്രസ്-ദൾ സഖ്യത്തിനായി സിങ്വി വാദിച്ചു. അങ്ങനെയെങ്കിൽ നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പു നടത്തിക്കൂടേയെന്ന് സുപ്രീംകോടതി ഇരു കക്ഷികളോടും ആരാഞ്ഞു. 'ആവശ്യമായ സമയം' അനുവദിക്കണമെന്നായിരുന്നു റോത്തഗിയുടെ ആവശ്യം. അതേസമയം, നാളെത്തന്നെ വിശ്വാസ വോട്ടെട്ടുപ്പ് നടത്താൻ സന്നദ്ധരാണെന്ന് കോൺഗ്രസ്‌ജെഡിഎസ് സഖ്യത്തിനായി ഹാജരായ മനു അഭിഷേക് സിങ്വി രേഖാമൂലം കോടതിയെ അറിയിച്ചു.

തുടർന്നാണ് ബിജെപിക്ക് കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി നാളെ നാലു മണിക്കു മുൻപ് ഭൂരിപക്ഷം തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. ഇതോടെ 15 ദിവസത്തെ സമയം അനുവദിച്ച ഗവർണറുടെ ഉത്തരവ് അസാധുവായി. അങ്ങനെയെങ്കിൽ രഹസ്യ ബാലറ്റ് അനുവദിക്കണമെന്ന് ബിജെപി അഭിഭാഷകൻ വാദിച്ചെങ്കിലും ഈ നിർദ്ദേശവും സുപ്രീംകോടതി തള്ളി. കടുത്ത ഭീഷണി നേരിടുന്ന കോൺഗ്രസ്‌ജെഡിഎസ് എംഎൽഎമാർക്ക് സുരക്ഷ ഏർപ്പെടുത്താൻ നിർദ്ദേശിക്കണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനുള്ള ഗവർണറുടെ തീരുമാനവും സ്റ്റേ ചെയ്തതോടെ കോടതിയിൽ ബിജെപിയുടെ തിരിച്ചടി പൂർണം.