- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ പൗരത്വം തുണയായി; ലണ്ടനിൽ ആത്മഹത്യ ചെയ്ത കുടുംബത്തിനെ ഇന്ത്യൻ എംബസി നാട്ടിലെത്തിക്കും; അടുത്തയാഴ്ച മൃതദേഹം കേരളത്തിലേക്ക്
ലണ്ടനിലെ ഇന്ത്യൻ എംബസിക്കെതിരെ എക്കാലത്തും അവിടത്തെ മലയാളികൾ പരാതി പറയുക പതിവാണ്. എന്നാൽ ആദ്യമായി അവരൊരു നല്ല കാര്യം ചെയ്തു. ലണ്ടനിൽ ആത്മഹത്യ ചെയ്ത മലയാളി കുടുംത്തിലെ നാലു അംഗങ്ങളുടെയും മൃതദേഹം എല്ലാ ചെലവുകളും ഏറ്റെടുത്ത് ഇന്ത്യൻ ഹൈക്കമ്മീഷൻ നാട്ടിൽ എത്തിക്കും. ആരും സഹായിക്കാനില്ലെങ്കിൽ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്ര
ലണ്ടനിലെ ഇന്ത്യൻ എംബസിക്കെതിരെ എക്കാലത്തും അവിടത്തെ മലയാളികൾ പരാതി പറയുക പതിവാണ്. എന്നാൽ ആദ്യമായി അവരൊരു നല്ല കാര്യം ചെയ്തു. ലണ്ടനിൽ ആത്മഹത്യ ചെയ്ത മലയാളി കുടുംത്തിലെ നാലു അംഗങ്ങളുടെയും മൃതദേഹം എല്ലാ ചെലവുകളും ഏറ്റെടുത്ത് ഇന്ത്യൻ ഹൈക്കമ്മീഷൻ നാട്ടിൽ എത്തിക്കും. ആരും സഹായിക്കാനില്ലെങ്കിൽ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചുമതല ഏറ്റെടക്കുമെന്ന് മരിച്ച കുടുംബത്തിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അവസരോചിതമായ ഇടപെടലോടെ അത്തരം ആവശ്യങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.
ലണ്ടനിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാലംഗ കുടുംബത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഒരാഴ്ചയിലേറെ നീണ്ട അനിശ്ചിതത്തിനാണ് ഒടുവിൽ അന്ത്യമായത്. തൃശൂർ സ്വദേശിയായ രതീഷ്, ഭാര്യ ഷിജി, മക്കളായ നേഹ, നിയ എന്നിവരെയാണ് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലണ്ടനിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ കുടുംബത്തെ നാട്ടിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ തന്നെ മുന്നോട്ട് വന്നതോടെ ഇത് സംബന്ധിച്ചുണ്ടായ സകല ആശയക്കുഴപ്പവും നീങ്ങുക ആയിരുന്നു.
യുകെയിലെ ചില സംഘടനകളും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം സ്വരൂപിക്കാനുള്ള പ്രയത്‌നത്തിൽ പങ്കാളികൾ ആകാം എന്നറിയിച്ചു മുന്നോട്ടു വന്നിരുന്നെങ്കിലും ഇന്ത്യൻ ഹൈ കമ്മീഷന്റെ സമയോചിതമായ ഇടപെടൽ മൂലം പണം സംബന്ധിയായ ബുദ്ധിമുട്ടുകൾ കൂടാതെ മൃതദേഹങ്ങൾ നാട്ടിൽ എത്താൻ ഉള്ള വഴി തെളിയുകയായിരുന്നു. അതിനിടെ ഷിജിയും രതീഷും ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ സഹായിക്കാം എന്ന വാഗ്ദാനം ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നതായി സൂചനയുണ്ട്. മരിച്ച നേഹയും നിയയും പഠിച്ച സ്‌കൂളിലെ കുട്ടികളും പരിചയക്കാരായ ഇംഗ്ലീഷുകാരും ഇപ്പോഴും മലയാളി കുടുംബത്തെ നഷ്ടമായ വേദനയിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ സമീപം പൂക്കൾ അർപ്പിച്ചു ആദരാഞ്ജലി അർപ്പിക്കുകയാണ്.
