ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന ആദ്യ ഏകദിനത്തിനിടെ പന്തുകൊണ്ടു പരുക്കേറ്റ പെൺകുട്ടിയെ കാണാൻ നേരിട്ട് എത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. ഇംഗ്ലണ്ട് ടീമിന്റെ ആരാധകരുടെ ട്വിറ്റർ ഹാൻഡിലായ 'ഇംഗ്ലണ്ട് ബാർമി ആർമി'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡേവിഡ് വില്ലിയുടെ പന്ത് പുൾഷോട്ടായി രോഹിത് ഗാലറിയിലേക്ക് പറത്തിയപ്പോൾ അത് ഒരു കുഞ്ഞ് പെൺകുട്ടിയുടെ ദേഹത്ത് ചെന്ന് പതിക്കുക ആയിരുന്നു.

ആറു വയസ്സുകാരിയായ മീരയ്ക്കാണ് പന്തുകൊണ്ടു പരുക്കേറ്റത്. ഇംഗ്ലണ്ട് ടീമിലെ ഫിസിയോമാർ ഉടൻ തന്നെ പെൺകുട്ടിക്കടുത്തേക്ക് ഓടിയെത്തി ചികിത്സ നൽകിയിരുന്നു. ഇംഗ്ലണ്ട് സ്‌കോർ പിന്തുടരുന്നതിനിടെ അഞ്ചാം ഓവറിലാണു സംഭവം. ഇംഗ്ലിഷ് പേസർ ഡേവിഡ് വില്ലി എറിഞ്ഞ പന്ത് രോഹിത് പുൾഷോട്ടായി ഗാലറിയിലേക്ക് പറത്തി. ഫീൽഡ് അംപയർ സിക്സ് എന്നു കാണിച്ചതിനു പിന്നാലെ ക്യാമറ നേരെ ഗാലറിയിലേക്ക്. പന്തുകൊണ്ട പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കമന്റേറ്റർമാരും പെൺകുട്ടിക്കു പരുക്കേറ്റോ എന്നു ചോദിക്കുന്നുണ്ടായിരുന്നു. 79 മീറ്ററായിരുന്നു ഈ സിക്സിന്റെ ദൂരം.

പെൺകുട്ടിക്കു മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നാണു വിവരം. പെൺകുട്ടിയെ മെഡിക്കൽ വിദഗ്ദ്ധർ പരിശോധിക്കാൻ ഓടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിനു ശേഷം ഏതാനും നിമിഷങ്ങൾ കഴിഞ്ഞാണു കളി വീണ്ടും തുടങ്ങിയത്. രോഹിത് ശർമയും ഇംഗ്ലിഷ് താരം ജോ റൂട്ടും ഗാലറിയിലേക്കു നോക്കിനിൽക്കുന്ന വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മത്സരത്തിൽ 58 പന്തുകൾ നേരിട്ട രോഹിത് ശർമ 76 റൺസാണ് പുറത്താകാതെ അടിച്ചെടുത്തത്. ഏഴ് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത് ശർമയുടെ ഇന്നിങ്‌സ്.

അതേസമയം മികച്ച ഫോമിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ നേടിയ അർധസെഞ്ചുറി താരത്തിന്റെ ബാറ്റിങ് മികവിനെ വിമർശിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണ്. ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഒന്നാമതെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസെടുത്തു പുറത്തായി. മറപടിയിൽ 18.4 ഓവറിൽ വിക്കറ്റു പോകാതെ ഇന്ത്യ വിജയലക്ഷ്യത്തിലെത്തി. 58 പന്തുകൾ നേരിട്ട രോഹിത് ശർമ 76 റൺസാണ് പുറത്താകാതെ അടിച്ചെടുത്തത്. ഏഴ് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു രോഹിത് ശർമയുടെ ഇന്നിങ്സ്. രോഹിതിന്റെ ബാറ്റിങ്ങിനെ ഗാലറിയിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വരവേറ്റെങ്കിലും സിക്സുകളിൽ ഒരെണ്ണം ചെന്നുവീണത് ഒരു കുഞ്ഞു ആരാധികയുടെ ദേഹത്താണ്.

മത്സരത്തിൽ 54 പന്തിൽ 31 റൺസെടുത്ത ശിഖർ ധവാൻ രോഹിത് ശർമയ്ക്കു മികച്ച പിന്തുണ നൽകി. ക്രിക്കറ്റിൽ 5000 റൺസ് തികച്ച ഓപ്പണിങ് കൂട്ടുകെട്ട് എന്ന നേട്ടവും രോഹിതും ധവാനും ആദ്യ ഏകദിനത്തിൽ സ്വന്തമാക്കി.