കൊച്ചി: പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് കീഴടങ്ങിയത്. റോയിയുടേയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെ ഒളിവിൽ പോയ റോയ് വലയാട്ട് ഇന്ന് രാവിലെയാണ് കമ്മീഷണറുടെ ഓഫീസിലെത്തിയത്. സൈജു തങ്കച്ചനും ഇന്ന് ഹാജരായേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണം സംഘം റോയ് വയലാട്ടിനായി തിരച്ചിൽ നടത്തിയിരുന്നു. വീടും ഹോട്ടലും കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിയായ അജ്ഞലി റീമാ ദേവ് എന്നിവർക്കെതിരെ കേസെടുത്തത്.

കേസിൽ അജ്ഞലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് റോയിയും സൈജു തങ്കച്ചനും ജാമ്യം തേടി സുപ്രീംകോടതിയിൽ എത്തി. മുൻകൂർ ജാമ്യാപേക്ഷയിൽ ഇടപെടാനാകില്ലെന്നായിരുന്നു സുപ്രിംകോടതി അറിയിച്ചത്.ഇരയുടെ രഹസ്യമൊഴി ഉൾപ്പെടെ പരിശോധിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഈ സാഹചര്യത്തിൽ കേസിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. തുടർന്ന് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇരുവരും പിൻവലിച്ചു
.
ഇരയുടെ പരാതി കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് എതിരേയായിരുന്നുവെന്നും അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും റോയ് വയലാട്ടിന് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ ചൂണ്ടിക്കാട്ടി. എന്നാൽ 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്ന് കോടതി നിരീക്ഷിച്ചു.