- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേച്ചത് സിനിമ സുഖിച്ചുവന്ന പ്രേക്ഷകരെ; ഒന്നാം പകുതിയിലെ തകർപ്പൻ തുടക്കത്തിനു ശേഷം റോൾ മോഡൽസ് ബോർ മോഡൽസ് ആവുന്നു; കഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയാതെ വീർപ്പുമുട്ടി സംവിധായകൻ റാഫി; ആശ്വാസമായത് എനർജി പാക്ക് താര പ്രകടനം
തേക്കുക എന്ന പുതിയൊരു വാക്ക്, കുമ്മനമടിയൊക്കെപ്പോലെ മലയാളം അർബൻ ഡിക്ക്ഷനറിക്ക് സംഭാവന ചെയ്തതാണെല്ലോ, 'റോൾമോഡൽസ്' എന്ന, ഹിറ്റ്‌മേക്കർ റാഫിയുടെ പുതിയ ചിത്രത്തിന്റെ ഭാഷാപരമായ പ്രത്യേകത.കാമുകനെ പറ്റിച്ച് മുങ്ങുന്ന കാമുകിയാണ് തേപ്പിന്റെ അടിസ്ഥാനം. 'തേച്ചില്‌ളെ പെണ്ണേ തേച്ചില്ലേ പെണ്ണേ,തേപ്പുപെട്ടിപോലെ വന്നിട്ടെന്നെ' എന്ന ഗോപീസുന്ദറിന്റെ തകർപ്പൻ ഗാനം, നമ്മുടെ ഫഹദ് ഫാസിലും കൂട്ടരും പാടിയത് വൈറൽ ആയതോടെതന്നെ ഈ പടത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയർന്നിരുന്നു. പടക്കംപോലുള്ള തുടക്ക സീനുകളും, വിനായകന്റെയും, ഷറഫുദ്ദീന്റെയും, വിനയ്‌ഫോർട്ടിന്റെയും ഇടിവെട്ട് കോമഡികളും, ഫഹദ് ഫാസിലിന്റെ കരിസ്മയും ഒക്കെയായതോടെ ഷുവർ ഹിറ്റ് എന്റർടെയിനർ എന്ന് തോന്നിപ്പോയി. അവിടെ ഇവിടെയായി കുറെ ക്‌ളീഷെകളും പഴയ പടങ്ങളുടെ കോപ്പികളും അളിഞ്ഞതും ഓഞ്ഞതുമായ തമാശകളും ഉണ്ടെങ്കിലും, ഒന്നാംപകുതിയങ്ങോട്ട് ഓടിത്തീരുകയായിരുന്നു. പക്ഷേ സെക്കൻഡ് ഹാഫിൽ പണി പാളി.ഇമോഷണൽ ഡ്രാമയും, അൽപ്പം സൈക്കോളജിക്കൽ മൂവും, ജീവിത വിജയത്തെക്കുറിച്ചുള്ള ആർക്കും കൊട
തേക്കുക എന്ന പുതിയൊരു വാക്ക്, കുമ്മനമടിയൊക്കെപ്പോലെ മലയാളം അർബൻ ഡിക്ക്ഷനറിക്ക് സംഭാവന ചെയ്തതാണെല്ലോ, 'റോൾമോഡൽസ്' എന്ന, ഹിറ്റ്‌മേക്കർ റാഫിയുടെ പുതിയ ചിത്രത്തിന്റെ ഭാഷാപരമായ പ്രത്യേകത.കാമുകനെ പറ്റിച്ച് മുങ്ങുന്ന കാമുകിയാണ് തേപ്പിന്റെ അടിസ്ഥാനം. 'തേച്ചില്‌ളെ പെണ്ണേ തേച്ചില്ലേ പെണ്ണേ,തേപ്പുപെട്ടിപോലെ വന്നിട്ടെന്നെ' എന്ന ഗോപീസുന്ദറിന്റെ തകർപ്പൻ ഗാനം, നമ്മുടെ ഫഹദ് ഫാസിലും കൂട്ടരും പാടിയത് വൈറൽ ആയതോടെതന്നെ ഈ പടത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയർന്നിരുന്നു. പടക്കംപോലുള്ള തുടക്ക സീനുകളും, വിനായകന്റെയും, ഷറഫുദ്ദീന്റെയും, വിനയ്‌ഫോർട്ടിന്റെയും ഇടിവെട്ട് കോമഡികളും, ഫഹദ് ഫാസിലിന്റെ കരിസ്മയും ഒക്കെയായതോടെ ഷുവർ ഹിറ്റ് എന്റർടെയിനർ എന്ന് തോന്നിപ്പോയി.
