- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായകുടിക്കാൻ എത്തിയപ്പോൾ പൊലീസ് വളഞ്ഞു; ചെറുത്ത് നിൽപ്പ് കൂടാതെ കീഴടങ്ങി; മുദ്രാവാക്യം വിളിച്ച് ജീപ്പിൽ കയറി; വയനാടൻ കാടുകൾ കേന്ദ്രീകരിച്ച് സായുധ വിപ്ലവത്തിനൊരുങ്ങിയ രൂപേഷിനേയും സംഘത്തേയും കുടുക്കിയത് സംയുക്ത ഓപ്പറേഷൻ
തൃശൂർ: കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായ രൂപേഷിനേയും സംഘാംഗങ്ങളേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത് കേരളാ പൊലീസിന്റെ കൂടെ സഹായത്തോടെ തന്നെ. മാവോയിസ്റ്റ് സംഘടനയിലെ ഭിന്നതകൾ മുതലാക്കി കേരളം വിവരങ്ങൾ ചോർത്തി നൽകി. ദക്ഷിണേന്ത്യയിൽ മാവോവാദികളുടെ വിഹാര കേന്ദ്രമായ ആന്ധ്രാപ്രദേശിൽ നിന്നുള്ള പ്രത്യേക സംഘം ഈ വിവരങ്ങള
തൃശൂർ: കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായ രൂപേഷിനേയും സംഘാംഗങ്ങളേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത് കേരളാ പൊലീസിന്റെ കൂടെ സഹായത്തോടെ തന്നെ. മാവോയിസ്റ്റ് സംഘടനയിലെ ഭിന്നതകൾ മുതലാക്കി കേരളം വിവരങ്ങൾ ചോർത്തി നൽകി. ദക്ഷിണേന്ത്യയിൽ മാവോവാദികളുടെ വിഹാര കേന്ദ്രമായ ആന്ധ്രാപ്രദേശിൽ നിന്നുള്ള പ്രത്യേക സംഘം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടൂതൽ കരുതലോടെ നീങ്ങി. അവിടെ നിന്നും രഹസ്യങ്ങൾ ശേഖരിച്ചു. ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ രൂപേഷും ഭാര്യ ഷൈനയും പിടിയിലായി.
പ്രമുഖ മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും ഉൾപ്പെടെ അഞ്ചംഗ സംഘം കോയമ്പത്തൂരിന് 20 കിലോമീറ്റർ അകലെ കരിമത്തുംപെട്ടിയിൽ വച്ച് ആന്ധ്ര പൊലീസിന്റെ പിടിയിലായി. മലയാളിയായ അനൂപും തമിഴ്‌നാട് സ്വദേശി കണ്ണനും വീരമണി എന്ന ഈശ്വറും പിടിയിലായവരിൽ ഉൾപ്പെടുന്നു. രൂപേഷിനൊപ്പം പിടിയിലായ എല്ലാവരുടെ പേരിലും രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമാണ് രൂപേഷ്. സിപിഐ. മാവോയിസ്റ്റിന്റെ ദക്ഷിണേന്ത്യൻ കമാൻഡറുമാിയുന്നു രൂപേഷ്. കേരളത്തിലെ വനിതാ ഗറില്ലാ വിഭാഗത്തിന്റെ ചുമതലയുള്ളയാളും മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവുമാണ് ഷൈന. ഇവരുടെ നീക്കങ്ങൾ കേരളാ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തണ്ടർ ബോൾട്ട് ഇവരെ പിടിക്കാനുള്ള തന്ത്രങ്ങളും തയ്യാറാക്കി. ഇത് മനസ്സിലാക്കിയാണ് ഇവർ തമിഴ്‌നാട്ടിലേക്ക് കൈമാറിയത്. ഇതും കേരളാ പൊലീസ് തിരിച്ചറിഞ്ഞു. ദക്ഷിണേന്ത്യയിലെ മൂന്ന് പൊലീസ് സേനകൾ ഒരുമിച്ചപ്പോൾ രൂപേഷ് കുടുങ്ങുകയായിരുന്നു. കോയമ്പത്തൂരിനടുത്തു കരുമറ്റംപെട്ടി എന്ന സ്ഥലത്തു ബേക്കറിയിൽ ചായകുടിക്കാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ചെറുത്തു നിൽപ്പുകൾ കൂടാതെ കീഴടങ്ങി. മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കുറച്ചു ദിവസമായി ഈ മേഖലയിൽ ഇവർ ഉണ്ടായിരുന്നതായാണ് സൂചന.
