- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പിലേക്ക് മൂന്ന് മാസത്തെ ദൂരം; കെട്ടുറപ്പുള്ള ടീമിനെ ഒരുക്കണം; യുവതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള സുവർണാവസരം; ഇംഗ്ലണ്ടിനെതിരായ പരമ്പര വെല്ലുവിളി നിറഞ്ഞതെന്ന് രോഹിത് ശർമ; ഇംഗ്ലണ്ട് ആക്രമണോത്സുക ശൈലി തുടരുമെന്ന് ബട്ലർ
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി ടീമിന്റെ പ്രതീക്ഷകൾ പങ്കുവച്ച് നായകൻ രോഹിത് ശർമ്മ. മൂന്ന് വീതം ട്വന്റി 20 - ഏകദിന മത്സരങ്ങളാണ് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ആദ്യ ട്വന്റി 20 മത്സരം ഇന്ന് സതാംപ്ടണിൽ നടക്കും. രോഹിത് ടീമിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ളതാണ് പ്രത്യേക. അതേസമയം, മുതിർന്ന താരങ്ങളായി വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ടി20 പരമ്പര വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് രോഹിത് പറയുന്നു. പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരന്പര വെല്ലുവിളി നിറഞ്ഞതായിരിക്കും. ടി20 ലോകകപ്പ് മുന്നിൽ കണ്ടായിരിക്കും ഇന്ത്യ കളിക്കുക. ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിലേക്ക് മൂന്ന് മാസത്തെ ദൂരമേയുള്ളൂ. ഇതിന് മുൻപ് കെട്ടുറപ്പുള്ള ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ഇറങ്ങുമ്പോഴും ലോകകപ്പിലേക്കാണ് ഇന്ത്യ നോക്കുന്നത്. ടീമിലെ യുവതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള സുവർണാവസരം കൂടിയാണിത്. പരിചയക്കുറവുണ്ടെങ്കിലും എല്ലാവർക്കും ഉത്തരവാദിത്തങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്.'' രോഹിത് പറഞ്ഞു.
രാത്രി പത്തരയ്ക്കാണ് കളി തുടങ്ങുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത്തിനൊപ്പം ഇഷാൻ കിഷൻ ഓപ്പണറാവുമ്പോൾ സഞ്ജു സാംസൺ ടീമിലെത്താൻ സാധ്യതയില്ല. സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പണ്ഡ്യ, ദിനേഷ് കാർത്തിക് എന്നിവരായിരിക്കും പിന്നാലെയെത്തുക. ബൗളർമാരിൽ അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ എന്നിവർക്കും സ്ഥാനമുറപ്പ്. അവസാന സ്ഥാനത്തിനായി ഉംറാൻ മാലിക്കും അർഷ്ദീപ് സിംഗും തമ്മിലായിരിക്കും മത്സരം.
അതേ സമയം വെറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ആക്രമണോത്സുക ശൈലി തുടരുകതന്നെ ചെയ്യുമെന്ന് ഏകദിന ട്വന്റി20 ഫോർമാറ്റുകളിലെ നായകൻ ജോസ് ബട്ലർ പ്രതികരിച്ചു. മുൻ ക്യാപ്റ്റൻ ഓയിൻ മോർഗനു കീഴിൽ കളിച്ചിരുന്ന അതേ ശൈലി ഇംഗ്ലണ്ട് തുടരണമെന്നാണു തന്റെ ആഗ്രഹമെന്നു ബട്ലർ പറഞ്ഞു. മോർഗൻ വിരമിച്ചതിനു പിന്നാലെയാണ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ബട്ലറെ ക്യാപ്റ്റനായി നിയമിച്ചത്. ഫുൾടൈം ക്യാപ്റ്റൻ എന്ന നിലയിൽ ബട്ലർ ഇംഗ്ലണ്ടിനെ നയിക്കുന്ന ആദ്യ മത്സരമാകും ഇന്ത്യയ്‌ക്കെതിരെ നടക്കുക. മോർഗനിൽനിന്ന് നായക സ്ഥാനം ഏറ്റെടുക്കാനായതു വലിയ ബഹുമതിയായി കരുതുന്നുവെന്നു ബട്ലർ മുൻപു പ്രതികരിച്ചിരുന്നു.
ആക്രമണോത്സുക ശൈലിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നാണു ബട്ലർ ബിബിസി സ്‌പോർട്ടിനോടു വ്യക്തമാക്കിയത്. 'ഇംഗ്ലണ്ടിന്റെ ശൈലിയിൽ യാതൊരു തരത്തിലുമുള്ള മാറ്റവും വരുത്തേണ്ട ആവശ്യം ഉള്ളതായി തൽക്കാലം തോന്നുന്നില്ല. ഓയിൻ മോർഗന്റെ അതേ രീതിയിലാണു ഞാനും കളിയെ സമീപിക്കുന്നത്. മോർഗന്റെ അതേ ശൈലിയിൽ ഇംഗ്ലണ്ട് കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആക്രമണോത്സുക ശൈലി തുടരുക, തോൽവികളിൽ ഭയക്കുന്നില്ല.
ഇനി ഇംഗ്ലണ്ടിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത് ആരാണെങ്കിലും അവരും ഇതേ ശൈലി തുടരണമെന്നാണ് എന്റെ ആഗ്രഹം. ഇനി ഒരു തിരിച്ചുപോക്കില്ല. ഈ ശൈലിയെ ചിലരെങ്കിലും അടുത്ത തലത്തിലേക്കു കൊണ്ടുചെന്നെത്തിക്കാൻ ശ്രമിക്കുമെന്നാണു ഞാൻ കരുതുന്നത്' ബട്ലറുടെ വാക്കുകൾ. ഇതിനു മുൻപ് ഇംഗ്ലണ്ടിനെ 9 ഏകദിനത്തിലും 5 ട്വന്റി20കളിലും ബട്ലർ നയിച്ചിട്ടുണ്ട്. ബട്ലർക്കു കീഴിൽ 9 ജയങ്ങളാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടുള്ളത്. നെതർലൻഡിനെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് ബട്ലർ ഇതിനു മുൻപ് ഇംഗ്ലണ്ടിനെ നയിച്ചത്. പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു.
സ്പോർട്സ് ഡെസ്ക്