അവിടെ ഇവിടെയായി കുറെ ക്‌ളീഷെകളും പഴയ പടങ്ങളുടെ കോപ്പികളും അളിഞ്ഞതും ഓഞ്ഞതുമായ തമാശകളും ഉണ്ടെങ്കിലും, ഒന്നാംപകുതിയങ്ങോട്ട് ഓടിത്തീരുകയായിരുന്നു. പക്ഷേ സെക്കൻഡ് ഹാഫിൽ പണി പാളി.ഇമോഷണൽ ഡ്രാമയും, അൽപ്പം സൈക്കോളജിക്കൽ മൂവും, ജീവിത വിജയത്തെക്കുറിച്ചുള്ള ആർക്കും കൊടുക്കാവുന്ന കുറേ ഉപദേശങ്ങളുമായി 'പരസ്പരം' സീരിയിലിന്റെ രൂപത്തിലൊരു പടപ്പ്. ഫസ്റ്റ് ഹാഫ് എടുത്ത സംവിധായകൻ തന്നെയാണോ, സെക്കൻഡ് ഹാഫ് എടുത്തതെന്ന് നാം അന്തിച്ചുപോവും. ഒരു വാണിജ്യ സിനിമക്ക്വേണ്ട എല്ലാ ചേരുവകളുമുള്ള പ്രമേയവും, ഒന്നാംകിട ആർട്ടിസ്റ്റുകളുമുണ്ടായിട്ടും തിരക്കഥകൂടി എഴുതിയ സംവിധായകൻ റാഫി കഥ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നൊ, എങ്ങനെ പടം അവസാനിപ്പിക്കും എന്നുപോലുമോ അറിയാതെ നട്ടം തിരിയുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.
നല്‌ളൊരു കച്ചവട ചിത്രത്തിന്മേലുള്ള ഒന്നാന്തരം തേപ്പായിപ്പോയി ഇത്. ഈ പനിക്കാലത്ത് ഒന്ന് ചിരിച്ച് ആസ്വദിക്കാമെന്ന് വിചാരിച്ച് ടിക്കറ്റെടുത്ത പ്രേക്ഷകന്റെ നേർക്കുള്ള ഒന്നൊന്നര തേപ്പ്! എന്നിരുന്നാലും നിങ്ങൾ വെറുമൊരു നേരമ്പോക്ക് എന്നനിലയിൽ സിനിമ കാണുന്ന വ്യക്തിയാണെങ്കിലും, സാമാന്യബുദ്ധിക്ക് ചലച്ചിത്രങ്ങളിൽ വലിയ സ്ഥാനമില്ല എന്ന് വിശ്വസിക്കുന്നയാളാണെങ്കിലും ഒറ്റത്തവണ കാണാവുന്ന ചിത്രമാണിത്.അടുത്തകാലത്ത് ഇറങ്ങിയ തറവളിപ്പുകളെ ഓർക്കുമ്പോൾ പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രവും.