ആഴ്ചകളോളമായി ഇവർ കരിമത്താംപെട്ടിയിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. ഏറെ നാളത്തെ നിരീക്ഷണങ്ങൾക്കുശേഷമാണ് അറസ്റ്റിന് കളമൊരുങ്ങിയത്. പച്ച നിറമുള്ള കാറിൽ പാഞ്ഞെത്തിയ പൊലീസ് സംഘം കടയുടെ ഷട്ടറുകൾ വലിച്ചടച്ച ശേഷം കട വളയുകയായിരുന്നു. ഉടൻ തന്നെ കൂടുതൽ പൊലീസ് സംഘമെത്തി അറസ്റ്റിലായവരെ പീളമേട്ടിലുള്ള ക്യു ബ്രാഞ്ചിന്റെ റൂറൽ ഓഫിസിലേക്ക് കൊണ്ടുവന്നു. കോയമ്പത്തൂർ എസ്‌പി., എം.സുധാകറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു ഇവരെ ക്യു ബ്രാഞ്ച് ഓഫിസിലെത്തിച്ചത്. ഇവരെ ചോദ്യംചെയ്തു വരികയാണ്.
കേരളത്തിൽ മാത്രം ഇരുപതോളം കേസുകൾ രൂപേഷിനെതിരേയുണ്ട്. ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയെ ഒളിവിൽ താമസിപ്പിച്ചതും നിലമ്പൂർ ട്രെയിൻ അട്ടിമറിശ്രമവുമാണ് കേരളത്തിലെ പ്രധാന കേസുകൾ. കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം (ഐ.എസ്.ഐ.ടി) രൂപേഷിനെതിരേ ഏഴ് കേസുകൾ എടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വധിക്കാൻ ശ്രമിച്ച കേസിലും രൂപേഷിന് പങ്കുണ്ടെന്നാണ് സംശയം. ഈ കേസിലാണ് ആന്ധ്ര പൊലീസ് രൂപേഷിനെ പിടിച്ചതെന്നാണ് കേരളാ ഭീകരവിരുദ്ധ സ്‌ക്വാഡ് നൽകുന്ന വിവരം. വയനാടൻ വനാന്തരങ്ങൾ കേന്ദ്രീകരിച്ചു നടന്ന ഒട്ടേറെ മാവോയിസ്റ്റ് ആക്രമണ സംഭവങ്ങളിൽ രൂപേഷ് പ്രതിയാണ്. വയനാട്ടിൽ പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിനു പദ്ധതിയിട്ടതും പൊലീസുകാരനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതും ആദിവാസി കുടിലുകളിലെത്തി ഭീഷണിപ്പെടുത്തിയതും കേസുകളിൽ ഉൾപ്പെടുന്നു.മാരക പ്രഹരശേഷിയുള്ള തോക്കുകളുമായാണ് രൂപേഷ് ഉൾപ്പെട്ട സംഘം കാടുകളിൽ സഞ്ചരിച്ചിരുന്നതെന്ന് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കിയിരുന്നു. പലതവണ തണ്ടർബോൾട്ടും ഭീകരവിരുദ്ധ സ്‌ക്വാഡും രൂപേഷിനെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. ഒരുതവണ ബംഗളുരുവിൽവച്ച് രൂപേഷ് ഉൾപ്പെട്ട സംഘം തലനാരിഴയ്ക്കാണ് ഐ.എസ്.ഐ.ടിയുടെ പിടിയിൽനിന്നു രക്ഷപ്പെട്ടത്.
കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് 2008 ലാണ് രൂപേഷ് ഒളിവിൽ പോയത്. പാലക്കാട്കോയമ്പത്തൂർ അതിർത്തി ഗ്രാമങ്ങളിലെ വനാന്തരങ്ങളിലാണ് രൂപേഷും സംഘവും താമസിക്കുന്നതെന്നായിരുന്നു പൊലീസിന്റെ അനുമാനം. ആദിവാസി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന രൂപേഷിനെയും സംഘത്തെയും പലയിടങ്ങളിലും കണ്ടതായി വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. അടുത്തിടെ ചാനൽ പ്രതിനിധിക്ക് രഹസ്യകേന്ദ്രത്തിൽ അഭിമുഖം നൽകിയിരുന്നു. ജനകീയ പിന്തുണയോടെയുള്ള സായുധ വിപ്ലവത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് അന്ന് രൂപേഷ് പറഞ്ഞത്. കേരളത്തിലെ അടിച്ചമർത്തപ്പെട്ട ജനകീയ സമരങ്ങൾ തങ്ങളേറ്റെടുക്കുമെന്നായിരുന്നു രൂപേഷിന്റെ അവകാശവാദം. അഭിമുഖം പുറത്തുവന്നതിനുപിന്നാലെ രൂപേഷിനെ കുടുക്കാൻ പൊലീസ് ഊർജിത അന്വേഷണം തുടങ്ങി. ഇതിനായി തമിഴ്‌നാട്, ആന്ധ്ര പൊലീസിന്റെയും സഹായം തേടുകയും ചെയ്തു.
കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് രഹസ്യകേന്ദ്രങ്ങളിലിരുന്ന് നേതൃത്വം വഹിച്ചിരുന്ന രൂപേഷിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ട് ഒരു മാസം തികയുമ്പോഴാണ് രൂപേഷ് പിടിയിലാകുന്നത്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ കേന്ദ്രീകരിച്ച് മുമ്പില്ലാത്ത വിധം മാവോയിസ്റ്റ് ഗറില്ലാ വിഭാഗത്തെ ഉത്തേജിപ്പിച്ച് ചെറുതും വലുതുമായ പതിമൂന്ന് ആക് ഷനുകളാണ് ഇവർ നടപ്പിലാക്കിയത്. പൊലീസിന് മുഖാമുഖാമായി നിന്ന് വയനാട്ടിലെ വെള്ളമുണ്ടയിൽ നിറയൊഴിക്കുകയും ചെയ്തിരുന്നു. ഇതിൽ പാലക്കാടും എറണാകുളത്തും നടത്തിയ മൂന്ന് ആക് ഷനുകളുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ആക്രമണങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് ഒളിവിൽ കഴിഞ്ഞിരുന്ന സഖാവെന്നറിയപ്പെട്ട രൂപേഷ് തന്നെയായിരുന്നു. എന്നാൽ കേരളത്തിലെ സംഘടനയിൽ വിള്ളൽ വീണു. അക്രമങ്ങളിൽ നിന്ന് പിന്മാറുന്നതിന്റെ സാധ്യതകൾ രൂപേഷ് തേടി. കേരളം പോലൊരു സംസ്ഥാനത്ത് സായുധ വിപ്ലവത്തിനുള്ള സാധ്യതകൾ ചോദ്യം ചെയ്യപ്പെട്ടു. ഈ ഭിന്നതയിൽ നിന്നുള്ള ഒറ്റികൊടുക്കലാണ് രൂപേഷിനെ കുടുക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാവോവാദികൾ നടത്തിയതായി പറയപ്പെടുന്ന നിരവധി ആക്രമണങ്ങൾക്കിടയിലും അവയുടെ സൂത്രധാരന്മാരിൽ ഒരാളെപ്പോലും പിടികൂടാൻ കഴിയാതിരുന്ന കേരളാ പൊലീസിനും അറസ്റ്റ് ആശ്വാസമാണ്. രൂപേഷടങ്ങുന്ന മാവോയിസ്റ്റുകളുടെ കേരളത്തിലെ പ്രധാന താവളമാണ് വയനാട് എന്ന് പൊലീസ് വൃത്തങ്ങൾ മാസങ്ങൾക്കുമുമ്പേ വ്യക്തമാക്കിയിരുന്നു. തിരുനെല്ലി, കുഞ്ഞോം പ്രദേശങ്ങളിലെ വനമേഖലകളിൽ ഇവർ തമ്പടിക്കുന്നതായും ആദിവാസി കോളനികൾ ലക്ഷ്യമിട്ട് മാവോയിസ്റ്റ് പ്രവർത്തനം വ്യാപിപ്പിക്കുന്നതായും ഇന്റലിജൻസ് അധികൃതർ സൂചന നൽകി. പൊലീസുകാരന്റെ വീട്ടിലത്തെി മാവോയിസ്റ്റുകൾ ബൈക്ക് കത്തിക്കുകയും ചുവരിൽ നോട്ടീസ് പതിക്കുകയും ചെയ്താണ് സായുധ പോരാട്ടം തുടങ്ങിയത്. പിന്നാലെ തിരുനെല്ലിയിലെ അഗ്രഹാരം റിസോർട്ട് അർധരാത്രി ആക്രമണത്തിനിരയായി. േ
മഖലകളിൽ തണ്ടർബോൾട്ടിനെയടക്കം വിന്യസിച്ച് തെരച്ചിൽ വ്യാപകമാക്കിയിട്ടും ഫലമുണ്ടായില്ല. ഒരു വശത്ത് വ്യാപക തെരച്ചിൽ നടക്കുമ്പോഴും തൊട്ടടുത്ത പ്രദേശങ്ങളിലെ കോളനികളിലത്തെി മാവോവാദികൾ ആദിവാസി വിഭാഗങ്ങളുമായി കാര്യങ്ങൾ തിരിക്കി അരിയും ചായപ്പൊടിയും ഉൾപ്പെടെ വാങ്ങി വനത്തിലേക്ക് മറഞ്ഞു. രൂപേഷും സംഘവുമാണ് കോളനികളിൽ വന്നതെന്ന് ആദിവാസികളെ ചോദ്യം ചെയ്ത് ഇത്തരം കേസുകളിൽ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മലപ്പുറത്ത് നിലമ്പൂരിലും പാലക്കാട്ടുമൊക്കെ രൂപേഷ് എത്തി. മലബാർ മേഖലയിലെ കാടുകൾ അരിച്ചു പറക്കിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള തിരുനെല്ലിയിലെ കെ.ടി.ഡി.സി ഹോട്ടൽ അടിച്ചുതകർക്കപ്പെടുന്നത്. സിപിഐ (മാവോയിസ്റ്റ്) പശ്ചിമ ഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിൽ നോട്ടീസും ബാനറുകളും പതിക്കുകയും ലഘുലേഖ വിതറുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ കുഞ്ഞോം ചപ്പ കോളനിക്കടുത്ത വനത്തിൽ 20 പേരടങ്ങുന്ന തണ്ടർബോൾട്ട് സംഘം ആറു പേരടങ്ങിയ മാവോയിസ്റ്റ് സംഘവുമായി ഏറുമുട്ടി. ഇതിന് ശേശം കനത്ത തെരച്ചിലുമായി പൊലീസ് സംഘം കാടുകയറിയെങ്കിലും ഒരു തുമ്പുപോലും കിട്ടിയിരുന്നില്ല. