- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് സാമ്പത്തിക പാക്കേജ് 20 ലക്ഷം കോടിയുടേത്; പ്രഖ്യാപനം കഴിഞ്ഞ് ഒക്ടോബർ 31 വരെ വിതരണാനുമതി ലഭിച്ചത് മൂന്ന് ലക്ഷം കോടി രൂപക്ക് മാത്രം; ജനങ്ങളിലേക്ക് എത്തിയത് 1.2 ലക്ഷം കോടി രൂപയും; 17 ലക്ഷം കോടി രൂപ എവിടെയെന്ന ചോദ്യമുയർത്തി വിവരാവകാശ രേഖ; കേന്ദ്രത്തിന്റെ കൺകെട്ട് വിദ്യ പൊളിയുമ്പോൾ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പുനരുദ്ധാരണ പാക്കേജും വെറും ജലരേഖ. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജിൽ ഒക്ടോബർ 31 വരെ വിതരണാനുമതി മൂന്ന് ലക്ഷം കോടി രൂപക്ക് മാത്രമാണ്. ഇതിൽ ജനങ്ങളിലേക്ക് എത്തിയതാകട്ടെ 1.2 ലക്ഷം കോടി രൂപ മാത്രവും. പുനയിലെ ബിസിനസുകാരൻ പ്രഫുൽ സർദക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച പാക്കേജ് എങ്ങുമെത്തിയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് 'ദ ഇകണോമിക്സ് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടിയിൽ വിവിധ സെക്ടറുകളിൽ ചെലവിട്ട തുകയും സംസ്ഥാനങ്ങളിൽ ചെലവിട്ട തുകയുമാണ് പ്രഫുൽ സർദ ആവശ്യപ്പെട്ടത്. ആത്മനിർഭർ ഭാരത് പദ്ധതിയിലെ എമർജൻസി വായ്പാ സ്കീം പ്രകാരം (ഇ.സി.എൽ.ജി.എസ്) ഒക്ടോബർ 31 വരെ മൂന്ന് ലക്ഷം കോടി രൂപ വിതരണം ചെയ്യാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിക്കുകയായിരുന്നു.
അനുമതി നൽകിയ മൂന്ന് ലക്ഷം കോടിയിൽ 1.2 ലക്ഷം കോടി രൂപ മാത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തതെന്ന് പ്രഫുൽ സർദ പറഞ്ഞു. ഇന്ത്യയിലെ 130 കോടി ജനങ്ങളെ പരിഗണിക്കുമ്പോൾ ഒരാൾക്ക് എട്ടു രൂപ നിരക്കിലാവും ഈ തുക. പ്രഖ്യാപിച്ച 20 ലക്ഷം കോടിയിൽ അനുമതി നൽകിയ മൂന്ന് ലക്ഷം കോടി കഴിഞ്ഞുള്ള 17 ലക്ഷം കോടി രൂപ എവിടെയെന്ന് സർദ ചോദിക്കുന്നു. പ്രഖ്യാപിച്ച് എട്ട് മാസം പിന്നിട്ടിട്ടും ഇതിനെ കുറിച്ച് വിവരമില്ല. ഇത് ഇന്ത്യൻ ജനതക്ക് മേലുള്ള മറ്റൊരു തട്ടിപ്പാണോയെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഇ.സി.എൽ.ജി.എസ് സ്കീം പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ലോൺ അനുവദിച്ചത് -14,364.30 കോടി രൂപ. തമിഴ്നാടിന് 12,445.58 കോടിയും ഗുജറാത്തിന് 12,005.92 കോടിയും ലഭിച്ചു. യു.പി, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളാണ് ഇവക്ക് പിന്നാലെയുള്ളത്. ലക്ഷദ്വീപ് (1.62 കോടി), ലഡാക്ക് (27.14 കോടി), മിസോറാം (34.8 കോടി) അരുണാചൽ പ്രദേശ് (38.54 കോടി) എന്നിവയാണ് ഏറ്റവും കുറഞ്ഞ വായ്പ ലഭിച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
കോവിഡ് മഹാമാരിയിൽ രാജ്യം നേരിട്ട മാന്ദ്യത്തെ മറികടക്കുമെന്ന് പ്രഖ്യാപിച്ചാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 20 ലക്ഷം കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ അനുകൂലികൾ പാക്കേജിനെ ഏറെ കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് പിടിമുറുക്കി 10 മാസം പിന്നിട്ടിട്ടും പാക്കേജിന്റെ പത്തിലൊന്ന് തുക പോലും ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ജിഡിപിയുടെ 10 ശതമാനം വരുന്ന പാക്കേജ് എന്നതായിരുന്നു കോവിഡിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ പ്രധാനമന്ത്രി മോദി മുമ്പോട്ട് വച്ച സൂത്രവാക്യം. ആളുകളുടെ കൈയിലേക്ക് പണം എത്തിക്കേണ്ട ആവശ്യകത കേന്ദ്രം തിരിച്ചറിഞ്ഞുവെന്ന് ഏവരും കരുതി. അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്നു. ആദ്യ ദിനം ചെറുകിട-ഇടത്തര വ്യവസായ സ്ഥാപനങ്ങൾക്കായുള്ള പ്രഖ്യാപനം. ഇതിൽ ചില പ്രതീക്ഷയുടെ നാമ്പുകളുണ്ടായിരുന്നു. വായ്പയായി പാവപ്പെട്ടവർക്ക് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷ. എന്നാൽ പ്രഖ്യാപനങ്ങൾ കടന്ന് പോകുമ്പോൾ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തികച്ചും നിരാശപ്പെടുത്തുകയാണ് എന്ന വിമർശനം അന്നേ ഉയർന്നിരുന്നു.