ചിരിച്ചു തുടങ്ങി മോങ്ങലിലേക്ക്
ഒരുകണക്കിന് മലയാളം ചലച്ചിത്രലോകത്തിന് അഭിമാനിക്കാനുള്ള വകുപ്പുമുണ്ട്. അസാധ്യമായി പെർഫോംചെയ്യാൻ കഴിയുന്ന എത്രയെത്ര യുവതാരങ്ങളാണ് ഇവിടെയുള്ളത്. 'റോൾ മോഡൽസ്' പ്രിയദർശന്റെ ചില പടങ്ങളെപ്പോലെ പൂർണ്ണമായും പെർഫോമെൻസ് ഓറിയന്റഡ് മൂവിയാണ്. ക്രാഫ്റ്റിനേക്കാൾ ഇവിടെ കാസ്റ്റിങ്ങാണ് പ്രധാനം.( 80കളിലും 90കളിലുമൊക്കെ മലയാള സിനിമ പിടിച്ചു നിന്നത് കുറെ നടന്മാരുടെയും നടികളുടെയും അഭിനയത്തികവുകൊണ്ട് കൂടിയായിരുന്നു. ആ ഒഴുക്ക് പിന്നീട് കാണുന്നത് 2010ന് ശേഷമാണ്. തീർച്ചയായും ഈ പടത്തിൽ നിങ്ങൾക്ക് സൗബിൻ ഷാഹിർ എന്ന ന്യൂജൻ ജഗതിയെ മിസ്സ്‌ചെയ്യും!) ആ അർഥത്തിൽ പടം വൻ വിജയവുമാണ്. ഫറഫുദ്ദീന്റെ കൗണ്ടറുകളും, വിനായകന്റെ ബ്‌ളാക്ക് ഹ്യൂമറും, വിനയ്‌ഫോർട്ടിന്റെ ആക്ഷൻകോമഡിയും, ഫഹദ്ഫാസിലിന്റെ '24 നോർത്ത് കാതത്തിലെ' തന്റെ തന്നെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന 'നിർഗുണ നായകന്റെ' ഐറണികളും എല്ലാം ചേരുമ്പോൾ ആദ്യപകുതി പലയിടത്തും ശരിക്കും പൊട്ടിച്ചിരിപ്പിക്കുന്നു.
ഒരു ശരാശരി മലയാളിയുടെ ജീവിതം സത്യത്തിൽ പറഞ്ഞാൽ വീട്ടുകാർക്കായുള്ള ഒരു സന്നദ്ധ പ്രവർത്തനമാണ്. ഇഷ്ടമുള്ള കളി കളിക്കാൻ അനുവദിക്കാതെ, ഇഷ്ടമുള്ള വിഷയം പഠിക്കാൻ അനുവദിക്കതെ, ഇഷ്ടമുള്ള ഇണയെ തെരഞ്ഞെുടുക്കാൻ സമ്മതിക്കാതെ, എല്ലാം രക്ഷിതാക്കളുടെ ഇഷ്ടത്തിന്. ആ പാതാളക്കുഴിയിൽ വീണുപോയി മാതാപിതാക്കൾക്ക്വേണ്ടി പഠിപ്പിസ്റ്റായ ഒരു ശരാശരി മല്ലുവാണ് ഫഹദിന്റെ ഗൗതമൻ.ഒട്ടും പ്രതികരണശേഷിയില്ലാതെ വളരുന്ന കുട്ടികൾ മാത്രമാണ് നല്ലവരെന്നും, എന്തെങ്കിലും ഒന്ന് പ്രതികരിക്കുന്നവൻ വഴക്കാളിയാണെന്നുമുള്ള മലയാളി മധ്യവർഗത്തിന്റെ ആ ബോധം ഒരിടത്ത് ഗൗതമൻ കൃത്യമായി പറയുന്നുണ്ട്.ആ ഘട്ടത്തിൽ റാഫിയുടെ തിരക്കഥയിൽ വ്യക്തമായ സ്പാർക്ക് കാണുന്നത്.പക്ഷേ പിന്നീടത് തിരഞ്ഞുപോവുന്നു.
കോളജിൽ പഠിക്കുന്നകാലത്ത് 'കിടു'വായിരുന്ന നമ്മുടെ നായകനിപ്പോൾ, വെറും കരിയറിസ്റ്റായ ഒരു ടെക്കി മാത്രമാണ്. ഒരു യന്ത്രത്തെപ്പോലെ ജോലിചെയ്തും ദിനേനെ 8 ലിറ്റർ വെള്ളം അളന്ന് കുടിച്ചും, അത് മൂത്രമൊഴിച്ചു തീർത്തും ഒരു യന്തിരനെപ്പോലെ അയാൾ ജീവിക്കുന്നു. കല്യാണ പ്രായമത്തെിയിട്ടും അയാൾക്ക് സ്ത്രീകളോട് യാതൊരു താൽപ്പര്യവുമില്ല. ആ ഘട്ടത്തിലാണ് സ്ഫടികത്തിലെ ചാക്കോ മാഷെപ്പോലെ ഇതിനൊക്കെ കാരണക്കാരായ ഗൗതമന്റെ പിതാവ് ( സിനിമയിൽ രഞ്ജി പണിക്കർ) ഗൗതമന്റെ പിരിഞ്ഞുപോയ കോളജ് ഫ്രൻഡ്‌സിനെ വിളിച്ചുവരുത്തി അവനെ വീണ്ടും വെടക്കാക്കി ഒരു മനുഷ്യനാക്കാൻ അഭ്യർത്ഥിക്കുന്നത്. ( 'ചിന്താവിഷ്ടയായ ശ്യാമളയിലെ'ശ്രീനിവാസനെയും ഇന്നസെന്റിനെയും മണക്കുന്നില്ലേ) അങ്ങനെയാണ് നമ്മുടെ വിനായകനും, ഫറഫും, വിനയുമൊക്കെ ഫഹദിനൊപ്പം എത്തുന്നത്.
