- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പനെ കൊല്ലാക്കൊല ചെയ്യുന്നത് ചങ്ങലയ്ക്കിട്ട്; ഐസുലേഷൻ വാർഡിലുള്ള റൗഫിന് ഭക്ഷണമോ മരുന്നോ പോലും കിട്ടുന്നില്ല; ജയിലിലുള്ള മലയാളിക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് പൊതു സമൂഹം ഇടപെടണമെന്ന് റൗഫിന്റെ കുടുംബവും; പിണറായിയുടെ സഹായം തേടി പോപ്പുലർ ഫ്രണ്ട്
ന്യൂഡൽഹി: ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ കാണാൻ പോയ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്ന തരത്തിലായിരുന്നു. ഈ കേസിൽ മറ്റ് മൂന്ന് മലയാളികൾ കൂടി യുപി പൊലീസിന്റെ പിടിയിലായിരുന്നു. ഇതിൽ എല്ലാവർക്കും യുഎപിഎയും ചുമത്തി. എല്ലാവരും ജയിലിലും. ഇപ്പോൾ സിദ്ദിഖ് കാപ്പന് പിന്നാലെ ഉത്തർപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിലുള്ള റൗഫ് ഷെരീഫിനും ചികിൽസ നിഷേധിക്കുന്നതായി ആരോപണം.
റൗഫിന് കോവിഡ് പോസിറ്റീവ് ആണെന്ന് പോപ്പുലർ ഫ്രണ്ട് നേതൃത്വം പറയുന്നു. നാല് ദിവസമായി ഐസൊലേഷൻ വാർഡിൽ ആണ്. കൃത്യമായ ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല. ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും എത്രയും പെട്ടന്ന് കുടുംബത്തോടൊപ്പം എത്തിച്ചേരുന്നതിനും സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്ന് സംഘടന പറയുന്നു. കേസിൽ അകപ്പെട്ട എല്ലാവരുടേയും ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടുകയാണ് റൗഫിന്റെ കുടുംബവും. സിദ്ധിക് കാപ്പന് വേണ്ടി ഇടപെട്ടതിന് സമാനമായ ഇടപെടൽ.
ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് സംശയിച്ചാണ് ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) ദേശീയ ജനറൽ സെക്രട്ടറിയും കൊല്ലം സ്വദേശിയുമായ കെ.എ. റൗഫ് ഷെരീഫിനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുന്നത്. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ ആരോപിച്ചിരുന്നു. സഹോദരനായ സൽമാൻ ഷെരീഫിന്റെ സഹായത്തോടെ ലാപ്‌ടോപ്പിലും ഐപാഡിലും പെൻഡ്രൈവുകളിലുമുള്ള ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി ഇഡി പറയുന്നു. ഇത്തരം വാദങ്ങളിലൂടെയാണ് റൗഫിന് ജാമ്യം നിഷേധിക്കുന്നത്.
ക്യാംപസ് ഫ്രണ്ട്- പോപ്പുലർ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനായിരുന്നു റൗഫ് എന്നാണ് ആരോപണം. രാജ്യത്ത് വിവിധ ഇടങ്ങളിൽ വർഗ്ഗീയ ലഹളകൾ സൃഷ്ടിക്കാൻ റൗഫിലൂടെ പണം ഒഴുകിയെന്നാണ് ഇഡി സംശയിക്കുന്നത്. കണ്ണൂർ നാറാത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘടിപ്പിച്ച ആയുധപരിശീലനവുമായി ബന്ധപ്പെട്ട് എൻഐഎ കേസെടുത്തിരുന്നു. ഇതിൽ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ഇഡി ഡൽഹി യൂണിറ്റ് പ്രത്യേക കേസെടുത്തു. ഈ കേസിലാണ് രാജ്യം വിടാനൊരുങ്ങിയ കെ.എ. റൗഫ് ഷെരീഫിനെ ഇഡി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. ഹത്രാസ് ബലാത്സംഗ കൊലപാതകത്തെ തുടർന്ന് അവിടെ കലാപം ഉണ്ടാക്കാനും റൗഫ് ശ്രമം നടത്തിയിരുന്നുവെന്ന് സംശയിക്കപ്പെടുന്നു. ഇതോടെ റൗഫ് യുപി പൊലീസിന്റെ കേസിലും പെട്ടു.
