മസ്‌കത്ത്:  ജോലി വാഗ്ദാനം ചെയ്തും ഇമെയിൽ അക്കൗണ്ടുകൾ ചോർത്തിയും ബാങ്ക് ഇടപാട് വിവരങ്ങൾ അതീവ രഹസ്യമായി തട്ടിയെടുത്തും വിലസുന്ന ഹൈടെക് കള്ളന്മാർക്കെതിരെ ജാഗ്രത നിർദ്ദേശവുമായി ഒമാൻ പൊലീസ്. ഒമാനിൽ  പ്രവാസികളും സ്വദേശികളും ഉൾപ്പടെ ഒട്ടേറെപ്പേർ ഹൈടെക്ക് തട്ടിപ്പിന് ഇരയാകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പല തട്ടിപ്പ് സംഘങ്ങളുമാണ് ഇത്തരം മോഷണങ്ങൾ നടത്തുന്നത്.

തൊഴിൽ അന്വേഷിക്കുന്നവരാണ് പ്രധാനമായും തട്ടിപ്പിന് ഇരയാകുന്നത്. ഇത്തരം തൊഴിൽ അന്വേഷികൾക്കായി വ്യാജ വെബ്‌സൈറ്റുകൾ തയ്യാറാക്കുക, മറ്റ് സൈറ്റുകളിൽ നിന്നും ഇത്തരം ആളുകളുടെ വിവരങ്ങൾ ശേഖരിക്കുക. ശേഷം ഫോണിലൂടെ ഇവരെ ബന്ധപ്പെടുകയും ഇന്റർവ്യൂ നടത്തി ജോലി തരപ്പെട്ടു എന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക. അതിന് ശേഷം ജോലിക്കായി പണം വാങ്ങുക എന്നിങ്ങനെയൊക്കെയാണ് തട്ടിപ്പ്.

ഇതിന് പുറമെ കെണിയിൽ അകപ്പെടുന്നയാളുടെ ഇമെയിൽ വിവരങ്ങൾ ചോർത്തിയും സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തിയും തട്ടിപ്പ് നടത്തുന്നവരമുണ്ട്. ഈ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭയപ്പെടുത്തി നിയമനടപടികളിൽ നിന്നും വഞ്ചനയ്ക്ക് ഇരയായവരെ പിന്മാറ്റുകയും ചെയ്യുന്നു. അപരിചിതർ ഉൾപ്പടെയുള്ളവർക്ക് വ്യക്തി വിവരങ്ങൾ കൈമാറരുതെന്ന് പൊലീസ് കർശന നിർദേദേശം നൽകുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർ പൊലീസിൽ പരാതിപ്പെടാനും മടിക്കരുത്. പൊലീസ് വ്യക്തമാക്കി.തട്ടിപ്പിന് ഇരയാകുന്നവരിൽ പലരും നാണക്കേട് കൊണ്ട് പൊലീസിൽ പരാതിപ്പെടാൻ പോലും തയ്യാറാകുന്നില്ലെന്ന് റോയൽ ഒമാൻ പൊലീസ് പറയുന്നു.