പിന്നീടങ്ങോട്ട് ചിരിയുടെയും കൗണ്ടറുകളുടെയും വെടിക്കെട്ടാണ്. ഗൗതമൻ സ്വവർഗ്ഗാനുരാഗിയാണൊ എന്ന് അറിയാനുള്ള വിനായകന്റെയും ഷറഫുദ്ദീന്റെയുമൊക്കെ പരീക്ഷണം കണ്ടാൽ അടൂർ ഗോപാലകൃഷ്ണൻപോലും ചിരിച്ചു മറിഞ്ഞുപോവും. ഒടുവിൽ അവർ കണ്ടത്തെുന്നു. ഗൗതമന്റെ വിഷാദത്തിന് കാരണം 'തേച്ചിട്ടുപോയ' കാമുകിയാണെന്ന് ( സിനിമയിൽ നമിതാപ്രമോദ്). ഗോവയിൽ അഡ്വവഞ്ചർ സ്പോർട്സ് ട്രെയിനറായുള്ള അവളെതേടി അവരുടെ യാത്രയാണ് ശേഷം. തുടർന്നുള്ള ഫുൾ ലോക്കേഷൻ ഗോവയാണ്. ഗൗതമനെക്കുറിച്ചുള്ള ഒരു ത്രില്ലിങ്ങ് പഞ്ച് ഓർമ്മയുമായി, ആദ്യപകുതിക്ക് തിരശ്ശീല വീഴുമ്പോൾ, ഫോണിൽ സുഹൃത്തുക്കളെ വിളിച്ച് പടം കിടിലെന്ന് വിളിക്കുന്നവരെയൊക്കെ 'തേക്കുകയാണ്' രണ്ടാം പകുതി. ചിരി പിന്നീടങ്ങോട്ട് ഏങ്ങലും മോങ്ങലുമാവുകയാണ്.
രമണൻ റീലോഡഡ് പക്ഷേ...
പഞ്ചാബി ഹൗസും, തെങ്കാശിപ്പട്ടണവും അടക്കമുള്ള മലയാളി മറക്കാത്ത ഹിറ്റുകൾ സമ്മാനിച്ച റാഫി-മെർക്കാർട്ടിന് ജോഡിയിൽനിന്ന് വേർപെട്ടതിനുശേഷം, റിങ്ങ് മാസ്റ്റർ എന്ന ആവറേജ് ദിലീപ് ചിത്രമെടുക്കാനായിരുന്നു, ഈ ചിത്രത്തിൽ മികച്ച ഒരു വേഷവും ചെയ്ത സംവിധായകൻ റാഫിയുടെ യോഗം. പലചിത്രങ്ങളെയും അനുകരിച്ചപോലെ തന്റെ തന്നെ പഴയ ചിത്രത്തിലെ കഥാപാത്രങ്ങളെയും ഈ പടത്തിൽ റാഫി ഇറക്കിയിട്ടുണ്ട്. എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും ട്രോളന്മാർ ആഘോഷമാക്കുന്ന 'പഞ്ചാബിഹൗസിലെ' സാക്ഷാൽ രമണനായി ഹരിശ്രീ അശോകൻ എത്തുമ്പോൾ തീയേറ്ററിലുള്ള കൈകയടി കേൾക്കേണ്ടതാണ്. പക്ഷേ അതു കഴിഞ്ഞിട്ടോ. രമണനങ്ങോട്ട് ഉപദേശിച്ച് വെറുപ്പിക്കലോട് വെറുപ്പിക്കലാണ്. പ്രിയപ്പെട്ട റാഫി ഈ രമണൻ ടു വല്ലാത്ത ചതിയായിപ്പോയി. രമണൻ വണ്ണിന് അപമാനമായിപ്പോയി ഈ ചെയ്ത്ത്. രമണൻ ഫാൻസുകാർ തല്ലുമെന്ന് തോന്നിയതുകൊണ്ടാവും ചിത്രം അവസാനിപ്പിക്കുമ്പോൾ അവർക്കുകൂടിയും നന്ദി പറയുന്നുണ്ട് സംവിധായകൻ.
