കീവ്: യുക്രൈനിൽനിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കറെസ്റ്റിലെത്തിയ കേന്ദ്രമന്ത്രിയെ നിർത്തിപ്പൊരിച്ച് റൊമാനിയൻ മേയർ. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് റൊമാനിയൻ നഗരത്തിലെ മേയറിൽനിന്ന് രൂക്ഷവിമർശനം നേരിട്ടത്.കോൺഗ്രസ് പുറത്ത് വിട്ട ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

റൊമേനിയൻ നഗരത്തിൽ എത്തിയ യുക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മേയർ സിന്ധ്യയോട് കയർത്ത് സംസാരിച്ചത്.വിദ്യാർത്ഥികളോട് സംസാരിച്ചുകൊണ്ടിരിക്കവെ, നിങ്ങൾ എപ്പോഴാണ് അവരെ നാട്ടിൽ തിരിച്ചെത്തികുക എന്ന് പറയൂ എന്നാണ് മേയർ വീഡിയോയിൽ പറയുന്നതായി ഉള്ളത്.

എന്നാൽ, എന്ത് പറയണം എന്ന് ഞാൻ തീരുമാനിക്കും, അവിടെ നിൽക്കൂ എന്ന് മറുപടി പറഞ്ഞ മന്ത്രിയോട് നിങ്ങളല്ല, ഞാനാണ് ഭക്ഷണവും വാസസ്ഥലവും കൊടുത്തത് എന്നായിരുന്നു മേയറുടെ മറുപടി.നാട്ടിലെത്തിക്കാനുള്ള നടപടികളെക്കുറിച്ച് സംസാരിക്കൂ എന്ന ആവശ്യപ്പെട്ട മേയറുടെ വാക്കുകളിൽ പ്രകോപിതനായ സിന്ധ്യയുടെ വാക്കുകൾ പരുഷമായതോടെയാണ് മേയർക്ക് മന്ത്രിയോട് കയർത്തു സംസാരിക്കേണ്ടി വന്നത്.

വിദ്യാർത്ഥികൾ കണ്ടുനിൽക്കെ രൂക്ഷസ്വരത്തിലായിരുന്നു മേയറുടെ മറുപടി. 'ഇവർക്ക് അഭയമൊരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തത് ഞാനാണ്. നിങ്ങളല്ല..'' ഇതായിരുന്നു മന്ത്രിക്ക് മേയറുടെ മറുപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ മേയറുടെ പ്രതികരണം വിദ്യാർത്ഥികൾ കൈയടിച്ചു സ്വീകരിക്കുന്നതും കാണാം.

ഇത്തരം നാടകനടന്മാരെ തിരിച്ചുവിളിച്ച് വിദഗ്ധരെയും പണിയറിയുന്ന പ്രൊഫഷനലുകളെയും അയക്കൂവെന്ന് കോൺഗ്രസ് കേരളയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിഡിയോ പങ്കുവച്ച് ആവശ്യപ്പെട്ടു. ഇത് യുദ്ധമേഖലയാണെന്നും നാടകവേദിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും ടാഗ് ചെയ്ത് ട്വീറ്റിൽ സൂചിപ്പിച്ചു.

ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി സിന്ധ്യയടക്കം നാല് മന്ത്രിമാരെ കേന്ദ്ര സർക്കാർ യുക്രൈന്റെ അയൽരാജ്യമായ റൊമാനിയയിലേക്ക് അയച്ചിരുന്നു. ഹർദീപ് പുരി, കിരൺ റിജിജു, വി.കെ സിങ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ള മന്ത്രിമാർ.ഹംഗറി, റൊമേനിയ, മോൾഡോവ, സ്ലോവേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലാണ് ഇവർ ഉള്ളത്.