യാങ്കോൺ: ജീവൻ രക്ഷിക്കൻ വേണ്ടി പലായനം ചെയ്യുന്ന റോഹിങ്ക്യ മുസ്ലിംങ്ങളുടെ പ്രശ്‌നത്തിലെ ഇന്ത്യൻ നിലപാട് എന്താകുമെന്നായിരുന്നു ലോകം ഉറ്റുനോക്കിയത്. രാജ്യത്ത് ഇപ്പോഴുള്ള ഒരു ലക്ഷത്തിലേറെ വരുന്ന റോഹിങ്ക്യകളെ നാട്ടിലേക്ക് തിരിച്ചയക്കാനും വിഷയത്തിൽ മ്യാന്മാറിന് പിന്തുണ നൽകാനുമുള്ള ഇന്ത്യൻ തീരുമാനം ലോകത്തിന് നിരാശയാണ് സമ്മാനിച്ചത്. മ്യാന്മാറിൽ നിന്നും ജീവനും കൊണ്ട് പലായനം ചെയ്യപ്പെട്ട് ഇന്ത്യയിലെത്തിയവരെ തിരിച്ചയക്കില്ലെന്ന പറയാതെ 11 കരാറുകളിൽ ഒപ്പുവച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി മോദി മടങ്ഹഇയത്.

മോദിയും മ്യാന്മാറിലെ സ്റ്റേറ്റ് കൗൺസിലർ (പ്രധാനമന്ത്രിക്ക് തുല്യമായപദവിയുള്ള ഭരണകക്ഷിനേതാവ്) ആങ് സാൻ സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകൾ ഒപ്പിട്ടത്. ഇരുരാജ്യങ്ങളും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം വർധിപ്പിക്കുന്നതാണ് കരാറുകൾ. ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന മ്യാന്മാർ സ്വദേശികൾക്ക് സൗജന്യ വിസ (ഗ്രാറ്റീസ് വിസ) അനുവദിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ വിവിധ ജയിലുകളിൽ തടവിലുള്ള 40 മ്യാന്മാർ പൗരന്മാരെ വിട്ടയക്കും.

രണ്ട് രാജ്യങ്ങളും തങ്ങളുടെ സമുദ്രാതിർത്തിയിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ വിവരങ്ങൾ പരസ്പരം കൈമാറും. സാംസ്‌കാരികവിനിമയ പരിപാടികൾ, ഇരു രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷനുകളുമായി സഹകരണം, രണ്ട് രാജ്യങ്ങളിലെയും പ്രസ് കൗൺസിലുകൾ തമ്മിലുള്ള സഹകരണം, ഐ.ടി., ആരോഗ്യം, മരുന്ന് മേഖലകളിൽ സഹകരണം, മ്യാന്മാറിലെ വനിതാ പൊലീസ് പരിശീലനകേന്ദ്രം നവീകരണം എന്നിവ സംബന്ധിച്ച കരാറുകളിലാണ് ഒപ്പിട്ടത്.

അതേമയം റോഹിങ്ക്യ മുസ്ലിംങ്ങളുടെ വിഷയത്തിൽ മോദി അനുഭാവപൂർണമായ സമീപനം കൈക്കൊണ്ടില്ല. മ്യാന്മറിൽനിന്ന് പലായനം ചെയ്തു ബംഗ്ലാദേശിലെത്തിയ രോഹിൻഗ്യ മുസ്ലിംകൾ ഒന്നരലക്ഷമായിയിട്ടുണ്ട്. ദിവസങ്ങളോളം മലമ്പ്രദേശങ്ങളിലൂടെ നടന്നും വള്ളങ്ങളിൽ കടലും പുഴയും താണ്ടിയുമാണ് അഭയാർഥികൾ ബംഗ്ല അതിർത്തിയിലെത്തുന്നത്. യാത്രയ്ക്കിടെ ഒട്ടേറെപ്പേർക്കു ജീവൻ നഷ്ടമായി.

മ്യാന്മർ-ബംഗ്ല അതിർത്തിയിൽ നാഫ് നദിയിൽ അഭയാർഥികളുടെ വള്ളങ്ങൾ മുങ്ങി അഞ്ചു കുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു. അതിർത്തിയിൽ മ്യാന്മർ സൈനികർ കുഴിബോംബുകൾ സ്ഥാപിച്ചതിനെത്തുടർന്ന് ധാക്കയിൽ മ്യാന്മർ അംബാസഡറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധമറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കുഴിബോംബ് സ്‌ഫോടനങ്ങളിൽ ഒട്ടേറെ അഭയാർഥികൾക്കു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നാണിത്.

നാടുംവീടും ഉപേക്ഷിച്ച് ഓടുന്ന അഭയാർഥികളെ ചൂഷണം ചെയ്യാനായി മനുഷ്യക്കടത്തുകാരും രംഗത്തുണ്ട്. ബംഗ്ലാദേശിലെ കോക്സ് ബസാർ മേഖലയിലേക്കാണ് അഭയാർഥികളെത്തുന്നത്. ഇവിടെ, സന്നദ്ധസംഘടനകളുടെ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ ആയിരക്കണക്കിനു രോഹിൻഗ്യകളാണു കഴിയുന്നത്. ബംഗ്ല അതിർത്തിയിലെ പുഴയോരങ്ങളിൽ വെടിയേറ്റ നിലയിൽ ഡസൻകണക്കിനു കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ അടിഞ്ഞതായി യുഎൻ ഏജൻസികൾ പറയുന്നു. പുഴകളിൽ മൃതദേഹങ്ങൾ കണ്ടതായി മീൻപിടിത്തക്കാരും പറയുന്നു.