രണ്ടാം പകുതിയിലെ മൊത്തം കഥാപാത്രങ്ങളുടെയും എതാണ്ട് അവസ്ഥ ഇങ്ങനെ കഥയില്ലായ്മയാണ്.ചിത്രം ഒരു ലവ്‌സ്റ്റോറി പ്‌ളസ് ഫാമിലിപാക്ക് ആക്കണോ, അതോ ഒരു സൈക്കോ ത്രില്ലർ ആക്കണോ എന്നൊക്കെ മുടിഞ്ഞ കൺഫ്യൂഷനാണ് സംവിധായകന്. അതിനിടയിൽ ചില വില്ലന്മാരും മെലോഡ്രാമകളുമായി കോമഡിക്കൂട്ടം ഉണ്ടാക്കിയ എല്ലാ ഫ്രഷ്‌നസ്സും പൊളിച്ചടുക്കുന്നു. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറെന്നപേരിൽ അവസാനം ചിത്രം അവസാനിക്കുമ്പോൾ, ആദ്യപകുതിയിൽ നല്ലതു പറഞ്ഞ പ്രേക്ഷകരൊക്കെ തെറി പറയാൻ മൊബൈൽ എടുക്കുകയാണ്!
തട്ടിക്കൂട്ടിയ തിരക്കഥതന്നെയാണ് ഈ പടത്തിന്റെ പ്രധാനദോഷമെന്നതിനാൽ രചയിതാവുകൂടിയായ സംവിധായകൻ റാഫി തന്നെയാണ് ഈ പടത്തിന്റെ ദുർഗതിക്ക് പ്രധാന കാരണക്കാരൻ. റാഫിയുടെ കൈയിൽ നല്‌ളൊരു വൺലൈനിലുണ്ട്, അതിലേക്ക് മികച്ച താരങ്ങളെ പ്‌ളേസ് ചെയ്യാനുമറിയാം. പക്ഷേ തുടർന്നങ്ങോട്ട് എന്തുചെയ്യണമെന്ന് പിടിയില്ല. എത്ര ഹിറ്റുകൾ ഉണ്ടാക്കിയ സംവിധായകനായായും തിരക്കഥയിൽ മരുന്നില്‌ളെങ്കിൽ കമഴ്ന്നടിച്ച് വീഴുമെന്ന് ഇത് കാക്കാത്തൊള്ളായിരാമത്തെ ഗുണപാഠമാണ്.
നടിച്ചുതിമർത്ത് കോമഡിക്കൂട്ടം
പക്ഷേ രണ്ടാം പകുതിയിലെ അസംബന്ധങ്ങളിൽപെട്ട് കഥ ഉഴലുമ്പോഴും പടത്തെ ലൈവാക്കി നിർത്തുന്നത് നമ്മുടെ കോമഡിക്കൂട്ടം തന്നെയാണ്.കൂട്ടത്തിൽ മികച്ചത് ഷറഫുദ്ദീൻ തന്നെയാണ്.'കമ്മട്ടിപ്പാടത്തെ' ഗംഗയുടെ പകർന്നാട്ടത്തിലൂടെ, അവാർഡിന്റെ തിളക്കത്തിൽ നിൽക്കുന്ന വിനായകൻ ഇത്തരം ഒരു വേഷം കമ്മിറ്റ് ചെയ്തതും നന്നായി. അവാർഡ് നമ്മുടെ പല മികച്ച നടന്മാർക്കും കമേർഷ്യൽ സിനിമയിൽനിന്നുള്ള പുറത്തേക്കുള്ള വഴിയാണെന്നും മറന്നുപോകരുത്.
