കോട്ടയം: തീവ്രമഴയെ തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആദ്യ ഉരുൾ പൊട്ടിയതിനു മണിക്കൂറുകൾക്കകം താൻ അവിടെ നേരിട്ടെത്തി. റോഡ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും വൈകിട്ടോടെ സ്ഥലം എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലിനൊപ്പം കൂട്ടിക്കൽ എത്തി. മന്ത്രി വിഎൻ വാസവനും മന്ത്രി കെ രാജനും ഉദ്യോഗസ്ഥ സംഘവും വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്തു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചതായുള്ള ആരോപണം വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉരുൾപൊട്ടലിലും മഴക്കെടുതിയിലും ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. മഴ മാറി സാഹചര്യം അനുകൂലമായാലും ഉടൻ വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകുന്നത് പരിശോധിക്കും. പ്രളയത്തിൽ നഷ്ടം നേരിട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

നീരൊഴുക്ക് കുറഞ്ഞതു കൊണ്ടാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ അടച്ചത്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കുറഞ്ഞു. അതുകൊണ്ടുതന്നെ പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കാവുന്ന സാഹചര്യമാണ്. അതുവഴി ഡാമിലെ ജലനിരപ്പ് അപകടരഹിതമായ അളവിൽ നിലനിർത്താൻ കഴിയും.

ഒരു ഷട്ടർ 40 സെന്റിമീറ്റർ തുറന്നു വയ്ക്കും. ഇതുവഴി അണക്കെട്ടിലെ ജലനിരപ്പ് നിലനിർത്താനും നിലവിനുള്ളതിനേക്കാളും കുറച്ചു കൊണ്ടുവരാനും കഴിയും. അണക്കെട്ട് അടയ്ക്കുന്നതു കൊണ്ട് ജനങ്ങൾ ആശങ്കപ്പെടേണ്ട. മഴ ശക്തിപ്പെട്ടാൽ വീണ്ടും ഷട്ടർ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.