മൂന്നു മാസമായി ദിവസേനയെന്നോണം നേരിടുന്ന ക്രൂരതകളെക്കുറിച്ചു പറയുമ്പോൾ മ്യാന്മറിൽനിന്നു രക്ഷപ്പെട്ട് ഇപ്പോൾ ബംഗ്ലാദേശിലെ അഭയാർഥി ക്യാംപിൽ കഴിയുന്ന ഹാമിദ ഖതൂം എന്ന യുവതി ഞെട്ടിവിറയ്ക്കുന്നു. രാത്രി സൈനികർ കതുകളിൽ മുട്ടും. സുന്ദരികളായ പെൺകുട്ടികളെയാണ് അവർ നോക്കുന്നത്. കിട്ടിയാൽ പുറത്തു കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗം ചെയ്യും. ഭാഗ്യമുണ്ടെങ്കിൽ പിറ്റേന്ന് വഴിയോരത്ത് മൃതപ്രായരായി അവർ കാണപ്പെട്ടും. മിക്കപേരും പൈശാചികമായി കഴുത്തറുത്തുകൊല്ലപ്പെടുന്നു

ജനിച്ച നാടും വീടും ഉപേക്ഷിച്ച് അയൽരാജ്യത്തിലേക്കു പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ട അഭയാർഥികൾ. അവർക്കു വീട് നഷ്ടപ്പെട്ടിരിക്കുന്നു. നാടും. ഇനി കിട്ടാവുന്ന സൗകര്യങ്ങളിൽ എവിടെയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കണം. ലോകത്തിനുമുന്നിലെ ദുരിതക്കാഴ്ചയാണ് രോഹിൻഗ്യകൾ. ഏതാനും ആഴ്ചകളായി അവരുടെ വിലാപവും കണ്ണീരും ലോകത്തിന്റെ മനസ്സിൽ തീ കോരിയിട്ടിരിക്കുന്നു. പ്രമുഖ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയുമൊക്കെ പ്രശ്‌നത്തിൽ ഇടപെടുന്നുണ്ട്. പക്ഷേ ദുരിതത്തിന്റെ നാളുകൾ നീളുന്നു. കഷ്ടപ്പാടിന്റെ ദിനരാത്രങ്ങൾക്ക് അവസാനമില്ല.

എത്രയൊക്കെ കഷ്ടപ്പാടുകൾ ഉണ്ടായാലും മാതൃരാജ്യം ഉപേക്ഷിക്കാൻ ആരും ഒന്നു മടിക്കും. ഞങ്ങളും അങ്ങനെ തന്നെ. പക്ഷേ, എന്തു ചെയ്യാൻ. ഇരുട്ടിന്റെ മറപറ്റിയെത്തുന്ന സൈന്യം ഓരോരുത്തരെയായി കൊന്നൊടുക്കുമ്പോൾ എങ്ങനെ ഓടാതിരിക്കാനാവും. എവിടേക്കെങ്കിലും രക്ഷപ്പെടുക. അതുമാത്രമാണ് ലക്ഷ്യം: ദുഃഖവും ക്ഷീണവും തളർത്തിയ ബഹർ ഇടറുന്ന വാക്കുകളിൽ തങ്ങളുടെ അവസ്ഥ വിവരിക്കുന്നു.

മ്യാന്മറിലെ രോഹിൻഗ്യകളുടെ ദുരിതങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അവർക്കു സ്വന്തമായി ഒരു സംസ്ഥാനമോ രാജ്യമോ ഇല്ല. മ്യാന്മറിൽ മാത്രം 13 ലക്ഷത്തോളം രോഹിൻഗ്യകൾ ഉണ്ടെന്നു കണക്കുകൾ പറയുന്നു. ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്നവരെക്കൂടി കൂട്ടുകയാണെങ്കിൽ 15 ലക്ഷത്തോളം വരും അവരുടെ ജനസംഖ്യ. ലോകത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ജനവിഭാഗമാണ് രോഹിൻഗ്യകൾ.

നിലനിൽപ്പിനും നിയമപരമായ അവകാശങ്ങൾക്കും വേണ്ടി എന്നും പോരാട്ടത്തിന്റെ പാതയിലാണു രോഹിൻഗ്യകൾ. അടുത്തിടെയാണ് മ്യാന്മാർ സൈന്യം രോഹിൻഗ്യകൾക്കെതിരെ സൈനിക നടപടി തുടങ്ങിയത്. ആരക്കൻ രോഹിൻഗ്യൻ സാൽവേഷൻ ആർമി(ആർസ)ക്കെതിരായ നടപടികളുടെ ഭാഗമായാണു മ്യാന്മർ സൈന്യം സൈനിക നടപടി തുടങ്ങിയതെങ്കിലും വീടുകൾ കൂട്ടമായി കത്തിച്ചും ഗ്രാമീണരെ ഉപദ്രവിച്ചും സൈന്യം മുന്നേറിയതോടെ രോഹിൻഗ്യകളുടെ ജീവിതം ദുരിതപൂർണമായി.