ണ്ടാനച്ഛന്റെ പീഡനത്തിനിരയായി ഗർഭിണിയായ റോത്തക്കിലെ പത്തുവയസ്സുകാരി ആറാം മാസത്തിൽ ഗർഭച്ഛിദ്രത്തിന് വിധേയയായി. ബുധനാഴ്ച ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകിയെന്ന് റോത്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ പി.ജി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ പറഞ്ഞു. ഗർഭഛിദ്രത്തിന് കുറച്ചുകൂടി സമയമെടുക്കുമെന്നും കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് അശോക് ചൗഹാൻ വ്യക്തമാക്കി.

കുട്ടിയെ നിരന്തരം കൗൺലിങ്ങിന് വിധേയമാക്കുന്നുണ്ടെന്നും അവൾ എല്ലാവരോടും സന്തോഷത്തോടെ സംസാരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനായി, പ്രത്യേക മുറിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഒരു നഴ്‌സിനെയും പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്ന് റോത്തക്ക് ശിശുക്ഷേമ സമിതി ചെയർമാൻ ആർ.എസ്. സാംഗ്വാൻ പറഞ്ഞു. പെൺകുട്ടിക്ക് വയറിനും കാലുകൾക്കും ചെറിയ വേദനയുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് സമിതിയിലെ മറ്റൊരംഗമായ ഗണേശ് കുമാർ പറഞ്ഞു.

ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ശിശുക്ഷേമ സമിതി പരിഗണിക്കുന്നത്. ഇതനുസരിച്ച് പെൺകുട്ടിക്ക് 18 വയസ്സാകുന്നതുവരെ മാസം 2000 രൂപ വീതം നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ സമിതിയുടെ സഹായത്തോടെയാണിിത് നടപ്പാക്കുന്നത്. പെൺകുട്ടിയുടെ ഇളയ സഹോദരിക്കും ഇതനുസരിച്ച് സഹായം ലഭിക്കും.

പെൺകുട്ടിയെ ഗർഭിണിയാക്കിയ രണ്ടാനച്ഛൻ സുനിൽ (20) ജയിലിലാണ്. ആശുപത്രിയിൽനിന്ന് റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് കോടതിയിൽ ഹാജരാക്കുമെന്നും കേസന്വേഷിക്കുന്ന ഗരിമാദേവി പറഞ്ഞു. പെൺകുട്ടി ആറുമാസം ഗർഭിണിയായതിനാൽ, ഗർഭഛിദ്രം നടത്തണോ എന്ന കാര്യത്തിൽ ഡോക്ടർമാർ സംശയത്തിലായിരുന്നു. ചൊവ്വാഴ്ചയാണ് മരുന്ന് നൽകാൻ തീരുമാനിച്ചത്. 20 ആഴ്ചയിലേറെ ഗർഭിണിയാണെങ്കിൽ ഗർഭഛിദ്രം നടത്താൻ പാടില്ലെന്നാണ് നിയമം. അമ്മയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇവിടെ പ്രത്യേകം പരിഗണിക്കുകയായിരുന്നു.