ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടമേകുന്ന ഗഗൻയാൻ പദ്ധതിക്കായി ഏതാണ്ട് 10,000 കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി നാല് വർഷത്തിനകം അതായത് 2022 ഓടെ മൂന്ന് ഇന്ത്യക്കാർ ബഹിരാകാശത്തെത്തി ചരിത്രം കുറിക്കുമെന്നാണ് റിപ്പോർട്ട്. ആളില്ലാതെ രണ്ട് വിക്ഷേപണത്തിന് ശേഷം ആളുമായി മൂന്നാമൻ എത്തുമ്പോൾ ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്തെ അത്ഭുതം കൂടിയായിത്തീരുമെന്നുറപ്പാണ്. ഐഎസ്ആർഒയുടെ സ്വപ്നം പദ്ധതിക്ക് 9023 കോടി രൂപ അനുവദിച്ചതിലൂടെ കേന്ദ്രസർക്കാർ ഇന്ത്യയുടെ തലവര തന്നെ മാറ്റി വരയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ പട്ടിണി മാറാതെ രാജ്യം ചൊവ്വാദൗത്യത്തിനിറങ്ങിയതിനെതിരെ മുറവിളി കൂട്ടുന്നവർ ഗഗൻയാനിനെതിരയും കുശുമ്പ് കാട്ടുമെന്നുറപ്പാണ്. ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ പദ്ധതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങളാണിവിടെ പ്രതിപാദിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ വച്ചാണ് ഗഗൻയാനിന് ഇത്രയും വലിയ തുക അനുവദിക്കാൻ നിർണായക തീരുമാനമായിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് മുമ്പ് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഗഗൻയാൻ യാഥാർത്ഥ്യമാക്കുന്നത്.

പുതിയ പദ്ധതിയിലേക്ക് ബഹിരാകാശ സഞ്ചാരികളെ കണ്ടുപിടിച്ച് അവർക്ക് മൂന്ന് വർഷത്തോളം ഇതിനായി ട്രെയിനിങ് നൽകുകയെന്നത് ഈ ദൗത്യത്തിന്റെ നിർണായക പ്രക്രിയയാണ്. ഗഗൻയാനിൽ പങ്കെടുക്കാൻ ആർക്കും അപേക്ഷ നൽകാൻ സാധിക്കുമെങ്കിലും പൈലറ്റുമാർക്കായിരിക്കും മുൻഗണനയേകുക. ദൗത്യത്തിന്റെ ഭാഗമായി 400 കിലോമീറ്ററോളം ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലായിരിക്കും ഇതിന്റെ വാഹനം എത്തിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് പേടകം തിരിച്ചിറക്കുന്നത് സമുദ്രത്തിലായിരിക്കും. ജിഎസ്എൽവി മാർക് ത്രീ ഉപയോഗിച്ചായിരിക്കും ഇതിന്റെ വിക്ഷേപണം സാധ്യമാക്കുന്നത്.

ശാസ്ത്ര സാങ്കേതിക മേഖലകളിൽ പുതിയ ഊർജസ്വലതയ്ക്കും മുന്നേറ്റത്തിനും ഗഗൻയാൻ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഈ ദൗത്യത്തിന് ഇറങ്ങുന്നത്. കൃഷി, വൈദ്യശാസ്ത്രം, വ്യവസായ സുരക്ഷ, മലിനീകരണ നിയന്ത്രണം, മൈക്രോ ഗ്രാവിറ്റി, തുടങ്ങി നിരവധി രംഗങ്ങളിലെ പരീക്ഷണങ്ങൾക്കും തുടർ ദൗത്യങ്ങൾക്കും ഇതിലൂടെ വഴിയൊരുങ്ങുമെന്നും സർക്കാർ കണക്ക് കൂട്ടുന്നു.ഈ വർഷം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തിക്കൊണ്ട് രാജ്യത്തിന് നൽകിയ സന്ദേശത്തിൽ ഈ പദ്ധതി നടപ്പിലാക്കുമെന്ന ഉറപ്പ് മോദി നൽകിയിരുന്നു.