റൗഫ് ഷെരീഫിന്റെ അക്കൗണ്ടിൽ കണ്ടെത്തിയത് 2.21 കോടി രൂപയാണ് എന്നാണ് എൻഫോഴ്സ്മെന്റ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. വിദേശത്ത് നിന്നും ഈ അക്കൗണ്ടുകളിലേക്ക് 31 ലക്ഷം രൂപ എത്തിയിട്ടുണ്ട്. റൗഫ് ഷെരീഫ് പിന്നീട് ഈ പണം ക്യാമ്പസ് ഫ്രണ്ട് നേതാവും ട്രഷററുമായ അതീഖുർ റഹ്മാന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്യാമ്പസ് ഫ്രണ്ടിന്റെ പേരിൽ വേറെ ബാങ്ക് അക്കൗണ്ടുണ്ടായിരുന്നില്ലെന്നും, എല്ലാ പണമിടപാടുകളും റൗഫിന്റെ പേരിൽ മാത്രമാണ് നടത്തിയിരുന്നതെന്നും റിമാൻഡ് റിപ്പോർട്ട് ആരോപിക്കുന്നു. പല തവണ സമൻസ് അയച്ചിട്ടും റൗഫ് ഷെരീഫ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഈ ആരോപണങ്ങളാണ് ജാമ്യം നിഷേധിക്കാൻ കാരണം.
സിദ്ദിഖ് കാപ്പനടക്കം നാല് പേരെ ഉത്തർപ്രദേശിലെ മഥുരയിൽ വച്ച് അറസ്റ്റ് ചെയ്ത കേസുമായി ബന്ധിപ്പിച്ചാണ് റിമാൻഡ് റിപ്പോർട്ട് ഇഡി കോടതിയിൽ സമർപ്പിച്ചത്. മഥുരയിൽ നിന്ന് സിദ്ദിഖ് കാപ്പനൊപ്പം യുപി പൊലീസ് അറസ്റ്റ് ചെയ്തത് ഇവരെയാണ്: അതീഖുർ റഹ്മാൻ (ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ), മസൂദ് അഹമ്മദ് (ജാമിയ വിദ്യാർത്ഥി, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ, യുപി സ്വദേശി). റൗഫിന്റെ നിർദേശപ്രകാരമാണ് സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ പോയത് എന്നാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം. ഇതിനായി കാപ്പന് പണം നൽകിയത് റൗഫാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കാപ്പനടക്കം നാല് പേർ പോയത് സാമുദായികസൗഹാർദ്ദം തകർക്കാനായിരുന്നുവെന്ന യുപി പൊലീസിന്റെ എഫ്ഐആറിലെ ആരോപണങ്ങൾ റൗഫിനെതിരേയും ആവർത്തിച്ചിട്ടുണ്ട്. കാപ്പനൊപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് അതീഖുർ റഹ്മാനുമായി അടുത്ത് പ്രവർത്തിച്ചിരുന്നയാളാണ് റൗഫ് ഷെരീഫ് എന്നാണ് ആരോപണം. തേജസ് പത്രത്തിൽ ജോലി ചെയ്തിരുന്ന, അഴിമുഖം എന്ന വെബ്സൈറ്റിന്റെ പ്രതിനിധിയായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് റൗഫ് ഷെരീഫിനെ ഒരു വർഷമായി പരിചയമുണ്ടായിരുന്നു എന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്. എന്നാൽ എല്ലാ ആരോപണവും വ്യാജമാണെന്ന് പോപ്പുലർ ഫ്രണ്ടും പറയുന്നു.