കോവിഡിനുള്ള പാക്കേജ് 20 ലക്ഷം കോടിയെന്ന് പറഞ്ഞ് മോദി ഇന്ത്യാക്കാരെ മുഴുവൻ പറ്റിച്ചുവെന്ന പ്രചരണം അന്നേ ശക്തമായിരുന്നു. പ്രഖ്യാപിച്ചതെല്ലാം കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമെന്ന ആരോപണം ഉയർത്തി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ലോക് ഡൗണിൽ പെട്ട് വലഞ്ഞവർക്ക് സഹായം നൽകാതെ എന്തൊക്കെയോ പ്രഖ്യാപിച്ച് നിർമ്മലാ സീതാരാമൻ രാജ്യത്തെ പോലും കളിയാക്കുകയാണ് എന്നും ആരോപണം ഉയർന്നു.
കോവിഡിന്റെ മറവിൽ രാജ്യത്തെ കൽക്കരിയും ധാതുവിഭവവുംമുതൽ ബഹിരാകാശസാങ്കേതികവിദ്യവരെ സ്വകാര്യകോർപറേറ്റുകൾക്ക് വിൽക്കുന്നുവെന്നതാണ് ഉയരുന്ന ആരോപണം. പ്രതിരോധനിർമ്മാണം, വ്യോമയാനം, ആണവോർജം, വൈദ്യുതിവിതരണം, ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖല വൻതോതിൽ സ്വകാര്യവൽക്കരിക്കുമെന്ന് ആത്മനിർഭർ ഭാരത് പാക്കേജ് വിശദീകരിക്കുന്നു. പ്രതിരോധനിർമ്മാണമേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി. ഇതിലൂടെ പ്രത്യേക അനുമതിയില്ലാതെ നിക്ഷേപം നടത്തി കുറഞ്ഞ ചെലവിൽ ഉൽപ്പാദനം നടത്താനും നേട്ടം കൊയ്യാനും വിദേശകമ്പനികൾക്ക് വഴിയൊരുക്കുകയാണ് കേന്ദ്രം. ഉപഗ്രഹനിർമ്മാണം, വിക്ഷേപണം, ഗോളാന്തര യാത്രകൾ അടക്കമുള്ള ബഹിരാകാശ പദ്ധതികളിൽ സ്വകാര്യപങ്കാളിത്തം അനുവദിക്കും. ഐഎസ്ആർഒ സംവിധാനങ്ങൾ ഉപയോഗിക്കാൻ സ്വകാര്യമേഖലയ്ക്ക് അനുമതി നൽകും.
അടച്ചുപൂട്ടൽ അവസരമാക്കി സമ്പന്നരുടെയും ദേശീയ--വിദേശ മൂലധനശക്തികളുടെയും അജൻഡ സർക്കാർ അടിച്ചേൽപ്പിക്കുന്നത് മനുഷ്യത്വഹീനമാണെന്നാണ് എന്ന ആക്ഷേപവും ഉയർന്നിരുന്നു. ദേശീയ ആസ്തികൾ കൊള്ളയടിക്കുന്നത് സ്വാശ്രയത്വം തകർക്കും. സ്വകാര്യ, വിദേശ കമ്പനികൾക്ക് ദേശീയ സുരക്ഷ അടിയറ വയ്ക്കാൻ കഴിയില്ല. പ്രതിരോധനിർമ്മാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഉയർത്തുന്നത് രാജ്യത്തിന്റെ തന്ത്രപ്രധാനതാൽപ്പര്യങ്ങൾക്ക് വിരുദ്ധമെന്നും അന്ന് വിമർശനം ഉയർന്നു. ഇപ്പോഴിതാ പ്രഖ്യാപനത്തിന്റെ 10 ശതമാനം മാത്രമാണ് നടപ്പായതെന്ന വിവരങ്ങളും പുറത്ത് വരുന്നു.
മറുനാടന് ഡെസ്ക്