ഫഹദിന്റെ അണ്ടർപ്‌ളേ ഈ പടത്തിലും ശരിക്കും വിജയിച്ചിട്ടുണ്ട്. കോളജ് കുമാരന്മാരായും ഈ താരങ്ങളെയൊക്കെ കൊണ്ടുവന്നിട്ടും ആ പ്രായ വ്യത്യാസം ഫീൽ ചെയ്യുന്നില്ല.രണ്ടാം പകുതിയിലെ പല വിരസരംഗങ്ങളും ഫഹദ് ആയതുകൊണ്ട് മാത്രമാണ് പ്രേക്ഷകർ സഹിച്ചത്.'24കാതത്തിലെയും', 'ബാംഗ്‌ളൂർ ഡെയ്‌സിലെയും' നായകനെ ഫഹദ് പലപ്പോഴും ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും, സൂക്ഷ്മാഭിനയത്തിൽ ഗൗതമൻ വേറയാണ്. അതാണ് നുമ്മ പറഞ്ഞ നടന്റെ മിടുക്ക്!
ഫഹദിനെപ്പോലെ ഏതാണ്ട് ഒരു വർഷത്തെ ഗ്യാപ്പിനുശേഷമാണ് നായിക നമിതാപ്രമോദിനെയും മലയാളം സ്‌ക്രീനിൽ കാണുന്നത്. സാധാരണ ശാലീന സുന്ദരിയുടെ സ്റ്റീരിയോ ടൈപ്പുകളിൽ കുടുങ്ങിപ്പോവാറുള്ള ഇവർ, കിടിലൻ മേക്ക്ഓവറുമായി ഗോവൻ സുന്ദരിയായണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്.മറ്റുള്ളവരോട് കട്ടക്കക്ക് കട്ടക്ക് അഭിനയിച്ച് പിടിച്ചുനിൽക്കുന്നുമുണ്ട് നമിത.എതാനും രംഗങ്ങളിലെ ഉള്ളുവെങ്കിലും നടി സിൻഡ്രയും ഈ പടത്തിൽ നന്നായി ചിരിപ്പിക്കുന്നു.മലയാള സിനിമയിലെ അടുത്തകാലത്തെ മികച്ച കണ്ടത്തെലാണ് ഈ നടി.നടന്മാരിൽ വെറുപ്പിച്ചത് നമ്മുടെ രഞ്ജിപ്പണിക്കർ മാത്രമാണ്. കാശു നന്നായി കിട്ടുന്നുണ്ട് എന്നുകരുതി ഒരേതരം വേഷം എത്രകാലം ഒരാൾക്ക് ചെയ്യാൻ കഴിയും. അവസാനമായി ഒന്നാശിച്ചുപോവുന്നു.രണ്ടാംപകുതിയിലെ ചില രംഗങ്ങളിൽ ഒന്നുകൂടി എഡിറ്റ് ചെയ്തിരുന്നെങ്കിൽ.
വാൽക്കഷ്ണം: ഫഹദിന്റെ ചിത്രമെന്നാൽ എന്തോ വലിയ സീരിയസ് സംഭവമാണെന്ന മുൻവിധി പ്രേക്ഷകനുണ്ടെന്ന് തോനുന്നു. ഫഹദ്, റാഫിയുടെ കോമഡി മാസ്പടത്തിൽ വന്നിട്ട് എന്ത് ചെയ്യാനായെന്ന ചോദ്യം സാധാരണക്കാരിൽ മുഴച്ചു നിൽക്കുന്നുണ്ട്. റമദാൻ മാസത്തിന്റെയടക്കം ഒരു മാസത്തെ ഗ്യാപ്പിനുശേഷം വന്ന ഫെസ്റ്റിവൽ മൂഡുള്ള ചിത്രമായിട്ടും തീയേറ്ററിൽ ഈ പടത്തിന് വലിയ ആരവമില്ലാത്തതിന് കാരണം ഒരു പക്ഷേ കനത്ത മഴക്കൊപ്പം ഇതുമായിരിക്കാം. ഒരു വേഷവും തനിക്ക് വഷങ്ങാത്തതല്‌ളെന്ന് പെർഫോമെൻസിലൂടെ ഫഹദ് തെളിയിക്കുന്നുണ്ടെങ്കിലും.ഈ ചാപ്പയടിയിൽനിന്നുള്ള മോചനമായിരക്കണം ഫഹദ് എന്ന നടന് ഇനി വേണ്ടതും.