ന്യൂഡൽഹി: ഡൽഹി നഗരത്തിലെ ആശ്രമത്തിൽ പൊലീസിന്റെ മിന്നൽ പരിശോധന.പ്രായപൂർത്തിയാകാത്ത പെൺകുുട്ടികളെയും യുവതികളേയും ലൈംഗിക ചൂഷണത്തിനിരയാക്കിയ പരാതിയിലാണ് നടപടി. റെയ്ഡിൽ ആശ്രമത്തിലെ ആൾദൈവത്തെ പൊലീസിന് കണ്ടെത്താനായില്ല. മാതാപിതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുർന്ന് കോടതിയുടെ ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടന്നത്.

ഡൽഹി രോഹിണിയിലെ ആദ്യാത്മിക് വിശ്വ വിദ്യാലയത്തിലാണ് റെയ്ഡ് നടന്നത്. ആശ്രമത്തിലെ കാവൽക്കാരനേയും ഒരു സ്ത്രീയേയും നിരവധി വസ്തുക്കളും റെയ്ഡിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സ്വാമിയേയും മറ്റും തെളിവുകളും പൊലീസിന് കണ്ടെത്താനായില്ല. ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ചയാണ് അടിയന്തര പരിശോധനക്ക് ഉത്തരവിട്ടത്.

ആശ്രമത്തിൽ നിരവധി യുവതികളെ നിയമവിരുദ്ധമായി പാർപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഹരിയാണയിലെ ഗുർമീത് സിങിന്റെ ആശ്രമത്തിന് സമാനമായിട്ടാണ് രോഹിണിയിലെ ആശ്രമത്തിലേയും പ്രവർത്തനമെന്ന് രക്ഷിതാക്കൾ കോടതിയെ അറിയിച്ചു. സംഭവം അതീവ ഗുരുതരമെന്ന് പറഞ്ഞാണ് കോടതി റെയ്ഡിന് ഉത്തരവിട്ടത്.

വീരേന്ദ്ര ദേവ് ദിക്ഷിത് എന്ന പേരിലുള്ളയാളാണ് രോഹിണി ആശ്രമത്തിൽ ആൾദൈവമായി പ്രവർത്തിക്കുന്നത്. രാജ്യത്തുടനീളം ഇയാൾക്ക് ആശ്രമങ്ങളും നിരവധി ആരാധകരും ഉണ്ട്. ആത്മീയ പഠനത്തിനായി ആശ്രമത്തിൽ അവധികാലങ്ങളിൽ നിരവധി വിദ്യാർത്ഥിനികളെത്തിയിരുന്നു.