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കും ആറളം വനമേഖല ഉൾപ്പെടുന്ന കണ്ണൂരിലേക്കും നീങ്ങാൻ സൗകര്യമുള്ളതുകൊണ്ടാണ് വയനാടൻ കാടുകളെ മാവോവാദികൾ സുരക്ഷിത താവളമായിക്കരുതുന്നതെന്ന് പൊലീസ് വൃത്തങ്ങൾ നിരീക്ഷിച്ചിരുന്നു. ചപ്പാ കോളനിയിലും കുഞ്ഞോത്തും പൊലീസിന്റെ നിരീക്ഷണം ശക്തമാണെന്ന് അവകാശപ്പെട്ടിരുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ച് കുഞ്ഞോം ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് ആക്രമിക്കപ്പെട്ടത്. ഇതിനുശേഷം കുറച്ചുകാലമായി വയനാട്ടിൽനിന്ന് മാവോയിസ്റ്റ് ആക്രമണ വാർത്തകളുണ്ടായില്ല. ക്വാറികളിൽ ആക്രമണം നടത്തി ആദിവാസികളുടെ മനസ്സിൽ കടന്നകൂടാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഇതോടെയാണ് തന്ത്രങ്ങളെ കുറിച്ച് ഭിന്നത ഉയർന്നത്. തർക്കങ്ങളും ഉണ്ടായി. രൂപേഷിന്റെ നേതൃത്വം പോലും ചിലർ ചോദ്യം ചെയ്തു. പാലക്കാട് കെഎഫ്‌സി ആക്രമണക്കേസിൽ ചിലർ പിടിയിലായതോടെ എല്ലാം കൈവിടുന്ന അവസ്ഥയിലുമെത്തി. ഇത് മുതലെടുക്കാൻ പൊലീസിന് കഴിഞ്ഞു. അതിനാൽ രണ്ടാഴ്ചയായി രൂപേഷിന്റെ നീക്കങ്ങളെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു. അതീവ രഹസ്യമായി കേരളവും തമിഴ്‌നാടും ആന്ധ്രയും വിവരങ്ങൾ പങ്കുവച്ചു. മാവോ ഓപ്പറേഷനിൽ കൂടുതൽ പരിചയമുള്ള ആന്ധ്രാപ്രദേശ് ഇവരെ കുടുക്കാനുള്ള ചുമതല ഏറ്റെടുത്തു. എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നു.
രാമചന്ദ്രന്റേയും സുമയുടേയും മകനായി വാടാനപ്പിള്ളിയിൽ ജനിച്ച രൂപേഷ് നാട്ടിക എസ്.എൻ കോളേജിൽ നിന്ന് ബിരുദവും തുടർന്ന് നിയമ ബിരുദ യോഗ്യതയും നേടി. നിയമബിരുദധാരിയായ ഭാര്യ ഷൈന ഹൈക്കോടതി ജീവനക്കാരിയായിരുന്നു. അങ്കമാലിയിൽ നിന്ന് നക്‌സൽ നേതാവ് മല്ലരാജ റെഡ്ഡി അറസ്റ്റിലായതോടെയാണ് രൂപേഷിന്റെ തീവ്ര ഇടതുപക്ഷ ബന്ധത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. ഇതേതുടർന്ന് ഒളിവിൽ പോയ രൂപേഷും ഷൈനയും പിന്നീട് പിടിയിലാകുന്നതുവരെ മാവോയിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ അനിഷേധ്യ നേതാക്കളായിരുന്നു. സിപിഐ.എം.എല്ലിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർത്ഥി സംഘടനയിലൂടെയാണ് രൂപേഷ് പൊതുരംഗത്തെത്തിയത്. പിന്നീട് ജനശക്തിയിൽ ചേർന്ന് വയനാട്ടിലെ ആദിവാസി മേഖലകളിൽ പ്രവർത്തനം ആരംഭിച്ചു.