വരാനിരിക്കുന്നത് മഹാദുരന്തമെന്ന് യുഎൻ

അതതേസമയം ഒന്നരലക്ഷത്തോളം റോഹിങ്യൻ വംശജർ മ്യാന്മാറിൽനിന്ന് കൂട്ടപ്പലായനം ചെയ്തതോടെ സ്ഥിതിഗതികൾ അതീവ ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടു. റാഖിൻ പ്രവിശ്യയിലെ കലാപം 'മനുഷ്യ മഹാദുരന്ത'ത്തിലേക്ക് എത്തിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യു.എൻ. സുരക്ഷാസമിതിക്ക് കത്തയച്ചു.

മ്യാന്മാറിൽ വംശഹത്യയ്ക്കുള്ള സാധ്യതയുണ്ടെന്നും ഇത് പ്രദേശത്തെ അസ്ഥിരതയിലേക്ക് നയിക്കുമെന്നും ഗുട്ടെറസ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. റോഹിങ്യക്കാർക്ക് പൗരത്വം അനുവദിക്കുകയോ നിയമപരമായ അവകാശങ്ങൾ അനുവദിക്കുകയോ ചെയ്യണമെന്ന് മ്യാന്മാറിനോട് ഗുട്ടെറസ് ആവശ്യപ്പെട്ടു. 'അരാക്കൻ റോഗിങ്യ സാൽവേഷൻ ആർമി കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ ഞാൻ അപലപിച്ചിരുന്നു. എന്നാൽ ഇപ്പോൾ, മ്യാന്മാർ സുരക്ഷാസേനയുടെ ഭാഗത്തുനിന്ന് തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് കേൾക്കുന്നത്'' -ഗുട്ടെറസ് പറഞ്ഞു.

യു.എന്നിന്റെ പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ 12 ദിവസംകൊണ്ട് 1,46,000 റോഹിങ്യക്കാരാണ് ബംഗ്ലാദേശിലെത്തിയത്. ഒക്ടോബർമുതൽ ബംഗ്ലാദേശിലെത്തിയ അഭയാർഥികളുടെ എണ്ണം 2,33,000 ആയി. ഇത്രയും അഭയാർഥികളെ താങ്ങാനാവില്ലെന്നും അന്താരാഷ്ട്രസമൂഹം ഇടപെടണമെന്നും കഴിഞ്ഞദിവസം ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. അഭയാർഥികളെ ബംഗാൾ ഉൾക്കടലിലെ ആളൊഴിഞ്ഞ ദ്വീപിൽ താത്കാലികമായി പാർപ്പിക്കാനുള്ള പദ്ധതി ബംഗ്ലാദേശ് പുനരുജ്ജീവിപ്പിച്ചു. കൂടുതൽ ലോകരാഷ്ട്രങ്ങളെ വിഷയത്തിലിടപെടീക്കാനുള്ള നയപരമായുള്ള തീരുമാനമാണിതെന്നാണ് ഐക്യരാഷ്ട്രസഭാവൃത്തങ്ങളുടെ വിലയിരുത്തൽ.

വാർത്തകൾ വ്യാജമെന്ന് ആങ് സാൻ സ്യൂച്ചി

എന്നാൽ റാഖിനിലെ സംഘർഷാവറ്റിദ്ധരിപ്പിക്കുന്ന വാർത്തകളെന്ന് മ്യാന്മാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂച്ചി പ്രതികരിച്ചു. റാഖീനിലെ ജനങ്ങളെ സംരക്ഷിക്കാനായി സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതരരാഷ്ട്രങ്ങളുമായുള്ള മ്യാന്മാറിന്റെ ബന്ധം തകരാറിലാക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് സൂക്ഷിക്കണം -ഫേസ്‌ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മ്യാന്മാറിലേതെന്നുപറഞ്ഞ് തുർക്കി ഉപപ്രധാനമന്ത്രി ട്വിറ്ററിൽ പോസ്റ്റ്ചെയ്തിരുന്ന ചിത്രങ്ങൾ വ്യാജമായിരുന്നു. അത് പിൻവലിച്ചിട്ടുണ്ട്. വ്യാജപ്രചാരണം നടക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും സ്യൂചി പറഞ്ഞു.

കലാപത്തെത്തുടർന്ന് മുസ്ലിം ഭൂരിപക്ഷരാഷ്ട്രങ്ങളിൽനിന്ന് മ്യാന്മാർ സർക്കാർ കനത്തസമ്മർദമാണ് നേരിടുന്നത്. മ്യാന്മാറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഇൻഡൊനീഷ്യയിൽ ആയിരങ്ങൾ പങ്കെടുത്ത റാലികൾ നടന്നു. വംശഹത്യാ ഭീഷണിനേരിടുന്ന റോഹിങ്യകളെ സഹായിക്കണമെന്ന് തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാനും ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

സൈന്യം റോഹിങ്യക്കാരോട് കാണിക്കുന്ന ക്രൂരതയ്ക്കെതിരേ അമേരിക്കൻ സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിയുടെ ചെയർമാൻ ജോൺ മക്കെയ്ൻ സ്യൂചിക്ക് കത്തയച്ചിരുന്നു. അതേസമയം ഇന്ത്യയിലേക്കെത്തിയ 40,000-ത്തോളം വരുന്ന റോഹിങ്യകളെ തിരികെ അയക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇവരെ പുറത്താക്കാൻ ബലംപ്രയോഗിക്കില്ലെന്നും നിയമപരമായ നടപടികൾമാത്രമേ സ്വീകരിക്കൂവെന്നും വിദേശകാര്യ സഹമന്ത്രി കിരൺ റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.