പത്തനംതിട്ട: ആനയും പുലിയും രാജവെമ്പാലയുമിറങ്ങുന്ന കൊടുംകാട്ടിലെ ആളുകേറാ മാമലയിൽ കൊണ്ടുപോയി കോന്നി മെഡിക്കൽ കോളജ് സ്ഥാപിച്ചത് അടൂർ പ്രകാശിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യം കൊണ്ടാണോ? പ്രകാശും സിൽബന്തിയായ പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് നിയോഗിച്ച ബിനാമികൾ ചുറ്റുമുള്ള സ്ഥലമെല്ലാം വാങ്ങിക്കൂട്ടിയതിന് ശേഷമാണ് ആൾക്കാർ എത്താൻ മടിക്കുന്ന നെടുമ്പാറയിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചത് എന്നത് സിപിഎമ്മിന്റെ എക്കാലത്തെയും ആരോപണമാണ്. അത് ശരിവയ്ക്കുന്ന രീതിയിൽ ആരോഗ്യമന്ത്രിയും നിയമസഭയിൽ പ്രതികരിച്ചതോടെ കോന്നി മെഡിക്കൽ കോളജ് എന്ന അടൂർ പ്രകാശിന്റെ സ്വപ്നപദ്ധതി അടുത്തിടെയൊന്നും പച്ച തൊടുന്ന ലക്ഷണമില്ല. മെഡിക്കൽ കോളജ് പൂർത്തിയാക്കണമെങ്കിൽ വേറെ സ്ഥലം വേണ്ടി വരുമെന്നാണ് വകുപ്പു മന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്.

യുഡിഎഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് കോന്നിയിൽ സർക്കാർ മെഡിക്കൽ കോളേജിന് അനുമതി നൽകി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ നെടുമ്പാറയിൽ കൃഷി വകുപ്പിൽ നിന്നും ആരോഗ്യ വകുപ്പ് ഏറ്റെടുത്ത 50 ഏക്കർ സ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 167 കോടിയുടെ ആദ്യ ഘട്ട പണികളുടെ 80 ശതമാനം പൂർത്തിയായ സാഹചര്യത്തിലാണ് വകുപ്പ് മന്ത്രി കെകെശൈലജയുടെ നിയമസഭയിലെ പ്രതികരണം. ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നു പറഞ്ഞ മന്ത്രി രണ്ടാം ഘട്ടത്തിനും തുടർന്നുമുള്ള പ്രവർത്തനങ്ങൾക്ക് വേറെ സ്ഥലം കണ്ടെത്തണമെന്നാണ് നിർദ്ദേശിച്ചത്.

കഴിഞ്ഞ വർഷം താലൂക്ക് ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിന്റെ നിർമ്മാണ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മെഡിക്കൽ കോളേജിന്റെ തുടർ നിർമ്മാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി പറഞ്ഞത് മെഡിക്കൽ കോളേജ് നിർമ്മാണം അശാസ്ത്രീയമാണന്നും, ഇത് പരിഹരിച്ചെങ്കിൽ മാത്രമേ മുന്നോടുള്ള നടപടികൾ സുഗമമായി നടക്കുകയുള്ളൂവെന്നുമാണ്. ഇതിന്റെ കാരണം വ്യക്തമാക്കിയാണ് വ്യാഴാഴ്ച മന്ത്രി മെഡിക്കൽ കോളേജിന് കണ്ടെത്തിയ സ്ഥലത്തിന്റെ ന്യൂനതകൾ ചൂണ്ടിക്കാട്ടിയത്. 50 ഏക്കർ സ്ഥലത്ത് 25 ഏക്കറിൽ മാത്രമേ മനുഷ്യസഞ്ചാരം സാധ്യമാകൂ. ബാക്കി പ്രദേശം ഭീതിജനകമായ ചരിവാണ്. മൂന്നു ലക്ഷം മെട്രിക് ടൺ പാറയോളം പൊട്ടിച്ച് മാറ്റിയാണ് ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പാറ നീക്കുന്നത് വെല്ലുവിളിയാണെന്നും, അടുത്ത ഘട്ടത്തിന് വേറെ സ്ഥലം കണ്ടെത്തണമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ചുരുക്കത്തിൽ ഈ സർക്കാരിന്റെ കാലത്ത് കോന്നി സർക്കാർ മെഡിക്കൽ കോളേജ് പൂർണമായും യാഥാർത്ഥ്യമാകില്ലെന്നു വ്യക്തം.