ഷിജിയുടെയും രതീഷിന്റെയും ബന്ധുക്കൾ സംയുക്തമായി സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചതോടെയാണ് സംഭവത്തിൽ ത്വരിത ഗതിയിൽ എംബസി ഇടപെടാൻ തയാറായത്. മരിച്ച കുടുംബാംഗങ്ങൾ എല്ലാവരും ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ ആണെന്നതും കൈകെട്ടി ഇരിക്കാൻ കഴിയാത്ത സഹാചര്യം ഇന്ത്യൻ ഹൈ കമ്മീഷന് സൃഷ്ടിച്ചു. മലയാളിയായ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ കമ്മീഷണർ രഞ്ജൻ മത്തായി കൂടി പ്രത്യേക താൽപ്പര്യം എടുത്തതോടെ ബുധനാഴ്ച തന്നെ ഇക്കാര്യത്തിൽ ഏകദേശ ധാരണ രൂപപ്പെട്ടിരുന്നു. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ഹൈ കമ്മീഷണറുടെ വെൽഫയർ ഫണ്ടിൽ നിന്നും ഫ്യൂണറൽ ഡയറക്ടർക്ക് പണം നൽകാനും പിന്നീട് ഈ ആവശ്യത്തിനായി ഏതെങ്കിലും തരത്തിൽ എംബസ്സിയിൽ പണം എത്തിച്ചേർന്നാൽ അത് വെൽഫയർ ഫണ്ടിലേക്ക് കൂട്ടിച്ചേർക്കാനും ആണ് ധാരണ.
തുടക്കം മുതൽ എംബസ്സിയിലെ മുതിർന്ന ഉദ്യോഗസ്ഥനും മലയാളിയുമായ തേക്കുമുറി ഹരിദാസും പ്രശനത്തിൽ സജീവമായ ഇടപെടൽ നടത്തിയിരുന്നു. ഇത്തരം ഒരു ശ്രമം ഇന്ത്യൻ ഹൈ കമ്മീഷന്റെ ഭാഗത്ത് നിന്നും ആദ്യമായാണ് ഉണ്ടാകുന്നത്. മുൻപും ഇന്ത്യൻ പാസ്‌പോർട്ട് കൈവശം ഉള്ളവർ അനേകം യുകെയിൽ മരിച്ചിട്ടുണ്ടെങ്കിലും ബന്ധുക്കളും മറ്റും യുകെയിൽ ഉണ്ടെന്ന കാരണത്താൽ സഹായം ലഭിച്ചിരുന്നില്ല. ആ സാഹചര്യങ്ങളിൽ മുൻപൊക്കെയും ബ്രിട്ടീഷ് മലയാളിയാണ് വായനക്കാരുടെ സഹായത്തോടെ മരണമടയുന്നവരുടെ ആശ്രിതരുടെ കണ്ണീർ ഒപ്പാൻ എത്തിയിരുന്നത്. എന്നാൽ ലണ്ടനിലെ കൂട്ടമരണത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈ കമ്മീഷന് സഹായിക്കാമെന്നറിയിച്ചതോടെ ഭാവിയിൽ ആരെങ്കിലും മരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഹൈ കമ്മീഷന് ഇനി കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല എന്നത് വേദനയ്ക്കിടയിലും യുകെ മലയാളികളുടെ നാട്ടിലെ ബന്ധുക്കൾക്കും ആശ്വാസം ആകുകയാണ്. ഭൂരിഭാഗം യുകെ മലയാളികളുടെയും ഉറ്റവരും ഉടയവരും നാട്ടിൽ തന്നെ കഴിയുന്നവരാണ്. ഇത്തരക്കാർക്ക് വേണ്ടി ഇനി കൈത്താങ്ങ് ആകാൻ ഇന്ത്യൻ ഹൈ കമ്മീഷന് ആകും എന്ന പ്രതീക്ഷയാണ് ഇപ്പോൾ ഷിജിയുടെ ബന്ധുക്കളും പങ്കിടുന്നത്.
