ന്യൂഡൽഹി: യു പി എ സർക്കാരിൽ ആഭ്യന്തര സഹ മന്ത്രിയായിരുന്ന ആർ പി എൻ സിങ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിൽ പ്രതികരിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. പൂർണമായും വിപരീത പ്രത്യയശാസ്ത്രമുള്ള ഒരു പാർട്ടിയിലേക്ക് മാറാൻ ഭീരുക്കൾക്ക് മാത്രമേ സാധിക്കുവെന്ന് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ് കുറ്റപ്പെടുത്തി.

'ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടം പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ്. ഈ പോരാട്ടത്തിൽ വിജയിക്കണമെങ്കിൽ ധൈര്യശാലിയാകണം. പൂർണമായും വിപരീത പ്രത്യയശാസ്ത്രമുള്ള പാർട്ടിയിലേക്ക് ചേക്കാറാൻ ഭീരുക്കൾക്ക് മാത്രമേ സാധിക്കു' - സുപ്രിയ പറഞ്ഞു.

ഉത്തർപ്രദേശിലെ കോൺഗ്രസ് താരപ്രചാരകനായിരുന്ന ആർപിഎൻ സിങ് പാർട്ടിവിട്ട് ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണ് സുപ്രിയ ശ്രീനേറ്റിന്റെ വിമർശനം. ബിജെപി ആസ്ഥാനത്ത് എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. യുപിയിലെ നേതാക്കളും മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ധർമേന്ദ്ര പ്രധാൻ, അനുരാഗ് ഠാക്കൂർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ആർ പി എൻ സിങിനൊപ്പം യുപിയിലെ രണ്ട് കോൺഗ്രസ് നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ പ്രവൃത്തിയിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് പറഞ്ഞ ആർപിഎൻ സിങ് പാർട്ടിയിൽ അവസരം നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദിയും പറഞ്ഞു. പലരും എന്നെ ബിജെപി യിൽ ചേരണമെന്ന് തന്നെ ഉപദേശിച്ചിരുന്നു. കുറേനാൾ ചിന്തിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത്. യു പിയിൽ യോഗി സർക്കാർ കഴിഞ്ഞ വർഷം ക്രമസമാധാന പാലനത്തിലടക്കം വലിയ മികവ് തെളിയിച്ചുവെന്നും ആർ പി എൻ സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയി ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുകയാണെന്നും ആർ പി എൻ സിങ് പറഞ്ഞു.

32 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു. പക്ഷെ പഴയ പാർട്ടിയല്ല കോൺഗ്രസ് ഇപ്പോഴെന്നും ആർ പി എൻ സിങ് പ്രതികരിച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി. മുന്നൂറിലധികം സീറ്റ് നേടി അധികാരം നിലനിർത്തുമെന്നും ബിജെപിയിൽ ചേർന്നതിന് പിന്നാലെ ആർപിഎൻ സിങ് വ്യക്തമാക്കിയിരുന്നു.

ആർ പി എൻ സിങ് പാർട്ടി വിടുന്നതിൽ സന്തോഷമെന്ന് എം എൽ എ അംബ പ്രസാദ് പ്രതികരിച്ചു. എ ഐ സി സി ഝാർഖണ്ഡിന്റെ ചുമതല നൽകിയിരുന്നത് ആർ പി എൻ സിങിനായിരുന്നു.'ശരത്കാലം വരുന്നതിന് അർത്ഥം വസന്തകാലം വീണ്ടും വരുമെന്നായിരുന്നു യു പി കോൺഗ്രസിന്റെ പ്രതികരണം