കോന്നിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തുകയും, ഇവിടെ മെഡിക്കൽ കോളേജിന്റെ ചികിൽസാ വിഭാഗം ആരംഭിക്കുകയും ചെയ്യാനായിരുന്നു നീക്കം. പിന്നീട് ഇത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ ആളുകളെ കൂടി നിയമിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമം നടന്നെങ്കിലും ഡോക്ടർമാരുടെയും, ജീവനക്കാരുടെയും സമരം മൂലം നടപ്പാക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്, തസ്തിക ഉയരുന്നതോടെ തടസപ്പെടുമെന്നതായിരുന്നു പ്രധാന പ്രശ്നം. അധിക ജോലിഭാരം ഏൽക്കേണ്ടി വരുകയും ചെയ്യും.

നിലവിൽ യാത്രാ സൗകര്യങ്ങൾ, കുടിവെള്ളം എന്നിങ്ങനെയുള്ള അസൗകര്യങ്ങൾ നെടുമ്പാറയിലെ മെഡിക്കൽ കോളേജിനെ ദോഷമായി ബാധിക്കുന്നുണ്ട്. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പോലും നടത്തുന്നത്. ഈ വർഷം 50 സീറ്റുകൾ ഇവിടെ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഈ വിദ്യാർത്ഥികൾക്ക് പ്രാക്ടീസ് നടത്തണമെങ്കിൽ നിലവിലെ സാഹചര്യമനുസരിച്ച് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളെ ആശ്രയിക്കേണ്ടി വരും.

കോന്നി മെഡിക്കൽ കോളേജ് അനുയോജ്യമായ സ്ഥലത്തല്ലെന്നുള്ള ആരോഗ്യ മന്ത്രിയുടെ നിയമസഭയിലെ പരാമർശം വസ്തുതകൾ മനസിലാക്കാതെയുള്ളതാണെന്ന് അടൂർ പ്രകാശ് എം എൽ എ കുറ്റപ്പെടുത്തി. മെഡിക്കൽ കോളേജിന്റെ നിർമ്മാണം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിക്കാനിരിക്കെ ഉണ്ടായ ഇത്തരം പരാമർശങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണ്. ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് മന്ത്രിക്ക് നൽകിയിട്ടുള്ളത്. ഇവിടെ സന്ദർശനം നടത്താതെ മന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തിയത് ദുഃഖകരമാണെന്നും അടൂർ പ്രകാശ് എം എൽ എ അഭിപ്രായപ്പെട്ടു.

ഇപ്പോഴും പുലിയും കാട്ടുപന്നിയും രാജവെമ്പാലയും ആനയുമിറങ്ങുന്ന സ്ഥലമാണ് നെടുമ്പാറ. ഇവിടേക്ക് ശരിയായ വഴി പോലുമില്ല. കുടിവെള്ളക്ഷാമം ശക്തമാണ്. ഇവിടേക്ക് പോകുന്ന റോഡിനിരുവശവുമുള്ള സ്ഥലങ്ങളെല്ലാം എന്നേ റിയൽ എസ്റ്റേറ്റ് മാഫിയ കൈപ്പിടിയിൽ ഒതുക്കിയതാണ്. ചുരുക്കിപ്പറഞ്ഞാൽ ബാലികേറാമലയാണ് ഇവിടം. നിർദിഷ്ട മെഡിക്കൽ കോളജിനോട് ചേർന്ന് കേന്ദ്രീയ വിദ്യാലയവും അനുവദിച്ചിട്ടുണ്ട്. ഇവിടെ തന്നെ കെട്ടിടനിർമ്മാണം ആരംഭിക്കുന്നതിന് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു വരുന്നു.