ബംഗലുരു: മോഷണ കേസിൽ അകത്തായ സഹോദരനെ കാണാൻ ജയിലിൽ പതിവായി എത്തിയിരുന്നു സഹോദരി സുഷമ. ഇങ്ങനെ പതിവായുള്ള കൂടിക്കാഴ്‌ച്ചയിലാണ് പൂച്ചരാജ(28)യുമായി പരിചയപ്പെടുന്നത്. നിരവധി കേസുകളിൽ അടക്കം പ്രതിയായ കൊടും കുറ്റവാളി. ക്രമേണ ഈ അടുപ്പം വിവാഹത്തിൽ കലാശിച്ചു. ഇതോടെ ഭർത്താവിന്റെ ക്വട്ടേഷൻ സാമ്രാജ്യത്തിന്റെ അധിപയായി മാറി 25കാരിയായ സുഷമ. ബാംഗ്ലൂരിൽ നിന്നാണ് സിനിമാക്കഥയെ പോലും വെല്ലുന്ന ഈ ക്വട്ടേഷൻ സംഘത്തിന്റെ കഥ പുറത്തുവന്നത്. ബംഗലുരു നഗരം കേന്ദ്രീകരിച്ച് പട്ടാപ്പകൽ നടക്കുന്ന വൻ മോഷണ സംഘത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് 25കാരിയായ സുമ.

രാജയുടെ മോഷണ സംഘത്തെ നയിക്കുന്നതിന്റെ പേരിൽ സുമയെ തേടുകയാണ് പൊലീസ്. ഗുണ്ടയായ സഹോദരൻ കോതി റെഡ്ഡിയെ കാണാനായി പതിവായി എത്തിയതാണ് സുമയെ പൂച്ചരാജുവിൽ ആകൃഷ്ടനാക്കിയത്. എല്ലാം തുടങ്ങിയത് 2011 ലായിരുന്നു. പട്ടാപ്പകൽ മാല മോഷണം നടത്തുന്ന വിവിധ ഗ്യാംഗുകളുടെ തലവനായ രാജ പതിവായി സഹോദരനെ കാണാനായി എത്തിയിരുന്ന സുമയെ ജയിലിൽ വച്ചു തന്നെ പല തവണ കാണുകയും തുടർന്ന ഇരുവരും പ്രണയത്തിൽ ആകുകയും ചെയ്തു. ജയലിൽ വച്ചു തന്നെ പ്രണയം പറയുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ മൂന്ന് വർഷത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയതോടെ രാജ സുമയെ വിവാഹം കഴിച്ചു.

ഗുണ്ടാനേതാവിന്റെ അനുസരണയുള്ള ഭാര്യയായി ജീവിച്ച സുമ പിന്നീട് സാഹചര്യങ്ങൾ കൊണ്ട് ഗ്യാംഗിന്റെ തലൈവിയായി മാറുകയായിരുന്നു. സ്ഥലത്തെ രാഷ്ട്രീയക്കാരൻ രാംനഗരത്തെ കൊലപ്പെടുത്തിയതിന് 2016 ജൂലൈയിൽ ഭർത്താവ് വീണ്ടും ജയിലിലായതോടെയാണ് ഗ്യാംഗിന്റെ ലേഡി ബോസായി സുമക്ക് ഗ്യാംഗിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടി വന്നത്. അഴിക്കുള്ളിൽ നിന്നും രാജ നൽകുന്ന നിർദേശങ്ങൾ അക്ഷരംപ്രതി നടപ്പാക്കുന്ന ആളായി സുമ മാറുകയായിരുന്നു. മോഷണ മുതൽ സൂക്ഷിക്കുക അത് നൽകി പണം വാങ്ങുക, ജോലി ചെയ്യുന്നവർക്ക് ശമ്പളം നൽകുക തുടങ്ങിയവയെല്ലാം ഇപ്പോൾ ചെയ്യുന്നത് സുമയാണ്. അടുത്തിടെ സുമയ്ക്ക് കീഴിലെ എട്ടോളം മോഷ്ടാക്കളെ പിടികൂടിയതോടെയാണ് പൊലീസിന് സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്.

ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് 20 ലക്ഷത്തിന്റെ മോഷണ മുതലാണ്. ഇതിനൊപ്പം തോക്കുകളും കണ്ടെത്തി. എട്ടുപേർ അകത്തായെങ്കിലും അതൊന്നും സുമയുടെ സാമ്രാജ്യത്തെ തകർക്കാൻ പോന്നതല്ല. ഒരാൾ പോയാൽ അടുത്തയാൾ എന്ന രീതിയിൽ മോഷണവും കൊള്ളയടിക്കലും തുടരുന്ന സുമയുടെ സ്വാധീനം പുറത്ത് അതിശക്തമാണെന്ന് പൊലീസ് പോലും പറയുന്നു. 'നൊട്ടോറിയസ് ലേഡി' എന്നാണ് സുമ പൊലീസ് വൃത്തങ്ങളിൽ അറിയപ്പെടുന്നത്. എല്ലാ മോഷണത്തിന് ശേഷവും മുതൽ മോഷ്ടാക്കൾ സുമയെ ഏൽപ്പിക്കും. ജോലിക്കാർ എന്തു പ്രതിഫലം നൽകണമെന്നത് വരെ തീരുമാനിക്കുന്നത് സുമയാണ് പൊലീസ് പറയുന്നു. താമസ സ്ഥലങ്ങൾ മാറിമാറി ഉപയോഗിക്കുന്ന ഇവർ സ്ഥിരമായി ഒരു അഡ്രസ്സ് സൂക്ഷിക്കാറില്ല.

കർണാടകയുടെയും ആന്ധ്രയുടെയും അതിർത്തിയായ ബാഗ്പള്ളിയിലാണ് ഇവർ ഇപ്പോഴുള്ളതെന്നാണ് പൊലീസ് കരുതുന്നത്. എവിടെയായാലും പൊലീസ് എത്തും മുമ്പ് തന്നെ ഇവർ രക്ഷപ്പെട്ടിരിക്കുമെന്ന് പൊലീസ് പറയുന്നു. രാജയുടെ സംഘം സുമയ്ക്ക് കീഴിൽ ഇതിനകം 40 ലധികം മോഷണമാണ് നടത്തിയത്. ജോലിക്കായി നിയോഗിക്കപ്പെടുന്ന ഗ്യാംഗിനെ രണ്ടായി തിരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ഒരു വിഭാഗത്തിന് ലക്ഷ്യമിടുന്ന ഇരയെക്കുറിച്ചും സ്ഥലത്തെ കുറിച്ചുമുള്ള വിവരശേഖരണമാണ് ചുമതല. രണ്ടാമത്തെ സംഘത്തിന് മോഷണവും. മോഷണം നടത്തുന്നതെല്ലാം പട്ടാപ്പകലാണ്. ആൾക്കാർ നോക്കി നിൽക്കേ തന്നെ ആൾക്കാരെ ആക്രമിക്കുകയും മോഷണമുതലുമായി രക്ഷപ്പെടുകയും ചെയ്യും.

ആഗസ്റ്റിൽ സംഘം നടത്തിയ ഒരു മോഷണത്തിൽ 1.5 ലക്ഷമായിരുന്നു ഒരാൾക്ക് നഷ്ടമായത്. 2016 സെപ്റ്റംബറിൽ ഒരു ബിസിനസുകാരനെ കൊള്ളയടിച്ച് ഇവർ കൊണ്ടുപോയത് നാലു ലക്ഷമായിരുന്നു. ബൊമ്മാസന്ദ്ര വ്യവസായ മേഖലയിൽ പണം പിൻവലിച്ച് ഇദ്ദേഹം ബാങ്കിൽ നിന്നും ഇറങ്ങൂമ്പോഴായിരുന്നു സംഘം മോഷണം നടത്തിയത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇലക്‌ട്രോണിക് സിറ്റിയിൽ മറ്റൊരാളെയും അതേമാസം തന്നെ ഒരു സ്വകാര്യ സ്ഥാപന ജീവനക്കാരനെയും കൊള്ളയടിച്ചു. സംഘവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറസ്റ്റിന് പിന്നാലെ സുമയുടെ സഹായത്തിനായി രാജ മറ്റൊരു ഗ്യാംഗിന് രുപം നൽകിയിരികുകയാണ്.