തിരുവനന്തപുരം: തിരുവനന്തപുരത്ത് നഴ്‌സിങ് വിദ്യാർത്ഥി റോജി റോയി എന്ന നഴ്‌സിങ് വിദ്യാർത്ഥി കിംസ് ആശുപത്രിയിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ആശുപത്രി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. സോഷ്യൽ മീഡിയയിലെ പ്രതിഷേധം തെരുവുകളിലേക്കും വ്യാപിക്കാൻ ഒരുങ്ങുകയാണ്. മാനേജ്‌മെന്റ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത സമ്മർദ്ദമാണ് റോജിയുടെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ശക്തമാണ്. കുറ്റക്കാരായ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിൽ ആരോപണങ്ങളെ പ്രതിരോധിച്ച് കിംസ് ആശുപത്രി മാനേജ്‌മെന്റ് നേരിട്ട് രംഗത്തെത്തി.

റോജി റോയിയുടെ മരണം ചില തത്പര കക്ഷികൾ മുതലാക്കാൻ ശ്രമിക്കുന്നതായും അതിനായി വൻതോതിൽ പണം മുടക്കി ദുഷ്പ്രചരണങ്ങൾ അഴിച്ചുവിടുന്നതായുമാണ് ആശുപുത്രി മാനേജ്‌മെന്റ് ആരോപിക്കുന്നത്. ആശുപത്രിക്ക് കളങ്കം ചാർത്തുക എന്നതാണ് ഈ നിക്ഷിപ്ത താൽപര്യക്കാരുടെ ലക്ഷ്യം. ആശുപത്രിയുടെ ഭാഗത്തുനിന്നും അവിഹിതമായ സമീപനം ഉണ്ടാാവാത്തതിലുള്ള ചിലരുടെ പകപോക്കലിന്റെ ഭാഗമാണി മാനേജ്‌മെന്റ് അധികൃതർ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഉന്നതതല സംഘവുമായി പൂർണ്ണമായും സഹകരിക്കുന്ന ആശുപത്രിയെക്കുറിച്ച് അന്വേഷണ ഏജൻസിക്കോ പൊതുജനങ്ങൾക്കോ യാതൊരു പരാതിയുമില്ലെന്നിരിക്കെ, ചില ഗൂഢ ശക്തികൾ നടത്തുന്ന ജുഗുപ്‌സാവഹമായ നീക്കങ്ങളിൽ ആശുപത്രിയുടെ സേവനം പ്രയോജനപ്പെട്ടിട്ടുള്ള ആയിരങ്ങൾക്കും ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങൾക്കും കടുത്ത അസംതൃപ്തിയും പ്രതിഷേധവുമാണുള്ളത്. തങ്ങൾക്കെതിരെ നീക്കം നടത്തുന്ന ഈ ഉന്നതനും പങ്കാളിത്തമുണ്ടെന്ന് ആശുപത്രി ആരോപിച്ചു.

റോജി റോയിയുടെ മരണവുമായി ബന്ധപ്പെട്ട് വസ്തവവിരുദ്ധമായ നിരവധി ദുഷ്പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. റാഗിങ്ങുമായി ബന്ധപ്പെട്ടാണ് റോജി റോയിയെ മാനേജ്‌മെന്റ് വിളിച്ചുവരുത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കിംസ് കോളേജ് ഓഫ് നഴ്‌സിംഗിൽ റാഗിംഗിനിരയായ വിദ്യാർത്ഥികളും ഒരു സാക്ഷിയും ചേർന്ന് റോജി റോയിക്കെതിരെ പരാതി നൽകിയിരുന്നു. നിലവിലുള്ള ആന്റിറാഗിങ് റെഗുലേഷൻസ് പ്രകാരം, കോളേജ് പ്രിൻസിപ്പലും ക്ലാസ് കോഓർഡിനേറ്ററും ഹോസ്റ്റൽ വാർഡനും റാഗിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാതിക്കാരായ വിദ്യാർത്ഥികളിൽ നിന്നും റോജി റോയിയിൽ നിന്നും ചോദിച്ചു മനസ്സിലാക്കുകയും തുടർന്ന് സംഭവത്തെക്കുറിച്ച് വിശദീകരണം നല്കുവാനായി റോജി റോയിയോട് ആവശ്യപ്പെടുകയും ചെയ്തു. തൊട്ടടുത്തുള്ള കെട്ടിടത്തിലെ ലൈബ്രറിയിൽ നിന്നും വിശദീകരണം എഴുതി നൽകുവാനുള്ള പേപ്പർ എടുത്ത് മടങ്ങിവരാമെന്ന് പറഞ്ഞാണ് റോജി പോയത്. എന്നാൽ വിദ്യാർത്ഥിനി ആശുപത്രിയുടെ പത്താം നിലയിൽ നിന്നും ചാടുകയാണുണ്ടായത്.

ഗുരുതരാവസ്ഥയിലായ റോജിയുടെ ജീവൻ രക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും ആശുപത്രി അധികൃതർ സ്വീകരിച്ചു. എന്നാൽ വീഴ്ചയിൽ സംഭവിച്ച അതീവ ഗുരുതരമായ പരുക്കുകൾ മൂലം എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. റോജിയുടെ മരണം ആശുപത്രിക്കും അദ്ധ്യാപകർക്കും സഹപാഠികൾക്കും ഒരു കനത്ത ആഘാതമായിരിക്കെ സംഭവത്തെ ചിലർ മനപ്പൂർവ്വം മുതലെടുക്കുവാൻ ശ്രമിക്കുകയും ദുഷ്പ്രചരണങ്ങൾ നടത്തുകയുമാണെന്നാണ് കിംസ് അധികൃതർ പറയുന്നത്.

സംഭവം നടന്ന് ഏതാനും മിനിട്ടുകൾക്കകം ആശുപത്രിയിലെത്തിയ പൊലീസ് സംഘം എല്ലാ തെളിവുകളും ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഉന്നതതല സംഘം ഇപ്പോൾ സമഗ്രമായ അന്വേഷണം നടത്തിവരികയുമാണ്. ഇതിനിടയിലാണ് ചില ഗൂഢശക്തികൾ പണം സമാഹരിച്ച് ബാനറുകളിലൂടെയും സോഷ്യൽ മീഡിയ വഴിയും ആശുപത്രിയുടെ സൽപ്പേര് കളങ്കപ്പെടുത്തുവാൻ ശ്രമം നടത്തികൊണ്ടിരിക്കുന്നത് കിംസ് മാനേജ്‌മെന്റ് വ്യക്തമാക്കി.