മസ്‌ക്കറ്റ്: ബസ്സിനുള്ളിൽ കുടുങ്ങി നാലുവയസ്സുകാരി കഴിഞ്ഞ ദിവസം ശ്വാസം മുട്ടി മരിച്ച സംഭവത്തെ തുടർന്ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ഓൺലൈൻ ക്യാംപെയ്‌നുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി.  കുട്ടികളെല്ലാം പുറത്തിറങ്ങിയെന്ന് വാഹനങ്ങൾ ലോക്ക് ചെയ്യുന്നതിനു മുമ്പ് െ്രെഡവർമാർ ഉറപ്പു വരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ് അവരുടെ ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തു.

ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണെന്നും കഴിഞ്ഞ വർഷം ഇതുപോലെ അപകടത്തിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടി.  കുട്ടികളേയും കൊണ്ട് യാത്ര നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് 30 വർഷമായി മസ്‌കകറ്റിൽ ട്രാസ്‌പോർട്ടർ ആയ എൻ എസ് രാജീവ് പറഞ്ഞു.  രാജീവന്റെ അഭിപ്രായം അനുസരിച്ച് സ്‌കൂൾ ബസ്സുകളിൽ ഒരു അസിസ്റ്റന്റിന്റെ സേവനം അത്യാവശ്യമാണ്. കഴിഞ്ഞ വർഷം ഇതുപോലെ സ്‌കൂൾ ബസ്സിനുള്ളിൽ അകപ്പെട്ട വിദ്യാർത്ഥിനി, ഫീസ് ഫീസ് അടയ്ക്കാൻ വന്ന രക്ഷിതാവ് കണ്ടതു കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു.

പുതിയ മോഡൽ സ്‌കൂൾ ബസ്സുകൾ വാങ്ങാനായി 9.8 മില്ല്യൺ റിയാൽ ധനകാര്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരുന്നു.  സ്‌കൂളുകളുടെ ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട് പഠിക്കാൻ നിയമിച്ച് കമ്മറ്റിയുടെ ശുപാർശയിലാണ് ഇങ്ങനെയൊരു നീക്കം.