ഗഗൻയാനിലൂടെ തുടക്കത്തിൽ മൂന്ന് പേരെ ബഹിരാകാശത്തേക്ക് അയച്ച് ഏഴ് ദിവസം വരെ അവിടെ താമസിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്നലെ ഒരു പ്രസ്താവനയിലൂടെ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുകയാണ്.ഈ ദൗത്യം യാഥാർത്ഥ്യമായാൽ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമാകും. ഇത്രയും വലിയ തുക ഗഗൻയാൻ ദൗത്യത്തിനായി വകയിരുത്തിയതിൽ ഐഎസ് ആർഒ ചെയർമാനായ കെ. ശിവൻ സംതൃപ്തി രേഖപ്പെടുത്തി.

ഗഗൻയാൻ മിഷന്റെ മുന്നോടിയായി ആളില്ലാത്ത ടെസ്റ്റ് ഫ്ലൈറ്റ് 2020 ഡിസംബറിലായിരിക്കും ലോഞ്ച് ചെയ്യുന്നത്. ആളില്ലാത്ത രണ്ടാമത്തെ ടെസ്റ്റ് ഫ്ലൈറ്റ് 2021 ജൂലൈയിലായിരിക്കും ലോഞ്ച് ചെയ്യുന്നത്. തുടർന്ന് 2021 ഡിസംബറിൽ മനുഷ്യനെ വഹിച്ച് കൊണ്ടുള്ള ഫ്ലൈറ്റ് യാത്ര പുറപ്പെടും. ഒരു അഡ്വാൻസ്ഡ് ജിഎസ്എൽവികകക ആയിരിക്കും മൂന്ന് ഗഗൻനട്സുകളെ അഥവാ ബഹിരാകാശ സഞ്ചാരികളെയും വഹിച്ച് കൊണ്ടുള്ള ക്രൂ സർവീസ് മൊഡ്യൂളിനെ (ഓർബിറ്റൽ മൊഡ്യൂളിനെ) ശ്രീഹരിക്കോട്ടയിൽ നിന്നും ബഹിരാകാശത്ത് എത്തിക്കുന്നത്. വിക്ഷേപണം കഴിഞ്ഞ് 16 മിനുറ്റുകൾക്ക് ശേഷം ഈ മൊഡ്യൂൾ ബഹിരാകാശത്തെത്തു.

തുടർന്ന് മൂന്ന് പേരും അവിടെ പര്യവേഷണങ്ങൾ നടത്തും. ഇവരുടെ മടക്ക യാത്രക്കായി ഓർബിറ്റൽ മൊഡ്യൂൾ റീഓറിയന്റ് ചെയ്യപ്പെടുന്നതായിരിക്കും. ബഹിരാകാശ സഞ്ചാരികളും സർവീസ് മൊഡ്യൂളുകളും 120 കിലോമീറ്റർ സഞ്ചരിച്ച് കഴിഞ്ഞാൽ വേർപെടുത്തപ്പെടുകയും സർവീസ് മൊഡ്യൂളുകൾ ഭൂമിയിലേക്ക് തിരിച്ച് വരുകയും ചെയ്യും. ഗുജറാത്ത തീരത്തിനടുത്തുള്ള അറബിക്കടൽ ഭാഗത്തായിരിക്കും ക്രൂ മൊഡ്യൂൾ തിരിച്ച് വീഴുന്നത്. ഏഴ് ദിവസത്തെ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി ഒരു വനിതയുൾപ്പെടെയുള്ള മൂന്ന് ഇന്ത്യൻ സഞ്ചാരികൾ ത്രിവർണ പതാക പുതച്ച പേടകത്തിൽ ഒന്നര മണിക്കൂറിൽ ഒരു തവണ വീതം ശൂന്യാകാശത്ത് ഭൂമിയെ പ്രദക്ഷിണം ചെയ്ത് പരീക്ഷണങ്ങൾ നടത്തുന്നതായിരിക്കും.

ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലായിരിക്കും ഇതിന്റെ സഞ്ചാരം. ഇതിലേക്കുള്ള യാത്രികളെ വ്യോമസേനയും ഐഎസ്ആർഒയും തെരഞ്ഞെടുക്കും. അവർക്ക് ഇന്ത്യയിലും റഷ്യയിലും രണ്ട് വർഷത്തെ പരിശീലനമായിരിക്കം തുടർന്ന് നൽകുന്നത്. ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശർമ ഈ ദൗത്യത്തിന്റെ ഉപദേഷ്ടാവായി വർത്തിക്കും. ഗഗൻയാനിന്റെ മനുഷ്യരില്ലാത്ത രണ്ട് ദൗത്യങ്ങളിൽ നായയോ കുരങ്ങോ ആയ ജീവികളെ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.