നിലവിലെ സാഹചര്യത്തിൽ മൃതദേഹങ്ങൾ ഇനി ഒട്ടും വൈകാതെ പൊലീസ് വിട്ടു നൽകും എന്നാണ് പ്രതീക്ഷ. ഇതോടെ രേഖകൾ പൂർത്തിയാക്കി നൽകുന്ന ജോലിയും ഇന്ത്യൻ ഹൈ കമ്മീഷന് തിടുക്കത്തിൽ പൂർത്തിയാക്കും. ശനിയും ഞായറും ബാങ്ക് ഹോളിഡേയ് തിങ്കളും ഒരു പക്ഷെ തടസ്സമായി വീണ്ടും മുന്നിൽ വന്നേക്കാമെങ്കിലും എംബാം ഉപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച എങ്കിലും മൃതദേഹങ്ങൾ നാട്ടിലേക്കു കയറ്റി വിടാം എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ഇതിനിടയിൽ യുകെയിലെ മലയാളി സമൂഹത്തിന് ആദരാജ്ഞലി അർപ്പിക്കുവാൻ ഒരു പക്ഷെ പൊതു ദർശന സമയം അനുവദിക്കുവാൻ കഴിഞ്ഞേക്കില്ല എന്ന സൂചനയും ലഭ്യമാണ്. നാല് മൃതദേഹങ്ങളും ഒന്നിച്ചു തന്നെ ഏറ്റുവാങ്ങി മരണാന്തര കർമ്മങ്ങൾ നിർവ്വഹിക്കുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കുടുംബ അംഗങ്ങൾ വെളിപ്പെടുത്തി.
അതിനിടെ വീട്ടു വഴക്കിനെ തുടർന്ന് നാല് ജീവിതങ്ങൾ ഇല്ലാതായ സാഹചര്യം നിഷ്‌ക്രിയരായി നോക്കി നിൽക്കേണ്ടി വന്ന സാഹചര്യം പ്രാദേശിക കൗൺസിൽ ഭാരവഹികൾക്കും തീരാത്ത വേദനയായി. മരിച്ച ഷിജി തങ്ങളുടെ ജീവനക്കാരി ആയിരുന്നു എന്നത് ലണ്ടനിലെ ഹവേരിങ് കൗൺസിലിനെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി തങ്ങളുടെ കൗൺസിൽ പ്രദേശത്തെ കുടുംബ വഴക്കുകളിൽ പ്രത്യേകം ശ്രദ്ധ നൽകാൻ കൗൺസിൽ തീരുമാനിച്ചു. വീട്ടു വഴക്കിൽ കൗൺസിൽ സഹായം നൽകാം എന്നറിയിക്കുന്ന സന്ദേശങ്ങൾ ഇപ്പോൾ കൗൺസിൽ ട്വീറ്ററിൽ നിരന്തരം പോസ്റ്റ് ചെയ്തു ബോധവൽക്കരണ ശ്രമങ്ങൾ നടത്തുകയാണ് കൗൺസിൽ ടീം. ഇന്ത്യൻ കുടുംബങ്ങൾ പുറമേക്ക് ശാന്തം എങ്കിലും അകത്തു നീറി പുകയുന്ന അഗ്‌നി പർവതങ്ങൾ ആണെന്ന ധാരണയാണ് റോംഫോർഡ് കൂട്ടമരണം ബ്രിട്ടീഷ് സമൂഹത്തിന് സമ്മാനിച്ചിരിക്കുന്നതെന്ന് ഹവേറിങ് കൗൺസിൽ ഇടപെടൽ തന്നെ വ്യക്തമാക്കുന്നു.