കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ റൂം ഫോർ റിവർ പദ്ധതി ഇപ്പോഴും കടലാസ്സിൽ തന്നെയെന്ന് വിവരാവകാശ രേഖ. ഡിപിആർ തയ്യാറക്കുന്നതിന് മുന്നോടിയായി ഹൈഡ്രോഡൈനാമിക് പഠനമാണ് ഐഐടി ചെന്നൈ നടത്തുന്നത്. ഇതു വരെ 81.42 ലക്ഷം ചെലവഴിച്ചതായി വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. 1.38 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഡിപിആറിന് 4.50 കോടി രൂപ.

മാർച്ച് എട്ടിന് നെതർലണ്ട്‌സ് അംബാസിഡർ മാർട്ടെൻ വാൻ-ഡെൻ ബെർഗ്‌സ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം മുഖ്യമന്ത്രി ഇതേ കുറിച്ച് എഫ് ബി പോസ്റ്റും ഇട്ടു. 2018 ലെ പ്രളയത്തിനു ശേഷം നെതർലണ്ട്‌സിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും സഹായങ്ങളും ദുരന്ത നിവാരണ രംഗത്ത് കേരളത്തിനു മുതൽക്കൂട്ടായി മാറിയെന്ന് അഭിപ്രായപ്പെട്ടു. റൂം ഫോർ റിവർ പദ്ധതി കുട്ടനാട് മേഖലയിൽ പ്രളയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്നും ആ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് പദ്ധതിയേ നടപ്പായി തുടങ്ങിയിട്ടില്ലെന്ന വിവരാവകാശ മറുപടിയും കിട്ടുന്നത്.

 കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഇൻലാൻഡ് നാവിഗേഷൻ & കുട്ടനാട് പാക്കേജ്, ആലപ്പുഴ, നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2018-ലെ പ്രളയത്തിനുശേഷം നെതർലാൻഡ്‌സിൽ പോയി കണ്ടുപഠിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് അതേ മാതൃക കേരളത്തിലും നടപ്പാക്കാൻ തീരുമാനിച്ചത്. പ്രാഥമിക പഠനത്തിന്റെ ഭാഗമായി ഇടക്കാല റിപ്പോർട്ട് ജനുവരി 7ന് ഐഐടി ചെന്നൈ സമർപ്പിച്ചിരുന്നു.

വെള്ളപ്പൊക്കം തടയാനുള്ള 'റൂം ഫോർ റിവർ' പദ്ധതിക്കായി വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുമെന്നും കനാലുകളുടെ ആഴവും വീതിയും വർദ്ധിപ്പിച്ചു വെള്ളം സുഗമമായി ഒഴുകുന്നതിന് ആവശ്യമായ ശാസ്ത്രീയ പ്രവർത്തനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.പമ്പ, അച്ചൻകോവിൽ, മണിമല നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ പ്രധാന കാരണം. ഇതിൽ പമ്പ, അച്ചൻകോവിൽ നദികളിലെ ജലം കടലിലേക്ക് പതിക്കുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്.

അംബാസിഡറെ കണ്ട ശേഷം മുഖ്യമന്ത്രി പറഞ്ഞത് റൂം ഫോർ റിവർ പദ്ധതി കുട്ടനാട് മേഖലയിൽ പ്രളയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയെന്ന്; ആ പോസ്റ്റ് വെറും തള്ളെന്ന് തെളിയിച്ച് വിവരാവകാശ മറുപടിയും; റൂം ഫോർ റിവർ പദ്ധതി ഇപ്പോഴും കടലാസ്സിൽ ഒതുങ്ങുമ്പോൾ

കടലിലേക്ക് ജലമൊഴുക്കാൻ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർദ്ധിപ്പിച്ചതിനാൽ ഇത്തവണ പ്രളയ തീവ്രത ഗണ്യമായി കുറഞ്ഞു. വേമ്പനാട്ട് കായൽ മുതൽ മണികണ്ഠനാറ് വരെയുള്ള ചെങ്ങണ്ടയാറിന്റെ ആഴം കൂട്ടി. വെള്ളം കൂടുതൽ കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ 'റൂം ഫോർ വേമ്പനാട്' ഉൾപ്പെടെയുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്.

പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും പദ്ധതി പഠന റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. ഹൈഡ്രോഡൈനാമിക് പഠനത്തിനായി ചെന്നൈ ഐ.ഐ.ടിക്ക് സർക്കാർ കരാർ നൽകിയത് 1.38 കോടി രൂപയ്ക്കാണ്. ഡച്ച് മാതൃക പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും നടത്തിയ നെതർലൻഡ് സന്ദർശനത്തിന് ചെലവായത് 20 ലക്ഷം രൂപയും.

കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രളയം മുന്നിൽ കണ്ടാണ് ഡച്ച് മാതൃകയിൽ റൂം ഫോർ റിവർ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 2019 മെയ് മാസത്തിൽ മുഖ്യമന്ത്രിയും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും അഡീ. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും അടക്കമുള്ള കേരള സംഘം നെതർലൻഡിൽ സന്ദർശനം നടത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 20.85 ലക്ഷം രൂപ. പദ്ധതി നടപ്പിലാക്കണമെങ്കിൽ ഈ പഠന റിപ്പോർട്ട് ലഭിക്കണമെന്നാണ് സർക്കാർ ന്യായം.

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വെള്ളപ്പൊക്ക സമയത്ത് ഉയർന്ന ജലനിരപ്പ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ നദിക്ക് കൂടുതൽ ഇടം നൽകുക എന്നതാണ് റൂം ഫോർ റിവർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 1995 ലെ പ്രളയത്തിന് ശേഷം, ഡച്ച് ഗവൺമെന്റ് ആവിഷ്‌കരിച്ച പദ്ധതിയാണ് റൂം ഫോർ റിവർ. രാജ്യത്ത് പ്രളയം ഉണ്ടാക്കുന്ന പ്രധാന മൂന്ന് നദികളിൽ 30 ഓളം സ്ഥലങ്ങളിൽ അവയ്ക്ക് കൂടുതൽ ഇടം നൽകി പ്രളയം നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഈ പദ്ധതിയിൽ ചെയ്യേണ്ട ചിലകാര്യങ്ങൾ...
1. ഒരു നദിയുടെ പ്രളയ നിരപ്പ് കുറയ്ക്കുക
2.നദിയിൽ ജലം വർദ്ധിക്കുമ്പോൾ അത്യാവശ്യഘട്ടങ്ങളിൽ അവയ്ക്ക് സംഭരണ ഇടങ്ങൾ ഒരുക്കുക
3. നദീതീരങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുക
4. നദികളുടെ സൈഡ് ചാനലുകളുടെ ആഴം കൂട്ടുക
5. നദിക്കായി പ്രളയ ഇടവഴികൾ നിർമ്മിക്കുക.

44 നദികൾ ഉള്ള നാടാണ് കേരളം. ഇതിൽ 36 എണ്ണമെങ്കിലും പ്രളയകാലത്ത് നിറഞ്ഞ് കവിയുന്നുണ്ട്. അവയ്ക്കെല്ലാം ചുറ്റും പ്രളയനിലങ്ങൾ ഉണ്ടാക്കണം. നദിയുടെ അത്രയും നീളത്തിൽ ഡൈക്കുകൾ ( മണ്ണും കല്ലും വച്ചുള്ള മതിൽ) നിർമ്മിക്കണം. ആ പദ്ധതിയാണ് കേരളം ലക്ഷ്യമിട്ടത്.