കോഴിക്കോട്: രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുമ്പോഴും വ്യത്യസ്ത പാർട്ടി പത്രങ്ങളിലെ മാധ്യമപ്രവർത്തകർ തമ്മിൽ എന്നും ഒറ്റക്കെട്ടായിരുന്നു. അവർ കെയുഡബ്യുജെ എന്ന സംഘടനയ്ക്ക് കീഴിൽ ഒരുമിച്ച് പ്രവർത്തിച്ചു. ലീഗുകാരന് സിപിഎമ്മുകാരുടെ മർദ്ദനമേറ്റാൽ ദേശാഭിമാനിക്കാരനും ചന്ദ്രികക്കാരനും ഒരുമിച്ച് പ്രതിഷേധിക്കും. ദേശാഭിമാനിക്കാരന് കോൺഗ്രസുകാരന്റെ മർദ്ദനമേറ്റാൽ വീക്ഷണക്കാരനും ദേശാഭിമാനിക്കാരനും ഒരുമിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു മുന്നോട്ട് പോയത്. എന്നാൽ ശബരിമലയും അയ്യപ്പനും സംബന്ധിച്ച വിഷയത്തിൽ പാർട്ടികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്പോൾ, തല്ലുകൊണ്ട പത്രക്കാർക്ക് വേണ്ടി ഒരുമിച്ച് നിന്ന് പോരാടുന്ന കാര്യത്തിൽ മാധ്യമപ്രവർത്തകർക്കിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു.

ശബരിമല പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ ബിജെപിയുടെ ജനം ടി വി മറ്റ് ചാനലുകളെ കടത്തിവെട്ടി റേറ്റിംഗിൽ ബഹുദൂരം മുന്നിലേക്ക് പോയി. ഇവിടെ മറ്റ് മാധ്യമപ്രവർത്തകർ തല്ലുകൊണ്ടപ്പോൾ ജനം ടി വി പ്രവർത്തകർ സുഗമമായി റിപ്പോർട്ടിങ് നടത്തി. ഇതോടെ മാധ്യമ പ്രവർത്തകർ തമ്മിൽ പോലും വാക്പോരുകൾ രൂപപ്പെട്ടു. ഇതിന് തുടർച്ചയായാണ് ശബരിമലയിൽ മാധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഘപരിവാർ നടപടിക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങിയ കേരള പത്രപ്രവർത്തക യൂണിയനെ തള്ളി ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്.

പത്തനംതിട്ടയിൽ കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ പിണറായി ക്ഷേത്രത്തിൽ ഉദ്ദിഷ്ടകാര്യത്തിന് സമർപ്പിക്കുന്ന വഴിപാട് ചടങ്ങിൽ പങ്കെടുക്കാനില്ലെന്ന് പറഞ്ഞുകൊണ്ട് സംഘപരിവാർ അനുകൂല മാധ്യമപ്രവർത്തകരാണ് രംഗത്ത് വന്നിരിക്കുന്നത്. സംഘടനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് സംഘടന തീരുമാനിച്ച പ്രതിഷേധ പരിപാടിയെ തള്ളിക്കൊണ്ട് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ രംഗത്ത് വരുന്നത്. സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടക്കാനിരിക്കെ സംഘടനയിൽ പൊട്ടിത്തെറികൾക്ക് വഴിവെച്ചേക്കാവുന്ന വിധത്തിലാണ് അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുള്ളത്.

ശബരിമല ദർശനവുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തിനെതിരെ മുമ്പെങ്ങും കാണാത്ത ആവേശത്തിൽ നടത്തുന്ന ഈ സമരം വെറും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതും കാപട്യം നിറഞ്ഞതുമാണ്. ചിലരെ സുഖിപ്പിക്കാനുള്ളതുമാണ്. അഞ്ചോ ആറോ സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ഒരുങ്ങുന്നു. ഇതിനൊന്നുമെതിരെ ചെറുവിരൽ അനക്കാത്ത ജനറൽ സെക്രട്ടറിയും അദ്ദേഹത്തിന്റെ അടിമയായ പ്രസിഡന്റും ഇപ്പോൾ സമരവുമായി വരുന്നത് ആരെ സുഖിപ്പിക്കാനാണെന്ന് എല്ലാവർക്കുമറിയാം. ഇതിനാണ് പതിനായിരക്കണക്കിനു രൂപ മുടക്കുന്നതെന്ന് സംഘപരിവാർ അനുകൂല മാധ്യമ പ്രവർത്തകർ പ്രചരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായാണ് ഇവർ ഇക്കാര്യം പ്രചരിപ്പിക്കുന്നത്.

