- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില സാഹചര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല'; രാജമൗലിയുടെ ആർആർആറും റിലീസ് മാറ്റി; പ്രഖ്യാപനം ഒഫിഷ്യൽ ഹാൻഡിലുകളിലൂടെ
ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വൻ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചിരുന്ന ചിത്രം 'ആർആർആറി'ന്റെ റിലീസ് മാറ്റി. ജനുവരി 7ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്താനിരുന്ന ചിത്രത്തിന്റെ റിലീസാണ് അനിശ്ചിതമായി നീട്ടിയിരിക്കുന്നത്. ഓമിക്രോൺ കേസുകൾ വർധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർമ്മാതാക്കളുടെ തീരുമാനം. നേരത്തെ ഷാഹിദ് കപൂർ നായകനാവുന്ന ബോളിവുഡ് ചിത്രം 'ജേഴ്‌സി'യുടെ റിലീസും നീട്ടിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ചിത്രത്തിന്റെ ഒഫിഷ്യൽ ഹാൻഡിലുകളിലൂടെയാണ് പ്രഖ്യാപനം.
'എല്ലാവരുടെയും നന്മയെക്കരുതി ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. നിരുപാധികമായ സ്‌നേഹത്തിന് ആരാധകരോടും മറ്റ് സിനിമാപ്രേമികളോടും ഞങ്ങളുടെ ആത്മാർഥമായ നന്ദി അറിയിക്കുന്നു. ഞങ്ങൾ കഠിനമായി പരിശ്രമിച്ചെങ്കിലും ചില സാഹചര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. പല ഇന്ത്യൻ സംസ്ഥാനങ്ങളും തിയറ്ററുകൾ അടയ്ക്കുന്ന സാഹചര്യത്തിൽ ഞങ്ങൾക്ക് മറ്റൊരു സാധ്യതയില്ല. ആകാംക്ഷ കാത്തുസൂക്ഷിക്കുക എന്ന് മാത്രമേ നിങ്ങളോട് പറയാനുള്ളൂ. ഇന്ത്യൻ സിനിമയുടെ ഈ യശസ്സിനെ ശരിയായ സമയത്ത് ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും', ആർആർആർ നിർമ്മാതാക്കൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ സിനിമാ തിയറ്ററുകൾ ഡിസംബർ 28ന് അടച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട് അടക്കമുള്ള, ഇടക്കാലത്ത് 50 ശതമാനം പ്രവേശനത്തിൽ കടുംപിടുത്തം പിടിക്കാതിരുന്ന സംസ്ഥാനങ്ങൾ അക്കാര്യം വീണ്ടും കർശനമായി നടപ്പാക്കിത്തുടങ്ങി. മഹാരാഷ്ട്ര കഴിഞ്ഞാൽ ബോളിവുഡ് സിനിമകളുടെ ഏറ്റവും വലിയ മാർക്കറ്റ് ആയ ഡൽഹിയിലെ തിയറ്ററുകൾ അടച്ചതിനാൽ പല ബോളിവുഡ് ചിത്രങ്ങളുടെയും റിലീസ് നീട്ടിയേക്കും.അതേസമയം ജേഴ്‌സി റിലീസ് മാറ്റിയ സമയത്ത് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ആർആർആർ റിലീസ് നീട്ടില്ലെന്ന മറുപടിയാണ് നിർമ്മാതാവ് ഡി വി വി ദനയ്യ നൽകിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