ന്യൂഡൽഹി: കള്ളപ്പണം കണ്ടെത്തനൂള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി മോദി ആവർത്തിക്കുന്നതിന്റെ ഫലം ഖണ്ടു തുടങ്ങി. രണ്ട് വിവരങ്ങളിൽ നിന്ന് മാത്രം 13000 കോടി രൂപയാണ് ഖജനാവിലേക്ക് എത്തിയത്.

എച്ച്എസ്‌ബിസിയുടെ ജനീവാ ബാങ്കിൽ 400ഓളം ഇന്ത്യക്കാരാണ് അനധികൃത നിക്ഷേപം നടത്തിയിരുന്നത്. വിവരങ്ങൾ പുറത്തുവന്നതോടെ 8,186 കോടി രൂപയിൽ 5,377 കോടി രൂപ നികുതി പിഴ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. ഈ തുക മാർച്ച് 31ഓടെ ലഭിക്കുകയും ചെയ്തു. സാധാരണ ഇത്തരക്കാർക്ക് സർക്കാർ ഇളവുകൾ അനുവദിക്കുക പതിവാണ്. എന്നാൽ മോദി സർക്കാർ അതിന് തയ്യാറായില്ല. 2013ൽ വാഷിങ്ടണിലെ അന്വേഷണാത്മ പത്രപ്രവർത്തകരുടെ കൺസോർഷ്യം 5000 കോടിയുടെ കണക്കുകൾ പുറത്തു കൊണ്ടുവന്നിരുന്നു. 700 ഇന്ത്യാക്കാരുടെ അക്കൗണ്ട് വിവരങ്ങളായിരുന്നു അത്. ഇതിലും കൃത്യമായ നടപടിയുണ്ടായി. ഈ തുകയും ഖജനാവിലെത്തിക്കഴിഞ്ഞു.

കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഇപ്പോൾ നൽകുന്നത്. പിഴയടത്ത് കള്ളപ്പണത്തെ വെളുപ്പിക്കാം. ഇതിലൂടെ ഖജനാവിലേക്ക് ശതകോടികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. അതിനിടെ വെളിപ്പെടുത്തിയിട്ടില്ലാത്ത സ്വത്തുവിവരം സെപ്റ്റംബർ മുപ്പതിനകം പ്രഖ്യാപിക്കാൻ സർക്കാർ നൽകിയിട്ടുള്ള അവസരം വിനിയോഗിച്ചു പൗരന്മാർ തുടർന്നുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശിച്ചിട്ടുമുണ്ട്. പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാതി'ലാണു മോദി വരുമാനം സ്വയം വെളിപ്പെടുത്താനുള്ള പ്രത്യേക പദ്ധതിയെ പരാമർശിച്ചത്. വരുമാനം പ്രഖ്യാപിച്ചു പിഴയൊടുക്കിയാൽ പലതരത്തിലുള്ള ബാധ്യതകളിൽനിന്നു മോചനം നേടാനാകുമെന്നും മോദി ഉപദേശിച്ചു.

സ്വമേധയാ വെളിപ്പെടുത്തിയാൽ സ്വത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണമുണ്ടാകില്ലെന്നു താൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. സുതാര്യ സമ്പ്രദായത്തിന്റെ ഭാഗമാകാനുള്ള നല്ല അവസരമാണു സർക്കാർ നൽകുന്നത്. സ്വത്ത് സ്വമേധയാ വെളിപ്പെടുത്താത്തവർ സെപ്റ്റംബർ 30നു ശേഷം പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നാൽ സഹായിക്കാൻ ശ്രമിക്കരുതെന്നു ബിജെപി എംപിമാരോടു താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മോദി വെളിപ്പെടുത്തി. രാജ്യത്ത് അൻപതുലക്ഷത്തിനുമേൽ വാർഷിക വരുമാനമുള്ളവർ ഒന്നരലക്ഷം മാത്രമാണെന്ന കണക്കുകൾ ദഹിക്കാൻ പ്രയാസമാണ്. അൻപതുലക്ഷത്തിനുമേൽ വരുമാനമുള്ള ലക്ഷക്കണക്കിനാളുകൾ വൻനഗരങ്ങളിലുണ്ട്. സർക്കാർ കടുത്ത നടപടികളെടുക്കുന്നതിനു മുൻപു ജനങ്ങൾക്ക് ഒരവസരം നൽകുകയാണെന്നും മോദി പറഞ്ഞു.

കള്ളപ്പണം തിരിച്ചു പിടിക്കുമെന്നത് മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അത് എന്ത് വിലകൊടുത്തും നടത്താനാണ് തീരുമാനവും. വിദേശ ബാങ്കുകളുമായി കള്ളപ്പണ നിക്ഷേപം കണ്ടെത്താൻ കേന്ദ്രം ചർച്ച തുടരുകയാണ്. അടിസ്ഥാന സൗകര്യവികസനത്തിന് ഈ തുകയുടെ സാധ്യതകൾ വിനോയിഗിക്കാനാണ് തീരുമാനം. ഇതിനൊപ്പം കള്ളപ്പണത്തിനെതിരായ മുദ്രാവാക്യം വാക്കുകളിൽ മാത്രമൊതുങ്ങിയെന്ന പ്രതിപക്ഷ പ്രചരണത്തെ നേരിടുകയും ചെയ്യാനാണ് ശ്രമം.

സെപ്റ്റംബർ 30 കഴിഞ്ഞാൽ കള്ളപ്പണം കണ്ടെത്താനുള്ള റെയ്ഡുകൾ ആദായ നികുതി വകുപ്പ് ശക്തമാക്കും. കള്ളപ്പണ നിക്ഷേപകരുടെ ഇനിയും വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ കൈയിലുണ്ട്. ഇതെല്ലാം സെപ്റ്റംബറിന് ശേഷം നടപടിക്ക് വിധേയമാക്കാനാണ് നീക്കം.