തിരുവനന്തപുരം: ടാർ ചെയ്താലുടൻ റോഡ് കുഴിക്കുന്ന പരിപാടി ഇനി നടക്കില്ല. റോഡ് കുത്തി പൊളിക്കുന്നത് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പും ജലവിഭവവകുപ്പും ഏകോപിച്ച് പ്രവർത്തിക്കും. റോഡ് അനാവശ്യമായി പൊളിക്കുന്നത് ഒഴിവാക്കാൻ പഠനവും നടത്തും. എന്തൊക്കെ ചെയ്യാനാകുമെന്നത് പഠിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായി സമിതിയെ നിയോഗിച്ചു.

ഈ മാസം 15-ന് സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും അറിയിച്ചു. പുതിയ റോഡുകളുടെ നിർമ്മാണത്തിൽ പൈപ്പുകൾക്കായി പ്രത്യേക ഡക്ടുകൾ നിർബന്ധമാക്കും. ഇതിലൂടെ റോഡ് കുത്തി പൊളിക്കുന്നത് പരമാവധി ഒഴിവാക്കും. വകുപ്പുകളുടെ ഏകോപനത്തിലൂടെ എല്ലാം നടപ്പാക്കാനാണ് തീരുമാനം.

റോഡ് പണിയോ, പൈപ്പിടലോ ആരംഭിക്കുന്നതിനുമുമ്പ് രണ്ടു വകുപ്പുകളും വിവരങ്ങൾ നേരത്തേ അറിയിക്കും. വരുന്ന രണ്ടുവർഷത്തേക്കുള്ള പ്രവൃത്തികൾ ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതി മുൻകൂട്ടി ആലോചിക്കും. സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗിക്കും. ഓരോ പ്രവൃത്തിയും പ്രത്യേക പോർട്ടലിൽ രജിസ്റ്റർചെയ്യും.

ഇരു വകുപ്പുകളുടെയും ഇപ്പോൾ നടക്കുന്ന പ്രവൃത്തികൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇക്കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പ്രസിദ്ധീകരിക്കും. എല്ലാം പൊതുജനങ്ങൾക്കും അറിയാൻ ഖഴിയും. പാലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം ഈ മാസം 15-ന് സമിതി ചർച്ചചെയ്യും.

പൈപ്പ് ലൈൻ അറ്റകുറ്റപ്പണി ഏറ്റെടുക്കുമ്പോൾ കരാറുകാരൻതന്നെ റോഡിന്റെ പുനഃസ്ഥാപനവും നോക്കണം. അറ്റകുറ്റപ്പണിക്കുള്ള കരാർ കാലാവധി നിലനിൽക്കുമ്പോൾ റോഡ് കുഴിക്കേണ്ട സാഹചര്യമുണ്ടായാൽ അത് പൂർവസ്ഥിതിയിലാക്കേണ്ട ചുമതല ബന്ധപ്പെട്ട വകുപ്പ് ഏറ്റെടുക്കുമെന്നാണ് ധാരണ. വിശദ പഠനത്തിന് ശേഷം മാർഗ്ഗ രേഖയിൽ അന്തിമ തീരുമാനം എടുക്കും.

റോഡ് ടാർ ചെയ്ത ശേഷം വിവിധ ആവശ്യങ്ങൾക്ക് പൊളിക്കുന്നത് വലിയ ദുരന്തമായി മാറുന്നുണ്ട്. പല റോഡുകളും പണിത ഉടൻ തന്നെ വീണ്ടും കുണ്ടും കുഴിയുമായി മാറുന്ന സാഹചര്യവുമുണ്ട്. മഴക്കാലമായാൽ പിന്നെ ദുരിതം ഇത് ഇരട്ടിക്കും. ഈ സാഹചര്യത്തിൽ റോഡുകൾ തകരുന്നത് ഒഴിവാക്കാനാണ് ഏകോപനം.