ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിലെ വെടിവയ്പിൽ രണ്ടു പേർ അറസ്റ്റിൽ. അക്രമികളെ സഹായിച്ച ഉമങ്, വിനയ് എന്നിവരെ ഡൽഹി സ്‌പെഷൽ സെൽ അറസ്റ്റു ചെയ്തു. കോടതിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

ഒരു മാളിൽനിന്ന് അഭിഭാഷക വേഷം വാങ്ങാൻ അക്രമികൾക്കൊപ്പം ഇവരും പോയിരുന്നു. കൂടാതെ വെടിവയ്പിനുശേഷം അക്രമികളെ രക്ഷിക്കാനായി കോടതിക്കു പുറത്ത് കാറുമായി ഇവർ ഉണ്ടായിരുന്നു. എന്നാൽ അക്രമികൾ കൊല്ലപ്പെട്ടതോടെ ഇരുവരും രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വെടിവയ്പ് നടന്നത്. കോടതിമുറിക്കുള്ളിൽ നടന്ന വെടിവയ്പിൽ ഗുണ്ടാതലവനടക്കം മൂന്ന് പേരാണു കൊല്ലപ്പെട്ടത്. ഗുണ്ടാതലവനായ ജിതേന്ദർ ഗോഗിക്ക് നേരെ അഭിഭാഷക വേഷത്തിലെത്തിയ രണ്ട് അക്രമികൾ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ആക്രമികളും കൊല്ലപ്പെട്ടു.