മാസം 15000 രൂപ ശമ്പളം പറ്റുന്ന യൂണിയന്റ ആദ്യ ജനറൽ സെക്രട്ടറിയായ സി. നാരായണന് മറ്റുള്ളവർക്ക് ശമ്പളം കിട്ടിയാലെന്ത്? കിട്ടിയില്ലെങ്കിലെന്ത്? ആൾക്കൂട്ടം നടത്തിയ ആക്രമണത്തെ സർക്കാർ ഭാഷ കടമെടുത്ത് സംഘപരിവാറാണെന്നു വരുത്തി മാധ്യമ പ്രവർത്തകരിലും പൊതു ജനമധ്യത്തിലും പക്ഷം പിടിക്കാൻ യൂണിയൻ നടത്തുന്ന നാടകത്തിനു 'കൂട്ടു നിൽക്കാനാവില്ല. മാധ്യമങ്ങളെ ആക്രമിച്ച ഒരു ആർഎസ്എസുകാരനെയും പിടിച്ചതായി അറിവില്ല. അതേ സമയം മർദ്ദിച്ച പൊലീസിനെതിരെ മിണ്ടുന്നുമില്ല. യൂണിയന് രാഷ്ടീയമില്ലെന്നു പ്രഖ്യപിക്കുകയും നേതാക്കൾ രാഷ്ട്രീയക്കാരുടെ ഏറാൻ മൂളിയാവുകയുമാണ് . ഇനി സംഘപരിവാറിനെതിരെ ആണെങ്കിലും അവരുടെ കൂടെ പണം യൂണിയനിലുണ്ടല്ലോ? ജനവും ജന്മഭുമിയും അവരാണല്ലോ. പമ്പയിൽ ചില മാധ്യമങ്ങളിലെ പ്രവർത്തകരെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിച്ചത് എങ്ങിനെയെന്ന് ആരും പറയുന്നില്ല.

ജനവും കൈരളിയും പോറലേൽക്കാതെ രക്ഷപ്പെട്ടത് യൂണിയൻ അന്വേഷിച്ചോ? മറ്റുള്ളവർക്ക് കിട്ടട്ടെ എന്ന മിണ്ടാ സമ്മതം എന്തേ ആരും കാണുന്നില്ല. കേരളത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത മാധ്യമപ്രർത്തകർക്ക് വിലക്ക് ശബരിമലയിൽ ഏർപ്പെടുത്തിയപ്പോൾ ആദ്യം കോടതിയിൽ പോകേണ്ട യൂണിയൻ, സർക്കാരിനെ ഭയന്നു മിണ്ടാതിരുന്നത് ആരെ സുഖിപ്പിക്കാനാണ്. ലക്ഷക്കണക്കിനു രൂപയുടെ തിരിമറികൾ ചില ജില്ലകളിൽ നടക്കുന്നത ബ്രിട്ടാസിനു പോലും രക്ഷിക്കാനാവാത്ത വിധം കോടതിയിലാവുമ്പോൾ നേതാക്കൾക്കേ മുട്ടിലിഴയുകയേ മാർഗമുള്ളൂ. രക്ഷകരായി ഇറങ്ങിയവരാണല്ലോ ഇപ്പോൾ സമരം സംഘടിപ്പിക്കന്നത്. പണ്ട് ഉമ്മൻ ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും മാണിയേയും ആക്ഷേപിച്ചിട്ടും ലക്ഷങ്ങൾ തന്ന് പിന്നിട് അവർ സഹായിച്ചത് ഓർമ വരുന്നു - പകരം ഇപ്പോൾ കിട്ടുന്നത് എല്ലാവർക്കുമറിയാം.
ഇതിനെക്കാൾ വലിയ പ്രശ്നങ്ങൾ വന്നപ്പോൾ മിണ്ടാട്ടമില്ലാതിരുന്നവർ ഇപ്പോൾ കാണിക്കുന്ന ആവേശം ആരെ സുഖിപ്പിക്കാനാണെന്നു വ്യക്തമാണെന്നും ഇവർ പറയുന്നു.

