റോത്തക്ക്: നിർഭയ മോഡൽ കൊലപാതകങ്ങൾ രാജ്യത്തെ നടുക്കുന്ന വിധത്തിൽ വീണ്ടും ആവർത്തിക്കുന്നു. മുമ്പ് ഡൽഹിയിലായിരുന്നു ഈ കൊലപാതകം നടന്നതെങ്കിൽ ഇത്തവണ ഹരിയാനയിലെ റോത്തക്കിലാണ് അതിക്രൂരമായ അതിക്രമം നടന്നത്. ഏഴു പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. വികൃതമാക്കപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം മെയ്‌ 11നാണ് പൊലീസ് കണ്ടെടുത്തത്. കേസൽ അന്വേഷണം പുരോഗമിക്കുകയാണ്.

മെയ്‌ ഒൻപതിന് ജോലിക്കുപോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന വിവരം പുറത്തായത്. ക്രൂരമായ പീഡനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റതിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

മൂർച്ചയേറിയ ഉപകരണങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുണ്ടാക്കി. ആളെ തിരിച്ചറിയാതിരിക്കാൻ യുവതിയുടെ തലയിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്നും പൊലീസ് പറഞ്ഞു. തലയോട്ടി പൂർണമായും തകർന്നു. ഫൊറൻസിക് പരിശോധനയിലാണ് കുറഞ്ഞത് ഏഴു പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. യുവതിയുടെ ശരീരത്തിൽനിന്നും ലഹരി മരുന്നിന്റെ സാംപിളുകൾ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് ബലമായി പെൺകുട്ടിയുടെ ശരീരത്തിൽ കുത്തിവച്ചതാകാമെന്നാണ് കരുതുന്നത്.

റോത്തക്കിലെ ഒഴിഞ്ഞ പ്രദേശത്തുനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആളെ തിരിച്ചറിയാൻ സാധിച്ചില്ല, പിന്നീടാണ്, അടുത്ത ഗ്രാമത്തിൽ നിന്നും യുവതിയെ കാണാനില്ലെന്ന പരാതി പരിശോധിച്ചത്. തുടർന്ന് കാണാതായ പെൺകുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരാൾ മകളെ ശല്യം ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇയാളെപ്പറ്റിയുള്ള വിവരവും പൊലീസിന് നൽകിയിട്ടുണ്ട്. വിവാഹാലോചനയുമായി ഇയാൾ എത്തിയപ്പോൾ അത് നിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്.