- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരായ പരാതിക്കാരെ മുൻ പരിചയമില്ല; ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ആരോപണം ഉന്നയിക്കുന്നവരുടെ ശ്രമം; പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്; ബിസിനസ് മീറ്റിനെന്ന് പറഞ്ഞ് പെൺകുട്ടിയെ എത്തിച്ച അഞ്ജലി വടക്കേപുരയെയും കേസിൽ പ്രതിചേർത്തു
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ പ്രതിയായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെ പരിചയമില്ലെന്നാണ് റോയ് വയലാട്ട് ഹർജിയിൽ പറയുന്നത്. പരാതിക്കാർ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ഹർജിയിൽ ആരോപിക്കുന്നു. റോയ് വയലാട്ട്, സൈജു തങ്കച്ചൻ അടക്കമുള്ള പ്രതികളാണ് ഹർജി സമർപ്പിച്ചത്.
ജോലി വാഗ്ദാനം ചെയ്ത് പ്രതികളിലൊരാളായ അഞ്ജലിയാണ് തങ്ങളെ കൊച്ചിയിൽ കൊണ്ട് വന്നതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകി. നമ്പർ 18 ഹോട്ടലിൽ ബിസിനസ് മീറ്റ് എന്ന് പറഞ്ഞു കൊണ്ടുപോയി. അഞ്ജലി വഞ്ചിച്ചെന്ന് മനസിലായതോടെ രക്ഷപ്പെടുകയായിരുന്നെന്നും മൊഴിയിൽ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് റോയ് വയലാട്ടിനും സുഹൃത്തുക്കൾക്കും എതിരെ പീഡന പരാതിയുമായി അമ്മയും 17 കാരിയായ മകളും പൊലീസിനെ സമീപിച്ചത്. 2021 ഒക്ടോബർ 20 ന് NO. 18 ഹോട്ടലിലെ പാർട്ടി ഹാളിൽ വച്ച് റോയിയും സുഹൃത്തുക്കളും അമ്മയേയും മകളേയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. റോയ് വയലാട്ട് സഹായി ഷൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്.
റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പുറത്ത് പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഫോർട്ട് കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് അസി. കമ്മീഷണറുടെ മേൽനോട്ടത്തിലാവും അന്വേഷണം. പുതിയ കേസ് വന്നതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്. പോക്സോ കേസിൽ അമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. മോഡലുകളുടെ അപകടമരണം സംബന്ധിച്ച കേസിൽ റോയിയും സൈജുവും പ്രതികളാണ്. ഇതുകൂടാതെ സൈജുവിനെതിരേ ലഹരി ഉപയോഗവും ലഹരിയുടെ വ്യാപാരവും സംബന്ധിച്ച് ഏഴ് കേസുകളും വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നവംബർ ഒന്നിന് രാത്രി നമ്പർ 18 ഹോട്ടലിൽ പാർട്ടിക്കുശേഷം മടങ്ങുമ്പോഴാണ് പാലാരിവട്ടം ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറി മോഡലുകൾ മരിച്ചത്. ഹോട്ടലിൽനിന്ന് സൈജു മോഡലുകളുടെ കാറിനെ പിന്തുടരുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് കണ്ടെത്തി. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും, ഇത് റോയിയും ഹോട്ടലിലെ ജീവനക്കാരും ചേർന്ന് നശിപ്പിച്ചിരുന്നു. തെളിവു നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