മാധ്യമ പ്രവർത്തകർക്കിടയിൽ സി പി എം അജണ്ടകൾ നടപ്പാക്കുന്ന ചിലരുണ്ടെന്ന് പറഞ്ഞ് ചില മാധ്യമ പ്രവർത്തകരുടെ ഫോട്ടോകൾ ഉൾപ്പെടെ പ്രവർത്തകർക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാർ സംഘടനകൾ. ഇതിനെത്തുടർന്നാണ് രാഷ്ട്രീയത്തിന്റെ പേരിൽ അവർ പത്രപ്രവർത്തകരുടെ സംഘടനയ്ക്കുള്ളിലും വിള്ളലുണ്ടാക്കാൻ ശ്രമം ആരംഭിച്ചത്. കടക്കൂ പുറത്ത് എന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകർക്ക് നേരെ അലറിയപ്പോൾ ആ വാക്ക് പോലും ഇല്ലാതെ ഒരു എങ്ങും തൊടാത്ത പ്രസ്താവന ഇറക്കിയ നേതാക്കൾ, ചാനലുകാരെല്ലാം അങ്ങേരുടെ വായിൽ മൈക്ക് കൊണ്ടുവച്ചാൽ പിന്നെ അയാൾക്ക് ദേഷ്യം വരില്ലേ എന്ന് രഹസ്യമായി ചോദിച്ചത് തങ്ങൾക്കറിയാമെന്ന് സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്നു.

ഓരോ അടി കിട്ടുമ്പോഴും രാഷ്ട്രീയം നോക്കി പ്രതികരിക്കുന്ന ഷണ്ഡത്വം ഇനിയെങ്കിലും നിർത്തണം' ഏഷ്യാനെറ്റ് ക്യാമറാമാൻ ജയിസനെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയപ്പോൾ അയാളുടെ പേര് പോലുമില്ലാതെയാണ് പ്രസ്താവന ഇറക്കിയത്. മൂന്നാറിൽ മാധ്യമ പ്രവർത്തകരെ ഇടതു പാർട്ടി ആക്രമിച്ചപ്പോൾ അത് ഭൂമാഫിയയായി, ഏഷ്യനെറ്റ് ലേഖകൻ ഷാജഹാനെ സിപിഎം നേതാവ് പി.ജയരാജൻ കരണത്തടിച്ചപ്പോൾ ആരുമറിയാതിരിക്കാൻ നടത്തിയ ശ്രമം എല്ലാവർക്കുമറിവുള്ളതാണ്. അതേസമയം ചെങ്ങന്നൂരിൽ മാതൃഭുമി സംഘത്തെ ആക്രമിച്ചത് സംഘപരിവാർ എന്ന അലറി വിളിച്ച നാരായണനും ഗഫൂറും ശിങ്കിടികളും ജലന്ധറിൽ മലയാളി മാധ്യമ പ്രവർത്തകരെ ബിഷപ്പിന്റെ ഗുണ്ടകൾ തല്ലി തകർത്തപ്പോൾ അറിഞ്ഞതേയില്ല. വർഷങ്ങളായി ഒരു പത്രത്തിന്റെയും പ്രതിനിധിയല്ലാതിരുന്നിട്ടും ഹൈദരാബാദിൽ സി പി എം പാർട്ടി കോൺഗ്രസിൽ പോയി വ്യാജ പാസ് സംഘടിപ്പിച്ചു അകത്തു കയറി നേതാക്കൾക്കു മുന്നിൽ നാരായണൻ ശരണം വിളിച്ചത് കണ്ട മലയാളി മാധ്യമ പ്രവർത്തകർക്ക് ഇപ്പോൾ ഈ കാണിക്കുന്ന ആവേശത്തിൽ അദ്ഭുതമുണ്ടാവില്ലെന്നും ഇവർ പറയുന്നു. ഇതുപോലൊരു കെട്ട കാലം ഈ യൂണിയനുണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കുന്നു. ഏതായാലും എന്നും ഒരുമിച്ച് നിന്ന മാധ്യമ പ്രവർത്തകർക്കിടയിലും ശബരിമലയിലെ സംഭവങ്ങൾ ചേരിതിരിവുണ്ടാക്കിയിരിക്കുകയാണ്