- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് നോട്ടെണ്ണൽ മെഷീനുകൾ; നീണ്ട 36 മണിക്കൂർ; കാൺപൂരിലെ വ്യവസായിയുടെ വീട്ടിലെ റെയ്ഡ് അവസാനിച്ചു; റെയ്ഡിൽ പിടിച്ചെടുത്തത് 177 കോടിയും നോട്ടെണ്ണൽ മെഷീനുകളും; പിയുഷ് ജെയ്ൻ പണം വക മാറ്റിയെന്നും ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ
ലക്നൗ: സമാജ്വാദി പാർട്ടിയുടെ സുഗന്ധദ്രവ്യ നിർമ്മാണശാലയിൽ നടന്ന റെയ്ഡ് പൂർത്തിയായി.നീണ്ട 36 മണിക്കൂറുകൾക്ക് ശേഷമാണ് റെയ്ഡ് പൂർത്തിയാക്കിയത്. സമാജ്വാദി അനുഭാവിയും വ്യവസായിയുമായ പീയൂഷ് ജെയിൻ ആണ് പാർട്ടിയുടെ പെർഫ്യൂം നിർമ്മാണശാല ഉടമസ്ഥൻ. ഇയാളുടെ ഓഫീസുകളിലും ഗോഡൗണുകളിലുമായിരുന്നു പരിശോധന.വ്യവസായിയിൽ നിന്ന് 177 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂർ എടുത്താണ് റെയ്ഡ് പൂർത്തിയാക്കിയത്.
5 നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത്. കണ്ടെയിനർ ലോറിയിലാണ് ഉദ്യോഗസ്ഥർ പണം കൊണ്ടുപോയത്. പീയൂഷ് ജെയിൻ ഷെൽ കമ്പനികൾ വഴി പണം വകമാറ്റിയെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. വ്യാഴാഴ്ച തുടങ്ങിയ നോട്ടെണ്ണൽ വെള്ളിയാഴ്ച വൈകിട്ടാണ് അവസാനിച്ചത്. ഇതിനായി അഞ്ച് നോട്ടെണ്ണൽ മെഷീനിന്റെ സഹായവും സംഘത്തിന് ആവശ്യമായി വന്നു. വീട്ടിലും ഓഫീസിലുമായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.വീട്ടിലെ രണ്ട് വലിയ അലമാരകളിൽ കറൻസി സൂക്ഷിച്ചിരിക്കുന്നതിന്റെയും ഉദ്യോഗസ്ഥർ പണമെണ്ണുന്നതിന്റെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ഇകഴ്ത്തി കാണിക്കാൻ കേന്ദ്ര ഏജൻസികൾ നേതാക്കളെ വേട്ടയാടുകയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാർട്ടി. ജിഎസ്ടിയുടെ അഹമ്മദാബാദ് ഇന്റലിജൻസ് യൂണിറ്റാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയിരുന്നത്.പിയൂഷ് ജെയിന്റെ കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും കാൺപൂരിലെ വസതിയിൽ നിന്നുമാണ് പണം പിടികൂടിയത്. മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങളും ഇയാളിൽ നിന്നും പിടികൂടി. വീടിന് പുറമേ ഓഫീസിലും കോൾഡ് സ്റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലും പരിശോധന നടത്തി. ഒടുവിൽ കണ്ടെയിനർ എത്തിച്ചാണ് പണം പൊലീസ് ഇവിടെ നിന്നും മാറ്റിയത്. ഇയാളുടെ ഉടമസ്ഥതയിൽ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
കാൺപൂരിലെ ത്രിമൂർത്തി ഫ്രാഗ്രൻസ് പ്രൈവറ്റ് ലിമിറ്റഡും സ്ഥാപനത്തിന്റെ ഓഫീസും കൂടാതെ ട്രാൻസ്പോർട്ട് കമ്പനിയായ ഗണപതി റോഡ് കാരിയേഴ്സിന്റെ ഗോഡൗണും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ത്രിമൂർത്തി പ്രൈവറ്റ് ലിമിറ്റഡാണ് ശിക്കാർ ബ്രാൻഡ് പാന്മസാലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും നിർമ്മാതാക്കൾ. ഇവയുടെ ട്രാൻസ്പോർട്ടേഷൻ ആവശ്യങ്ങൾക്കായാണ് ഗണപതി റോഡ് കാരിയേഴ്സ് പ്രവർത്തിച്ചിരുന്നത്. ട്രാൻസ്പോർട്ടേഷന് ഇടയിലും വൻതുക കമ്പനി വെട്ടിച്ചിരുന്നു എന്നാണ് വിവരം. ഇ-വേ ബില്ലുകൾ ഇല്ലാതെയാണ് ചരക്കുകൾ വിവിധയിടങ്ങളിലേക്ക് കമ്പനി എത്തിച്ചിരുന്നത്.
ഇല്ലാത്ത കമ്പനികളുടെ പേരിൽ വിവിധ ഇൻവോയിസുകൾ തയ്യാറാക്കി ഓരോ ഫുൾ ലോഡിനും 50,000 രൂപ വരെ ഇവർ കൈവശപ്പെടുത്തിയിരുന്നു. ഇ-വേ ബില്ലുകൾ ഒഴിവാക്കുന്നതിലൂടെയാണിത്. റെയ്ഡിനിടെ ഫാക്ടറിയുടെ പുറത്ത് നിന്നും ഇത്തരം ട്രാൻസ്പോർട്ടേഷനായി ഉപയോഗിച്ചിരുന്ന നാല് ട്രക്കുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഗണപതി റോഡ് കാരിയേഴ്സിൽ നിന്നും 200 വ്യാജ ഇൻവോയിസുകളും പരിശോധനയിൽ കണ്ടെത്തി. ജിഎസ്ടി അടയ്ക്കാത്ത ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 1.01 കോടി രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും നിന്നായി കണ്ടെടുത്ത കോടികൾ വലിയ കണ്ടെയ്നറുകളിലായാണ് അന്വേഷണ സംഘം കൊണ്ടുപോയത്. പീയൂഷ് ജെയിനിന്റെ ആനന്ദ്പുരിയിലെ വീട്ടിൽ നിന്നും ലഭിച്ച പണം 21 പെട്ടികളിലാക്കി നിറച്ചാണ് ഉദ്യോഗസ്ഥർ വാഹനങ്ങളിൽ കയറ്റിയത്.
ചിപ്പാട്ടി സ്വദേശിയായ പീയുഷ് ജെയിൻ സുഗന്ധദ്രവ്യ നിർമ്മാണത്തിലൂടെയാണ് ഉപജീവനം ആരംഭിച്ചത്. ഇന്ന് നാൽപതോളം കമ്പനികൾക്ക് ഉടമയാണ്. ഈ വർഷമാണ് സമാജ്വാദി പാർട്ടിയുടെ പെർഫ്യൂം നിർമ്മാണം ജെയിൻ ആരംഭിക്കുന്നത്.സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിനെനാണ് റിപ്പോർട്ടുകൾ. സമാജ്വാദി പാർട്ടിയുടെ പേരിൽ 'സമാജ്വാദി അത്തർ' പുറത്തിറക്കിയതും ജെയിനാണ്. ഇയാളുടെ സഹോദരൻ പമ്മി ജെയിൻ മുതിർന്ന എസ്പി നേതാവാണ്. അതേസമയം പിയൂഷ് ജെയിനുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